Friday 15 March 2024

ഇനിപ്പ്..

ഇനിപ്പ്.

    "പഞ്ചാര ഇത്തിരി തോനെ ഇട്ടോടാ,ഇനിപ്പ് കൂടട്ടെ."അവർ എന്റെ വീടിനെ കളിയാക്കിയതാണ്. അവൻ അവളോട് ചിരിച്ചു.എനിക്കത് സഹിക്കാനായില്ല.ആദ്യം ചൂടുള്ള ചായ ഞാൻ ഒറ്റവലിക്ക് കുടിച്ചു.എന്നിട്ട്‌ അവന്റെ മുഖത്ത് കനത്തിലൊന്ന് പൊട്ടിച്ചു.കഴുത്തിന് പിടിച്ച് തൂണിൽ ചാരിനിർത്തി.പിടിച്ചുമാറ്റാൻ വന്ന അവളെ തള്ളിത്താഴെയിട്ടു.
    "എന്റെ വീടിന്റെ സകല ഇനിപ്പുംകൊണ്ടാണ് നീയൊക്കെ കളിച്ചത്.നല്ല കട്ലമീൻ വെറും വൈക്കോൽ മാതിരി തിന്നിട്ട് വരണതാണ്.ഇത്ര രുചിയില്ലാതെ ഞാനിതുവരെ ആറ്റുമീൻ തിന്നിട്ടില്ല". ഞാൻ പറഞ്ഞതൊന്നും അവർക്ക് മനസിലായിട്ടുണ്ടാകില്ല.ഉള്ളിൽ കൂട്ടിവച്ചതെല്ലാം പറഞ്ഞപ്പോൾ എനിക്കൊരാശ്വാസം.
     ഹോട്ടലിലുള്ള സകലരും ആ രംഗങ്ങൾ കണ്ടു.വിളമ്പുകാരും മുതലാളിയും ആ ഭാഗത്തേക്ക് വരുന്നു.അവന്റെ ചായയിൽ ഞാൻ വിരലിട്ട് നോക്കി, ഇളം ചൂട്.അതവളുടെ മുഖത്തേക്കൊഴിച്ചു. പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ ഭയന്ന് വഴിമാറിത്തരുന്നു.ഞാൻ കുടിച്ച,ചായയുടെ കാശ് കൗണ്ടറിൽ വച്ചു.ഹോട്ടലിന്റെ ഉള്ള് നിശബ്ദമായി.
     ഓട്ടോയ്ക്ക് കൈ നീട്ടി.ബസ്സ്റ്റാൻഡിലേയ്ക്ക് പോകാൻ രണ്ടുവട്ടം പറഞ്ഞിട്ടും സ്റ്റീരിയോയിലെ പാട്ടിന്റെ താളത്തിൽ തലകുലുക്കുന്ന അയാളത് ശ്രദ്ധിച്ചില്ല.അടുത്ത സിനിമാഗാനവും മൂളിക്കൊണ്ട് 'എവിടേക്കെന്ന്' ചോദിച്ചപ്പോൾ ഞാൻ ദേഷ്യപ്പെട്ടു.അയാളുടെ മുഖത്ത് നിരാശയുടെ നിശബ്ദത. എനിക്കത് വേദനിച്ചു.വേഗത കുറഞ്ഞ് ആ ഓട്ടോ തിരക്കിലൂടെ നീങ്ങുന്നു.
     അയാളെ സന്തോഷിപ്പിക്കുന്ന ഒരു പാട്ടും ആ തലയുടെ കുലുക്കവും തിരികെ വരാൻ ഞാനാഗ്രഹിച്ചു.വേഗതയുള്ള തമിഴ്‌ പാട്ട്, അയാളിലതാ തലത്താളം മെല്ലെ ഉണരുന്നു.മിണ്ടാനുള്ള ഒരവസരത്തിനായി എന്റെ കാത്തിരിപ്പ്.ഓട്ടോ ഒരു വലിയ വളവ് കടക്കുന്നു.
     "സാറെന്തരോ കലിപ്പിലാണല്ല"മിണ്ടാനുള്ള അവസരവും അയാൾ തുറന്നു.ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു.കഴിഞ്ഞില്ല,എന്റെ രുചിയും ചിരിയും അവർ കലക്കിക്കളഞ്ഞല്ലോ.നിരാശയോടെ തോളിൽ തൊട്ടു.അയാളെന്നെ തിരിഞ്ഞുനോക്കി.
     "ആരണ്ണാ നിങ്ങക്ക് പണി തന്നത്.ഇക്കാലത്ത് ഒരുത്തരെയും നമ്പാനൊക്കൂലല്ലാ."ഓട്ടോയിലും വേഗത്തിൽ അയാളെന്റെ മനസ് വായിച്ചു.വണ്ടിയുടെ മുന്നിലേക്ക് ഓടിയെത്തിയ ഒരു യുവതിയെ മുട്ടാതിരിക്കാൻ ബ്രേക്കിട്ടു.എന്റെ മുഖം അയാളുടെ ചെവിയോളം ആഞ്ഞുചെന്നു.സംഭവിച്ചതെല്ലാം പറഞ്ഞാലോ.? ഒരു നിമിഷം ഞാൻ ചിന്തിച്ചു.
    "നോക്കിപ്പോ സഹോദരീ..."യുവതിയുടെ തുറിച്ചുനോട്ടവും തെറിപിറുക്കലും.ഞങ്ങൾ രണ്ടാൾക്കും ചിരി വന്നു.പെണ്ണുങ്ങളുടെ ഡ്രൈവിംഗും റോഡ് മുറിച്ചുകടക്കലുമായി ഞങ്ങളുടെ സംസാരം. റോഡിൽ പെണ്ണുണ്ടാക്കിയ അപകടകഥകൾ അയാൾ ചിരി കുഴച്ച് നിർമ്മിക്കുന്നു.
     "ഇന്നാരെ കണികണ്ടാന്താരി,എല്ലാരും മുട്ടൻ കലിപ്പില്ത്തന്നെ.."ഞങ്ങളുടെ ചിരികൾക്ക് ആ ഡയലോഗ് ആക്സിലേറ്റർ കൂട്ടി.ഒപ്പം ഓട്ടോയുടെ വേഗതയും തല കുലുക്കവും കൂടിക്കൂടി വരുന്നു. നിരന്നുനിന്ന തടിയൻ ബസുകളെപ്പേടിച്ച് സ്റ്റാൻഡിന്റെ കവാടത്തിൽ ഓട്ടോ പതുങ്ങി.പണം കൊടുക്കുമ്പോൾ അയാളെന്നെ തൊട്ടു.വിരലിൽ ബോധപൂർവം പിടിച്ചതാണോ..?
     "എന്തുപറ്റി സാറേ..."ഞാൻ ഓട്ടോയുടെ ഉള്ളിലേക്ക് തലയിട്ട് അയാളുടെ തോളിൽ തട്ടി, ചിരിച്ചു.  അത്രയും മതിയായിരുന്നു, ആ മനുഷ്യന് നിറഞ്ഞു.ചിരിയുടെ ഏമ്പക്കവും ബാക്കിയിട്ട് ഓട്ടോയുടെ പോക്ക്.
     നെറ്റിയിൽ നാടിന്റെ പേരുള്ള ബസുകൾ.അതിനുള്ളിലെല്ലാം'വേഗം വീട്ടിലേക്ക് ഓടെന്ന്' മട്ടിലുള്ള ആളുകളുടെ മുഷിഞ്ഞ ഇരിപ്പ്.ഇതില് ഇനി ഇടമില്ല എന്ന പറച്ചിലുള്ള നോട്ടം.ഒന്നിലും എന്റെ നാടിന്റെ പേരില്ല.വരുന്നതിൽ കാണുമെന്ന് പ്രതീക്ഷിച്ച് ഞാൻ പരുക്കൻ സിമന്റ് ബഞ്ചിലിരുന്നു. ഹോട്ടലിൽ പിന്നെന്ത് സംഭവിച്ചിട്ടുണ്ടാകും.?ചിന്തകളെ അല്പദൂരം പിന്നിലേക്കോടിച്ചു.
      ദൂരെ നിന്ന് ഒരു ബസിന്റെ വരവ്.എന്റെ നോട്ടം മറച്ച് മൂക്കിനടുത്തേക്ക് നീട്ടിപ്പിടിച്ച ഭാഗ്യക്കുറി, നിറമില്ലാത്ത ഒരു സ്ത്രീ.വേണ്ടെന്ന് ഞാൻ തലയാട്ടി.ഒന്നെടുക്ക് സാറേന്ന് അവരുടെ പാതിയടഞ്ഞ കണ്ണുകൾ.നാല്പത് ലക്ഷങ്ങളുള്ള ഒന്നെടുത്തു.ഇരുപതിന്റെ മൂന്ന് നോട്ടുകൾ നൂറിന് ബാക്കികിട്ടി. അതിനുള്ളിൽ വച്ച് ലോട്ടറിയെ മടക്കി പോക്കറ്റിലിട്ടു.അടുത്ത നിമിഷം ഭാഗ്യക്കുറിക്കാരി മുന്നിൽ നിന്നും മാഞ്ഞുപോയി.ആൾക്കൂട്ടത്തിന്റെ മാന്ത്രികവിദ്യ.
     വന്നു നിന്ന ബസിന്റെ വാതിലിൽ വലിയ തിരക്ക്.ഡ്രൈവറുടെ സീറ്റിനരികിൽച്ചെന്ന ഒരാൾ ആ ബസ് പോകുന്ന വഴി ചോദിക്കുന്നു.പാതികേട്ട് ആ തിരക്കിലേക്ക് അയാളും ഇടിച്ചു കയറുന്നു. ഓർമ്മകൾ പരതാനാവുന്ന പരുക്കൻ സിമന്റ് ബഞ്ചിൽ ഞാൻ തിരികെ വന്നിരുന്നു.
     അവനുമവൾക്കും എന്റെ വീട്ടിലേക്കുള്ള വഴിതെറ്റാതിരിക്കാൻ കവലയിൽ കാത്തുനിന്ന ദിവസം. അവരെ വരവേൽക്കാൻ എന്റെ വീട് കുളിച്ചൊരുങ്ങി നിന്ന നാളുകൾ.അവരുടെ കറുത്ത കാർ മുറ്റത്തെത്തിയത് കണ്ട് കുതിച്ചുചാടിയ എന്റെ മക്കൾ.
     ചുവപ്പും കറുപ്പും കലർന്ന അവളുടെ മുടിയിലും ഉടുപ്പുകളിലും നോക്കി നിന്ന അമ്മയും ഭാര്യയും. അവന്റെ മിനുസമുള്ള ഉടുപ്പിലും അവളുടെ ഇടുപ്പിലും കൊതിയോടെ നോക്കിയ ഞാൻ.എന്റെ വായ്ക്കുള്ളിൽ പനിയുടെ കയ്പ്പ് ഊറിവന്നു.ഉരുണ്ട ഒരു തൂണിൽ ആരോ മുറുക്കാൻ തുപ്പിയതിന്റെ മുകളിൽ ആ കയ്പ്പിലല്പം ഇറക്കിവച്ചു.      
    അവൻ, ഒപ്പം പഠിച്ചവൻ വായ്പ തന്ന ബാങ്കിന്റെ മാനേജരാണെന്ന് എത്ര പറഞ്ഞിട്ടും എന്റെ ഭാര്യ വിശ്വസിച്ചില്ല.അവനും അവളും കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴും എന്റെ ഭാര്യയുടെ വളഞ്ഞ പുരികത്തിൽ സംശയം ബാക്കിനിന്നു.ഫോണിൽ അവരയച്ച ശബ്ദ സന്ദേശം കേൾപ്പിച്ചു. അവരുടെ ചിത്രങ്ങളും കാണിച്ചു.പട്ടണത്തിനോട് എങ്ങനെ പെരുമാറണമെന്ന് ആ വീടിനെയും, ചെളിക്കാലുമായി മുറ്റത്തു നിന്ന ഞങ്ങളെയും ഭാര്യ ആ നിമിഷം മുതൽ പഠിപ്പിക്കാൻ തുടങ്ങി.
     ഗ്യാരേജിന്റെ ഉള്ളിൽ നിന്നും പേരില്ലാത്ത ക്ഷീണിതനായ ബസ് ഇഴഞ്ഞു വരുന്നു.ദൂരെനിന്നേ ഞങ്ങൾക്ക് തമ്മിൽ മനസിലായി.തിമിരമുള്ള കണ്ണിന്റെ ചിരി.'നീയെന്താ ഇവിടെയെന്ന്' വയസ്സൻ ഹോണിന്റെ സംശയം.മുന്തിയ ഇനം ബസുകളുടെ നിരയിൽ നിന്നുമാറി,മരത്തണലുള്ള ഭാഗത്ത് ആ ബസ് എന്നെ കാത്ത് കിടന്നു.ഉച്ചിയിൽ ഡ്രൈവർ നാടിന്റെ പേരെഴുതിയ ബോർഡ് വച്ചു.
      'വരുന്നോര് വാ ഞാനിപ്പോൾ പോകുമെന്ന്' ഡ്രൈവർക്ക് അഹന്തയുള്ള ഇരുപ്പ്.
      'ഇതെത്ര കണ്ടിരിക്കുന്നുവെന്ന്' ബന്ധുക്കളായ ബസും ഞാനും ചിരിച്ചു.വാതിലിൽ എന്റെ മാത്രം തിരക്ക്.
     "കുഴിയില് വീണ് കുറുക്ക് നോവും,നീ നടുക്കോട്ട് ചെന്നിരി."ബസിന് എന്റെ ശരീര'ഭാഷ'യുമറിയാം. സീറ്റിലെ പൊടിയിൽ തൂവാല വിരിച്ചു.ഷട്ടർ ഉയർത്തി കൊളുത്തിട്ടു.മുള്ളലിന്റെ മണമുള്ള കാറ്റ് കയറിവന്നു.ബസിന്റെ വയറ്റിൽ ദഹിക്കാത്ത ഞാൻ മാത്രം.എനിക്ക് പുളിച്ചുതികട്ടി.
    ഇത്തിരി ഭാരമുള്ള ആരെങ്കിലും കയറിവരാനുണ്ടോയെന്ന് ഡ്രൈവർ തിരിഞ്ഞുനോക്കി.'ഇല്ല, പോകാമെന്ന്' കണ്ടക്ടറുടെ മണിയടി.
    പിന്നിലേക്ക് നീങ്ങിയ ബസിനെ സ്വർണനിറവും ഉയരവുമുള്ള ആഡംബര ബസ് തടഞ്ഞു.
ചില്ലിട്ട് തണുപ്പിച്ച് വച്ചിരിക്കുന്ന വിലകൂടിയ യാത്രികർ ഞങ്ങളെ 'നിൽക്കെടാന്ന്' തുറിച്ചു നോക്കി. മുള്ളലിന്റെ മണത്തിനും അവരുടെ മുഷ്‌കിനും വായിലെത്തിയ പുളിപ്പ് ഞാൻ ഛര്ദ്ദിച്ചു.
    ടിക്കറ്റിനുള്ള തുക എടുത്തപ്പോൾ ഭാഗ്യക്കുറിയുടെ ദിനം വെറുതേ നോക്കി.നിറമില്ലാത്ത ആ സ്ത്രീ മാജിക്ക് കാണിച്ചതിന് മതിയായ കാരണമുണ്ട്.ഒരു ദിവസം മുന്നേ ഭാഗ്യ പരീക്ഷണത്തിൽ പരാജയപ്പെട്ട ടിക്കറ്റാണത്.വെറും നിർഭാഗ്യക്കുറി.ആൾക്കൂട്ടത്തിൽ അവരെ തിരഞ്ഞു. സീറ്റിനടിയിലേക്ക് ടിക്കറ്റിനെ ചുരുട്ടിയിട്ടു.അതു കണ്ട ഉറക്കം ചിരിയോടെ എന്റെ തൊട്ടടുത്തിരുന്നു. എന്നെ മടിയിൽ ഉറപ്പിച്ചിരുത്തി ബസ് മുതുകിൽ താരാട്ട് തട്ടിത്തട്ടി വീട്ടിലേക്കോടാൻ തുടങ്ങി.
    അന്ന്,അവർക്കായി കാത്തുനിന്ന ഇടം മുതൽ വീടുവരെ കാറിനുള്ളിൽ എന്റെ വിയർപ്പ് മണവും കലർന്നു.ചില്ലുവാതിൽ തുറന്നിറങ്ങിയ എന്നെക്കണ്ട് ഇളയ കുട്ടിയുടെ കണ്ണുകൾ വിരിഞ്ഞു.അവൾ ഇളയ കുട്ടിയുടെ കവിളിൽ തൊട്ടു.കുട്ടിക്ക് നാണം.നഗരത്തിലെ രുചികൾ പൊതിഞ്ഞു വച്ചിരുന്ന സഞ്ചി അവൻ മൂത്തകുട്ടിയ്ക്ക് നീട്ടി.കുട്ടികൾ അതുമായി അടുക്കളയിയിൽ ഒളിച്ചു.
മിഠായിക്കവറുകളുടെ പൊട്ടിച്ചിരികൾ കേൾക്കുന്നു.
    അവർ എന്റെ അമ്മയ്ക്ക് കൊടുത്ത പൊതികളിൽ എന്തായിരുന്നു..? വിലകൂടിയ മേക്കപ്പ് സെറ്റ് കുട്ടികളിൽ നിന്ന് ഒളിപ്പിക്കാൻ ഇടമില്ലാതെ സങ്കടപ്പെട്ട ഭാര്യയെ ഞാൻ കളിയാക്കി.ഇത്രയും വലിയ കൂട്ടുകാരുള്ള ഞാനൊരു കേമനാണെന്ന് ഭാര്യയുടെ കണ്ണുകൾ തുറന്നു സമ്മതിക്കുന്നു.
    ചെരുപ്പിട്ട് വീട്ടിനുള്ളിൽ നടന്നതിന് എന്നെ ശകാരിച്ച അമ്മ,അവനോട് ഷൂസ് അഴിക്കരുതെന്ന് പറയുന്നു.ചെരുപ്പഴിച്ചു തുടങ്ങിയ അവളോട് 'ഇട്ടോളൂന്ന്' ഭാര്യയും സമ്മതിക്കുന്നു.വീടിന് അവരുടെ മണമായി.ഭാര്യ ഒളിപ്പിച്ചു വച്ചിരുന്ന നനുത്ത വിരികൾ സെറ്റിയിൽ പൂത്ത് കിടക്കുന്നു.തീൻ മേശയിലെ വെള്ളം നിറച്ച ജാറ് ഞങ്ങളുടെ കല്യാണത്തിന് കിട്ടിയതാണ്.തെളിയിക്കരുതെന്ന് ഇളയ കുട്ടിക്കും നിയന്ത്രണമുള്ള കളർ ബൾബുകൾപോലും കത്തിനിൽക്കുന്നു.   
     അടുക്കളയിലെ മണമുള്ള രുചികൾ അവരെ എത്തിനോക്കി.ഞങ്ങളുടെ കിടപ്പുമുറി അവർക്കുവേണ്ടി വേഷംമാറിയിട്ടുണ്ട്.ഞാനഴിച്ചിട്ടിരുന്ന മുഷിപ്പൻ മുണ്ടും തോർത്തും മക്കളുടെ മുറിയിലെ അയയിൽ ചെന്നുവീണത്,മക്കൾ അമ്മയുടെ മുറിയ്ക്കുള്ളിലിരുന്ന് തർക്കിക്കുന്നത് ഭാര്യയുടെ മാസ്റ്റർ പ്ലാനാണ്.അവരെ ആ കിടപ്പുമുറിയിലേക്ക് കയറ്റിവിടാൻ ഭാര്യക്ക് തിടുക്കം.
    ഭാര്യയുടെ മുടിക്കറുപ്പിനെ അവളും,അവളുടെ മുടിച്ചുവപ്പിനെ ഭാര്യയും തൊട്ടുനോക്കുന്നു. അത്രയും ഭംഗിയുള്ള ദമ്പതികളുടെ കിടപ്പോർത്ത് പഴഞ്ചൻ കട്ടിലുകൾക്ക് നാണവും പരവേശവും. ഞാൻ അതിന്റെ ഇളകാത്ത കാലുകളിൽ ഒളിച്ചുനോക്കി.
   കാറിന് ചുറ്റും കൗതുകമൊളിപ്പിച്ചു നടക്കുന്ന കുട്ടികൾ.അമ്മ അവരെ കാറിന്റെ 'ഭയങ്കരൻ വില' ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നു.പൊടിയുള്ള ഭാഗത്ത് ഇളയകുഞ്ഞിന്റെ വിരല് എ,ബി,സിയെഴുതി. വെള്ളമൊഴിച്ചു കഴുകിയിട്ട് ഞാൻ വഴക്കിന്റെ കണ്ണുരുട്ടി.കുട്ടി കരച്ചിലിന്റെ കുളക്കരയിൽ.
    അവൻ കാറിന്റെ വാതിലുകൾ കുട്ടികൾക്ക് തുറന്നിട്ടു.അവന്റെ ബനിയനിൽ എഴുതിയിരുന്ന വാക്ക് കൂട്ടിവായിക്കാൻ മൂത്തകുട്ടിയുടെ ശ്രമം.അതേ ബനിയനും മുക്കാൽ ജീൻസുമിട്ട അവളെ ഭാര്യ തൊട്ടുനോക്കുന്നു.ഉള്ളിലേക്ക് കയറാൻ മടിച്ച ഇളയ കുട്ടിയെ അവൻ സീറ്റിലേക്ക് ക്ഷണിച്ചു.  കാലിലെ ചെളി മുണ്ടിൽ തുടച്ച് കുട്ടിയെ ഞാനെടുത്ത് ഉള്ളിലിരുത്തിക്കൊടുത്തു.പോകാമെന്ന് കുട്ടികളും തിടുക്കപ്പെട്ടു.
     അവളും അമ്മയും ഭാര്യയും ടീവിയുടെ മുന്നിലാണ്.അവരുടെ സംസാരങ്ങളാണ് ഉയർന്നു നിൽക്കുന്നത്.ടീവിയുടെ വായ റിമോട്ട് വഴി പൊത്തിപ്പിടിച്ചിട്ടുണ്ട്.ഷാമ്പുവിന്റെ പരസ്യം,അതിലെ പെണ്ണിന്റെ മുടിയ്ക്കും ചുവപ്പുനിറം.അമ്മയോട് ചേർന്നിരിക്കുന്ന അവൾ.അമ്മ മുടിയിൽ വിരലോടിക്കുന്നു.ഭാര്യയ്ക്ക് അസൂയ തോന്നിയോ.?പുറത്തേക്കിറങ്ങിപ്പോയ കാറിനുള്ളിൽ,മക്കൾ അയൽക്കാരിക്ക് കൈവീശലിന്റെ പൂത്തിരി കത്തിക്കുന്നു.
    ബസിനുള്ളിൽ അടിച്ചുവാരാൻ കയറിയ തണുപ്പൻ കാറ്റ് ഞാനിരുന്ന് ഉറങ്ങിപ്പോയത് കണ്ടു. 'ഇറങ്ങുന്നില്ലേടാന്ന്?'ചെവിയിൽ മൂളി.അടുത്തിരുന്ന് യാത്രചെയ്ത ഉറക്കം എന്റെ മടിയിൽക്കയറി ഇരിക്കുന്നു.ചുരുട്ടിയിട്ട നിർഭാഗ്യക്കുറിയെ കാറ്റ് എടുത്തോണ്ട് പോയി.
      അവർ വന്നുപോയതിന് ശേഷമുണ്ടായ സംഭവങ്ങൾ എന്റെ ഉറക്കമാണ് ഏറ്റവും കവർന്നത്. അമ്മയോടുപോലും അവർ ഫോണിൽ പ്രതികരിക്കാതെ വന്നപ്പോൾ നേരിൽ കാണാനാഗ്രഹിച്ച് ആരോടും പറയാതെ നഗരത്തിലേക്ക് ഇന്ന് പകൽ പുറപ്പെട്ടതാണ്. 
     വയറൊഴിഞ്ഞ ബസിൽ ദഹിക്കാത്ത ഞാൻ ബാക്കി.അടുത്ത പകൽ പുറപ്പെട്ടാൽ മതിയെന്ന് ബസിനും അലസത.പുറത്തിറങ്ങി.ബസിന്,മുഖം കഴുകാനുള്ള വെള്ളം തോട്ടിൽ മുക്കിയെടുക്കുന്ന ഡ്രൈവർ ചിരിച്ചു.'രണ്ടെണ്ണം വിട്ടല്ലേന്ന്'കണ്ടക്ടർ എന്നെ മുഴുകുടിയനാക്കി.ആടിയുലഞ്ഞ് ഞാനത് സമ്മതിച്ചുകൊടുത്തു.
     ഇതേ വഴുക്കൻ ബെഞ്ചിലാണ് അന്നും നീ അവർക്കായി കാത്തിരുന്നത്.ബസ് സ്റ്റോപ്പ് എന്നെ ഓർമ്മിപ്പിക്കുന്നു.'എണീറ്റ് നോക്ക് എണീറ്റ് നോക്കെന്ന്' പറഞ്ഞ് ഈ ബെഞ്ച് അന്നെന്നെ ഇരിക്കാൻ സമ്മതിച്ചില്ല.ഇന്നും വിശേഷങ്ങളറിയാൻ ഉറക്കമറ്റിരിക്കുന്ന എന്റെ വീടിനോട് ഞാനിനി എന്താണ് പറയുക.?
   'ഒരിക്കൽ ഞങ്ങൾ വരുന്നുണ്ട്' എന്നുമാത്രമാണ് അവനും അവളും പറഞ്ഞത്.ഞാനതിൽ ഒരു തോട്ടം കളവുകൾ നട്ടുപിടിപ്പിച്ചാണ് അവതരിപ്പിച്ചത്.അത് വളർന്ന് എനിക്ക് വലിയ വിളവുകളും തന്നിരിക്കുന്നു.ഭൂമിയിലാരെയും നോവിക്കുന്നില്ലെങ്കിൽ എല്ലാ കഥകളും കളവുകളും നല്ലതാണല്ലോ.
    അവരുടെ കോളേജ് കാലത്തെ പ്രണയം.ഒളിച്ചോടിയുള്ള കല്യാണം.സംഘടനാ നേതാവായ ഞാൻ കൂട്ടുനിന്നത്.രണ്ടു മതങ്ങളിൽപ്പെട്ട ധനികരായ അവരുടെ കുടുംബങ്ങൾ.വലിയ സംഘർഷങ്ങൾ. എന്നും രക്ഷകന്റെ വേഷത്തിൽ ഞാൻ.നഗരത്തിൽ അവരിപ്പോൾ താമസിക്കുന്ന പതിമൂന്നാം നിലയിലെ ഫ്‌ളാറ്റ്.അവിടെ നിന്ന് കാണുന്ന നീലക്കടൽ,മെട്രോ നഗരം.അവിടേക്കവരുടെ നിരന്തര ക്ഷണം.പുതിയ സിനിമപോലെ എന്റെ വീട് അതെല്ലാം കേട്ടിരുന്നു.
     ഇല്ല,അതൊന്നും സത്യമല്ല.അവർ ആഘോഷിച്ച ക്യാമ്പസിന്റെ മൂലയിൽ വെറും ഉറക്കംതൂങ്ങി മരമായിരുന്നു ഞാൻ.ആരെങ്കിലും ഒരാൾ വന്ന് തോളിൽ കൈയിട്ടെങ്കിലെന്ന് കൊതിച്ച നാളുകൾ. പൂർത്തിയാക്കാത്ത ബിരുദ ബാധ്യത.നഷ്ടമായ ആ ക്യാമ്പസിനെ,വായിച്ച കഥകളും കണ്ടുതീർത്ത സിനിമകളുംകൊണ്ട് പൂരിപ്പിച്ചു നോക്കിയതാണ്.
     ഇനിയേറെ പറഞ്ഞാലും വിശ്വസിക്കാൻ ഒരുങ്ങിയാണ് അമ്മയും ഭാര്യയും അവർ വരുന്നതിന്റെ തലേന്ന് രാത്രിയും എന്നെ കേട്ടത്.അന്ന് ഭാര്യ തന്ന ചുംബനത്തിൽ ഞാനുണ്ടാക്കിയെടുത്ത വ്യാജ ഭൂതകാലത്തോടുള്ള ആരാധന കലർന്നിരുന്നു.
     ഇനി അതൊന്നും തിരുത്താൻ കഴിയില്ല.വീട്ടിൽ സത്യമായിക്കഴിഞ്ഞു.ഞാനതിന്റെ നായകനും. അവർ എന്നോടു കാണിച്ച അടുപ്പത്തിൽ ഞാനുണ്ടാക്കിയ നായക വേഷമുള്ള കഥകളൊന്നും ചോദ്യംചെയ്യപ്പെട്ടില്ല.അഭിനയവും അത്ര നല്ലതായിരുന്നു.ഒരിക്കലവരെന്റെ അടുത്ത ചങ്ങാതിമാരായിരുന്നോ.? ചിലപ്പോൾ എനിക്കുമങ്ങനെ തോന്നിപ്പോയി..
     കോളേജ് വിട്ടശേഷം ആകെ ഒരു തവണയാണ് അവരെ കണ്ടത്.ബാങ്കിന്റെ മുന്നിലെ കാറിൽ ഞാനാണ് അവനെ തിരിച്ചറിഞ്ഞത്.മുൻ സീറ്റിൽ അവളുമുണ്ടായിരുന്നു.അവര് 'കെട്ടിയെന്ന്' പറഞ്ഞത് വിശ്വസിക്കാതിരിക്കാൻ എനിക്കെന്തു കാരണം.? അവർക്ക് പ്രണയമായിരുന്നല്ലോ.? 
    അല്ലെങ്കിലും തികഞ്ഞ സ്വാർത്ഥരായ മനുഷ്യരാണല്ലോ കഥയുണ്ടാക്കുന്നതും ചുറ്റുമുള്ളവരെ അത് വിശ്വസിപ്പിച്ചു സന്തോഷിക്കുന്നതും.അവരെ വീട്ടിലേക്ക് ക്ഷണിച്ചത് ഞാനാണ്.അവനെന്നോട് ചിരിച്ചു.തോളിൽ കൈയിട്ടു.ഫോണിൽ എന്റെ നമ്പരവൾ കുറിച്ചിട്ടു.
    അവർ വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല.പറഞ്ഞുകൂട്ടിയ കാര്യങ്ങളോർക്കുമ്പോൾ വരാതിരിക്കാനും ആഗ്രഹിച്ചു.അവരെന്നോട് ചെയ്തതല്ലേ ഞാനെന്റെ വീട്ടുകാരോടും.
വഴുക്കൻ ബഞ്ചിന്റെ കൈയിൽ ഞാൻ മുറുക്കെപ്പിടിച്ചു.സാരമില്ലെന്ന് അതിന്റെ തണുപ്പ് ആശ്വാസം പറഞ്ഞു.
     തോട്ടിലെ കുളിയും കഴിഞ്ഞു വരുന്ന ഡ്രൈവർ.അവർക്കുള്ള അത്താഴവുമായി നടക്കുന്ന എന്റെ അയൽക്കാരി.അവർ എന്നോട് ചിരിച്ചു.'നീ നടക്കാനുള്ള വഴിയിലിരുട്ട് വീണെന്ന്' അവരുടെ കൈയിലെ ടോർച്ചുവെട്ടം സാക്ഷി പറയുന്നു.എന്റെ ഉള്ളിലെ ഇരുട്ട് അത് കാര്യമാക്കിയില്ല.
    ഒന്നിച്ചിരുന്നു കഴിക്കുന്ന ഡ്രൈവറും കണ്ടക്ടറും.അയൽക്കാരിയുടെ ചിരികൾ.വായ കഴുകി കുലുക്കുഴിഞ്ഞ് നീട്ടിത്തുപ്പി ഇരുട്ടിലൂടെ നടക്കുന്ന കണ്ടക്ടർ.വെളുക്കുവോളം അയൽക്കാരി ഇനി ആ ഡ്രൈവർക്ക് സ്വയം വച്ചുവിളമ്പും. 
     നാട് കാണാൻ വന്ന ഡച്ചുകാരൻ അയൽക്കാരിയെ കെട്ടിയെന്നും ഇല്ലെന്നും പറയുന്നു.കപ്പയും ആറ്റുമീനും തിന്ന് പുള്ളിക്കൈലിമുണ്ടും ഉടുത്ത് ആ ചുവന്ന മനുഷ്യൻ ഇത്തിരിക്കാലം അവിടെ ഉണ്ടായിരുന്നു.ചെമ്പൻ തലമുടിയുള്ള ഒരു കുട്ടിയെ വീട്ടിൽ ഉറക്കിക്കിടത്തിയിട്ടാണ് അവളുടെ ഈ വിളമ്പൽ.ടിക്കറ്റെടുക്കാതെ നഗരത്തിലേക്ക് പലവട്ടം പോകുന്ന അയൽക്കാരിക്ക് തത്കാലം ആ ഡ്രൈവറുടെ പാസുണ്ട്.കൊതുകിനും എനിക്കും വേണ്ടി ബീഡി പുകഞ്ഞു. 
     അവനും അവളും പൂത്തുനിന്ന എന്റെ വീട്ടിലെ ഉത്സവത്തിലേക്ക് ഈ അയൽക്കാരി എത്തിനോക്കിയിരുന്നു.പത്രക്കടലാസിൽ പൊതിഞ്ഞ ഉപ്പും കടുകും വറ്റല്മുളകും അവരെ ഉഴിഞ്ഞ് അമ്മ അടുപ്പിലിട്ടു.ആണുങ്ങൾ വാഴാത്ത അയൽക്കാരിക്കണ്ണേറിന്റെ നാറ്റം അടുപ്പിൽക്കിടന്നു പുകഞ്ഞുപൊങ്ങി.അമ്മ അയൽക്കാരിയെ ശപിച്ചു.   
    അമ്മയുടെ ദുർമന്ത്രവാദത്തിന് അവളും ഭാര്യയും ചിരിച്ചു.അവൾ അമ്മയെ കെട്ടിപ്പിടിച്ചു. മക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ കരഞ്ഞതാണോ അഭിനയിച്ചതോ.? അമ്മയുടെ കണ്ണുകളും നിറഞ്ഞു.അവരുടെ മക്കളെക്കുറിച്ച് എനിക്കറിയുമെന്ന ഭാവത്തിൽ ഭാര്യയെ നോക്കി,എന്നിട്ട് തലകുനിച്ചു നിന്നു.
   അമ്മ അവളുടെ വയറ്റിൽ കൈവച്ച് കടലിലെ മണൽത്തരിയോളം നിനക്ക് മക്കളുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.അപ്പോൾ എന്റെ കുട്ടികളുമായി വീട്ടിലേക്ക് കയറിവന്ന അവന്റെ ചിരിയെ അവൾ ശാസിക്കുന്നു.ഓസ്കാറിൽ തൊടുന്ന അഭിനയം.
    മൂത്തകുട്ടിയുടെ റിമോട്ടിന്റെ നിയന്ത്രണമുള്ള ചെറുകാറിന്റെ കുതിച്ച പോക്ക്.യന്ത്രമനുഷ്യന്റെ ഇംഗ്ലീഷ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഇളയകുട്ടി.വീടും ഞാനും ഈ കുട്ടികളിലിത്ര സന്തോഷം കണ്ടിട്ടില്ല,ഞങ്ങൾക്ക് കുളിർന്നു.
      കവലയിലെ ആ കളിപ്പാട്ടക്കടയിൽ കുട്ടികൾ ആർത്തിയോടെ നോക്കിനിന്നിട്ടുണ്ട്.
 എന്നോട് കെഞ്ചിയിട്ടുണ്ട്.നിർബന്ധം സഹിക്കാതെ ഒരു തവണ അതിന്റെ വില ചോദിച്ചതുമാണ്.
പത്ത് ഏത്തൻ കുലയുടെ വില വരും ആ ഒരു കാറിന്.പോരാഞ്ഞിട്ട് പ്രതിവാരം നാല് ബാറ്ററികൾ. യന്ത്ര മനുഷ്യന്റെ വില ചോദിക്കാൻ ഈ നാട്ടിലെ സകലർക്കും ഭയമായിരുന്നു.കുട്ടികളും അതാഗ്രഹിച്ചിരുന്നില്ല. 
    കഴിക്കാൻ കൂട്ടാക്കാതെ കുട്ടികൾ കളിയിലായിരുന്നു.രണ്ടോ മൂന്നോ ദിവസം ആറ്റിന്റെ കരയിലിരുന്ന് കിട്ടിയ കരിമീനും കട്ലയും അവർ ആസ്വദിച്ചു തിന്നുന്നു.വലിയ ഒരു മീൻതുണ്ടം അവന്റെ പാത്രത്തിലേക്ക് അമ്മ വീണ്ടും വച്ചുകൊടുത്തു.
    ആറ്റുമീനിന്റെ രുചിയും ഗുണങ്ങളും തീൻ മേശയിൽ അമ്മ ഒപ്പം വിളമ്പി.എന്റെ ചൂണ്ടയിലേക്ക് വന്നു കയറുന്ന മീനുകളെക്കുറിച്ച് ഭാര്യയും വിട്ടുകൊടുത്തില്ല.ഇനി മീൻ കിട്ടിയാൽ അടുത്ത നിമിഷം ഇവിടെ വരുമെന്ന് അവൻ പ്രഖ്യാപിച്ചുകളഞ്ഞു.ഭാര്യ ഒളിപ്പിച്ചു വച്ചിരുന്ന ഭംഗിയുള്ള പൂപ്പാത്രങ്ങൾ കണ്ടിട്ട് ഊണ് മേശയും ഞാനും അമർത്തിച്ചിരിച്ചു.
    "തോനെ തിന്നണം, ഇങ്ങനെ നുള്ളി നുള്ളി ഇരിക്കല്ല്.."അമ്മയുടെ വാക്കുകൾ പകുതിയേ അവർക്ക് മനസിലായുള്ളൂ.കണ്ണു മിഴിച്ചിരുന്ന അവളുടെ ചെവിയിൽ, പഴയ ഭാഷയെ ഭാര്യ വിവർത്തനം ചെയ്തു. മീനിന്റെ ഒരല്പം നുള്ളി വായിൽ വച്ചിട്ട് അമ്മ ഭാര്യയെ വഴക്ക് പറഞ്ഞു.
    "ഇതെന്തര് പെണ്ണേ എരിയില്ലല്ലാ ഇനിച്ചോണ്ടിരിക്കണല്ല".'ഇനിപ്പ്' എന്ന വാക്കാണ് അവർക്ക് ഏറ്റവും ഇഷ്ടമായത്.'മധുരത്തി'നെക്കാൾ ഇനി തനിക്കും 'ഇനിപ്പ്' മതിയെന്ന് അവളും സമ്മതിച്ചു.    
      പാത്രങ്ങൾ കഴുകി ഒതുക്കുമ്പോൾ ഭാര്യ പിറുപിറുത്തില്ല,അവൾ സമ്മാനിച്ച കമ്മൽ, മുടിയൊതുക്കി എന്നെക്കാണിച്ചു.എച്ചിൽപ്പാത്രക്കുന്ന് ഞങ്ങൾ ഒന്നിച്ചു കഴുകുന്നത് അവൾ അവനെ 'വന്നു കാണെന്ന്' ചൂണ്ടിക്കാണിക്കുന്നു.
    ഫ്‌ളാറ്റിൽ കുനിഞ്ഞു കുപ്പയെടുക്കാത്ത അവനെക്കുറിച്ച് എത്ര അനായാസമായാണ് അവൾ നെടുങ്കൻ ഡയലോഗ് കാച്ചിയത്.അതിനെ പൂരിപ്പിക്കാൻ അവന്റെ വക ചിരിയും കൈകൂപ്പിയുള്ള പങ്കാളിത്തവും.ആ രംഗങ്ങൾ അവർ അഭിനയിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.    
    അമ്മയും കൂടിയപ്പോൾ രംഗമാകെ മാറി.അമ്മ അവന്റെ പക്ഷത്ത് നിന്നു.പെൺകോന്തനായ എന്നെ കളിയാക്കി.അവൾ എന്റെ ചേരിയിലേക്ക് വന്നു.കവിളിൽ തൊട്ട് 'ഹൗ സ്വീറ്റ്' പ്രയോഗം ഭാര്യയെ അസൂയപ്പെടുത്തിയിട്ടുണ്ടാകും.അടുക്കളയ്ക്ക് ഏറ്റവും തെളിഞ്ഞ മുഖം.എല്ലാവരെയും കിടപ്പുമുറിയിലേക്ക് അമ്മ പറഞ്ഞയച്ചു.പാത്രങ്ങൾക്കൊപ്പം സകലർക്കുമായി പ്രാർത്ഥന തുടങ്ങി.
    കട്ടിലിൽ, കാറും യന്ത്രമനുഷ്യനും കെട്ടിപ്പിടിച്ചു കിടക്കുന്ന കുട്ടികൾ.അത് അവരെക്കാണിക്കുന്ന ഭാര്യ.കുട്ടികളുടെ കാലിൽ പുതപ്പിട്ടുകൊടുക്കാൻ പറഞ്ഞ അവന്റെ കരുതലും.? ഞങ്ങൾ നിലത്ത് പായ വിരിച്ചു.
    അവരുടെ കിടപ്പുമുറിയിൽ വെളിച്ചം കെട്ടിരുന്നില്ല.അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നു.കുളിമുറിയിൽ അവളുടെ മൂളിപ്പാട്ട്.പുതിയ സോപ്പിന്റെ മണം.പാത്രം കഴുകുന്ന സോപ്പിന്റെയും വിയർപ്പിന്റെയും മണമുള്ള ഞങ്ങൾ തമ്മിൽ മണത്തുനോക്കി.
     ഞാനവർക്കായി ഉരച്ചു കഴുകിയ കുളിമുറിയിൽ നിന്നും മഞ്ഞമൂത്രമുള്ള മൂത്തകുട്ടിയെ അവൾ ഓടിച്ച് വിട്ട രംഗമോർത്ത് ഞങ്ങൾ ചിരിച്ചു.കുളിമുറിയിൽ ഞങ്ങൾ അവർക്കായി ഒരുക്കിയ തൂവെള്ള സോപ്പ്,പുതിയ തോർത്ത്.അവൾ തൂക്കിയിട്ട മണമുള്ള രാസവസ്തു.ഞങ്ങൾക്ക് എല്ലാം  കാണാം.കുളിമുറിയുടെ വാതിൽ തുറന്നടയുന്ന ശബ്ദം.ആ രണ്ട് പാട്ടുകൾ ഇപ്പോൾ ഒന്നിച്ച് നനയുന്നുണ്ടോ..? ഭാര്യയുടെ അതേ ക്ഷണം ഞാനെത്ര തവണ  നിരസിച്ചതാണ്.ഭാര്യ വീർപ്പിട്ടു. 
     കിടപ്പുമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം."ഞങ്ങൾ ആകാശം കണ്ടിരിക്കാൻ പോകുന്നു വരുന്നോ..?" എഴുന്നേൽക്കാൻ തുടങ്ങിയ എന്നെ ഭാര്യ,കൈയിൽ പിടിച്ചുവലിച്ചു.ഫോണിന്റെ വെട്ടത്തിൽ നഗ്നമായ നാല് കാലുകൾ.ഇതേ പൂതി ഭാര്യ മധുവിധു നാളുകളിൽ പറഞ്ഞിട്ടുള്ളത് ഞാനോർത്തു.മുകളിൽ കോവൽ വള്ളികളുടെ ആ പന്തലിന്റെ കീഴിൽ അവർ കിടന്നിട്ടുണ്ടാകും.
     ഭാര്യ തിരിഞ്ഞു കിടന്നു,ആ കണ്ണുകൾ നിറഞ്ഞോ..? നിലാവുള്ള അടുത്ത രാത്രിയിൽ നമ്മൾ അവിടെ കിടക്കും.എന്റെ തീരുമാനം പറയാനുള്ള ശബ്ദം പുറത്തുവന്നില്ല.ഭാര്യ വീണ്ടും ഏങ്ങിയോ.?. മുകളിലേക്കുള്ള ഭാഗത്തെ കേടായ ലൈറ്റുകൾ ഭാര്യ മാറ്റിച്ചത്,ഈ നിലാവിലേക്കുള്ള വഴി അവർക്ക് നഷ്ടമാക്കരുതെന്ന് കരുതിയാകും.കഴുത്തിൽ ഉമ്മ വച്ച് ഒരു ക്ഷമ പറഞ്ഞാലോ.?
    ഞാൻ അവളുടെ നേർക്ക് ചരിഞ്ഞു കിടന്നു.കെട്ടിപ്പിടിച്ചു,നെഞ്ചിൽ കരച്ചിലിന്റെ പിടപ്പ്. നാളുകൾക്ക് ശേഷമാണ് ഞങ്ങളുടെ ശരീരങ്ങൾ പ്രണയിച്ചത്.ഞങ്ങളുടെ മണം ഞങ്ങൾക്ക് ഇഷ്ടമായി.നാളെ നമ്മൾക്കും നിലാവ് കാണണം.ഭാര്യ ഓർമ്മിപ്പിച്ചു.സമ്മതമെന്ന് ഞാൻ ചിരിച്ചു.
    ഫോണിന്റെ വെട്ടത്തിൽ രണ്ടു കാലുകൾ മാത്രം.അമർത്തിച്ചവിട്ടുന്ന രോമമുള്ള ആ കാലുകൾ അവന്റെയാണ്.അവളെ അവൻ  കൈയിൽ കിടത്തിയിട്ടുണ്ടാകും.ഞങ്ങൾക്ക് അസൂയയും ചിരിയും വന്നു.എന്റെ റേഡിയോ അവർക്കുവേണ്ടി പാടുന്നു.അവരുടെ പ്രണയം കണ്ടിട്ടാവും അതിന്റെ ശബ്ദത്തിനും പതർച്ച.കിടപ്പുമുറിയിൽ വെളിച്ചങ്ങൾ നാണിച്ചു കണ്ണുപൊത്തി.വീടിന് കുളിരാൻ തുടങ്ങി.ഞങ്ങളും അവരെപ്പോലെയാകുന്നത് വീട് കിനാവ് കണ്ടു.
     നശിച്ച ഓർമ്മകളെ നീട്ടിത്തുപ്പി ഞാനെഴുന്നേറ്റു.അയൽക്കാരിയും ഡ്രൈവറും ബസിനുള്ളിൽ നിലാവ് കാണുന്നു.ഡ്രൈവർ നല്ലൊരു പാട്ടുകാരനാണ്.
    വീട്ടിലേക്കുള്ള വഴിയെന്നെ കറുത്ത കമ്പിളിയിൽ പൊതിഞ്ഞു പിടിച്ചു.എന്താണിത്ര വൈകിയെന്ന് വേലിപ്പടർപ്പിന്റെ മുള്ളുവച്ച ചോദ്യങ്ങൾ.വീടിന്റെ നെറ്റിയിലെ ഒറ്റക്കണ്ണ് തെളിഞ്ഞുനിൽക്കുന്നു. ഞാനൊന്ന് ചുമച്ചു.ടോർച്ചുമായി തിടുക്കത്തിൽ വരുന്നത് ഭാര്യയാവും.ആരോടും പറയാതെ പകൽ ഇറങ്ങിപ്പോയതിന്റെ ദേഷ്യമെല്ലാം ആ കൊലുസിന്റെ കലപിലയിലുണ്ട്.വെളിച്ചവടികൊണ്ട് അവളെന്റെ മുട്ടിന് താഴെ തല്ലി.വടി കാണിക്കുന്ന വഴിയേ ഞാൻ തലകുനിച്ചു നടന്നു.
    ആ നോട്ടങ്ങൾക്ക് എനിക്ക് മറുപടിയില്ല.കിണറിന്റെ അരികിലേക്ക് നടന്നു.നഗരത്തിന്റെ ഗന്ധങ്ങളും വെള്ളത്തിന്റെ തണുപ്പും തമ്മിൽ വഴക്കിട്ടു.ഞാനും തണുത്തു.തോർത്തിനിടയിലൂടെ കാണാം വീടിന്റെ ജനാലകളിൽ ഞാന്ന് കിടക്കുന്ന അമ്മയും ഭാര്യയും.കിണറിന്റെ കൈവരിയിൽ ഒരല്പ നേരമിരുന്നു.അവരോട് പറയാനുള്ളവ ഉള്ളിൽ ഒരുക്കിവച്ചു.
     ഒരു തുമ്മൽ,പിന്നാലെ ചുമകളും.അകത്ത് ഇളയ കുഞ്ഞിന്റെ കരച്ചിൽ.അമ്മ അകത്തേക്ക് പോയി.ഇറയത്തെ കസേരയിലെ എന്നെയും ചാരി ഭാര്യ നിന്നു.അമ്മയുടെ മടിയിൽക്കിടക്കുന്ന കുട്ടിയുടെ മുഖത്ത് ഏതോ കിനാവിന്റെ പേടി ബാക്കിയുണ്ട്.ബാറ്ററി തീർന്ന യന്ത്ര മനുഷ്യൻ കൈവരിയിൽ കിടക്കുന്നു.ഞാനതെടുത്തു.എന്നോടൊന്നും ചോദിക്കില്ലെന്ന് തീരുമാനിച്ചതുപോലെ അമ്മയും ഭാര്യയും തമ്മിൽ നോക്കി.
   ഇരുട്ട് വലിച്ചു കെട്ടിയ മുറ്റത്തെ കൂറ്റൻ സ്‌ക്രീനിൽ അവരുടെ മടക്കം എനിക്കിപ്പോഴും കാണാം. കാലത്തെഴുന്നേറ്റ് കാറിനെ ഞാൻ കുളിപ്പിച്ചിരുന്നു.ഡിക്കിയിൽ കപ്പയും കാച്ചിലും ചീരയും കുലയും പൊതിച്ച തേങ്ങകളും നിറയ്ക്കുന്ന ഞാനും മക്കളും.കുടംപുളിയുടെ കലത്തിൽ നിന്ന് അവർക്കുള്ളത് പൊതിഞ്ഞെടുക്കുന്ന അമ്മ.അവൻ നീട്ടിയ തുക'അയ്യോ'ന്ന് മടിക്കുന്ന കുട്ടികൾ.
    അവളുടെ വയറ്റിൽ കൈവച്ച് ഇരട്ടക്കുട്ടികളെന്ന് അമ്മയുടെ അനുഗ്രഹം.'ഇനിയെന്നാണ് ഇങ്ങനൊരുവരവെന്ന്.?'ഭാര്യയുടെ അമർത്തിയ ചോദ്യം.ആറ്റുമീൻ കഴുകി കറിയാക്കാൻ പാകത്തിനാക്കിയത് ചെന്നാലുടൻ ഫ്രിഡ്ജിൽ വയ്ക്കാൻ ഭാര്യ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
   കാറ് നിരത്ത് കടന്നിട്ടും ഞങ്ങളെത്ര നേരം ഇവിടെ ഇരുന്നു.ഇറങ്ങിപ്പോയ അവരുടെ മണത്തിന് മൂക്കും തുറന്ന് ഞങ്ങളുടെ വീടിന്റെ അന്നത്തെ നിൽപ്പ് മറക്കാൻ കഴിയുന്നില്ല.
     അമ്മ രണ്ടാളുടെയും നമ്പർ ഡയറിയിൽ എഴുതി വാങ്ങിച്ചു.'എത്തിയാ.. എത്തിയാ..ന്ന്' അവളെ വിളിച്ചുകൊണ്ടിരുന്നു.അവരുടെ നടുവിൽ നിർത്തി അമ്മയുടെ ഫോട്ടോ എടുത്തിരുന്നു.
എല്ലാവരെയും കൂട്ടിനിർത്തി അവളുടെ വക സെൽഫി.അമ്മ അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൻ എന്റെ കൈപിടിച്ചു കുലുക്കി യാത്ര പറഞ്ഞു.രംഗങ്ങൾ ക്രമംതെറ്റി ആവർത്തിച്ചു കാണിക്കുന്ന ഓർമ്മയുടെ സ്ക്രീനിലേക്ക് ഞാൻ ബീഡി കത്തിച്ച തീപ്പെട്ടിക്കൊള്ളി എറിഞ്ഞു.
     അമ്മയുടെ മുറിയ്ക്കുള്ളിൽ നിന്നും ആദ്യമെല്ലാം അവളോട് ഫോണിൽ സംസാരിക്കുന്നതും ചിരിക്കുന്നതും പ്രാർത്ഥിക്കുന്നതും കേൾക്കാമായിരുന്നു.വിളികളുടെ ദൈർഘ്യം കുറഞ്ഞു വരുന്നത് ശ്രദ്ധിച്ചിരുന്നു.'നമ്പർ നിലവിലില്ല' എന്ന കമ്പനിയുടെ സന്ദേശങ്ങൾക്ക് അമ്മ ഭാര്യയോട് വഴക്കിട്ടു. ഭാര്യ എന്തോ നുണ പറഞ്ഞിട്ടാവും അവൾ മിണ്ടാതായതെന്നാണ് ആരോപണം. 
     "നിന്നെ അവര് വിളിച്ചാ" "ആ കൊച്ചുങ്ങൾക്ക് നല്ല തിരക്ക് കാണും" "എന്റെ ഫോണിന് എന്തരോ പറ്റി"അമ്മ സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.അണഞ്ഞു പോയ ബീഡി കത്തിക്കാൻ തീപ്പെട്ടിയുരച്ചു.കുട്ടിയെ കിടത്താൻ അമ്മ അകത്തേക്ക് പോയി.എന്റെ തലയിലെ നനവിൽ ഭാര്യ വിരലോടിച്ചു.
      "തീയതി അറിയിക്കണം,ആ കാറുകാരൻ ഇന്നും വന്നിരുന്നു".അകത്ത് അമ്മയുടെ ശബ്ദം. അവനും അവളും ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഒരു ബന്ധുവിന്റെ ടാക്സിയുടെ വാടക സഹിതം അടച്ച് അമ്മ കാത്തിരിക്കുകയാണ്.പുകയുള്ള ബീഡി ഞാൻ പുറത്തേക്കെറിഞ്ഞു.
     "എത്ര വിളിച്ചിട്ടും ആ കൊച്ചുങ്ങളെ കിട്ടണില്ല, എന്താരാന്തോ..?"പ്രാർത്ഥിച്ചും പിറുപിറുത്തും നടക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ കൂടിയാണ് അവന്റെ ബാങ്കിലേക്ക് തിരക്കിച്ചെന്നത്.
    സമീപത്തെ ഒരു ഹോട്ടലിലെ മുറിയിൽ എന്നോട് കാത്തിരിക്കാൻ പറഞ്ഞു.രണ്ട് ദിക്കിൽ നിന്ന് വന്ന കാറുകളെ ഞാൻ മുകളിലെ നിലയിൽ നിന്ന് കണ്ടു.വെളുപ്പും കറുപ്പും.കറുപ്പിൽ നിന്ന് അവനും വെളുപ്പിൽ അവളും.മഞ്ഞപ്പൂക്കളുള്ള മരത്തിന്റെ ചുവട്ടിൽ നിന്ന് അവരെന്തൊക്കെയോ തർക്കിക്കുന്നു.
     അവർ എന്നോട് ചിരിച്ചില്ല.കസേരകളിൽ അവരുടെ ഇരിപ്പിലും പ്രണയമില്ല.ഞാൻ നാടിനെയും വീടിനെയും ഒരുക്കിയിട്ട മേശയിൽ വിളമ്പി വച്ചു.രണ്ടാളും അത് തൊട്ടുനോക്കുന്നില്ല.അവരുടെ വിശേഷങ്ങൾ തിരക്കി.അതിനും മറുപടിയില്ല.കൂറ്റൻ കട്ലമീൻ കിട്ടിയത് പറഞ്ഞു.അവൾ ഇരട്ടക്കുട്ടികളെ പ്രസവിച്ചു കിടക്കുന്നത് കിനാവ് കണ്ട അമ്മയെ അവതരിപ്പിച്ചു.അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.   
     "ഞങ്ങള് കെട്ടിയിട്ടൊന്നുമില്ലേടാ.എന്നിട്ടാണ് ഇരട്ടക്കുട്ടികൾ...!"പറഞ്ഞുതുടങ്ങിയത് അവരുടെ ചിരിയിൽ പുതഞ്ഞു നിന്നു.എന്റെ തലയ്ക്കുള്ളിൽ എന്തോ മുഴക്കം.രണ്ടാളെയും മാറിമാറി നോക്കി. അവൻ കഴിക്കാനുള്ളത് എഴുതിവച്ച പട്ടിക വായിക്കുന്നു.അവൾ ഫോണിലെന്തോ തിരയുന്നു. അവർക്ക് ഉണ്ടാവാനുള്ള കുട്ടികൾക്കായി രാവും പകലും പ്രാർത്ഥിക്കുന്ന അമ്മയെ ഞാനോർത്തു. 
    "തോനെ പഞ്ചാര ഇട്ടോടാ ഇനിപ്പ് കൂടട്ടെ."അവർ എന്റെ വീടിനെ കളിയാക്കിയതാണ്.എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ചായയിൽ ചൂടില്ലെന്ന് ഉറപ്പിച്ചിട്ടാണ് അവളുടെ മുഖത്തേക്കൊഴിച്ചത്. പൊള്ളിയിട്ടുണ്ടാകുമോ..? ഞാൻ എന്നെത്തടയാനായി കൈവീശി.ഭാര്യ അരികിലേക്ക് വന്നു.         
        "ഒന്ന് കിടക്കു,ശരിയാകും."ഭാര്യ എന്റെ ഉള്ളറിഞ്ഞു.ഞാൻ അവളുടെ വയറ്റിലേക്ക് ചാഞ്ഞു. കെട്ടിപ്പിടിച്ചു.പാത്രം കഴുകുന്ന സോപ്പിന്റെ സത്യമണമുള്ള കൈകൾ എന്റെ മുഖം കോരിയെടുത്തു. ഞങ്ങൾ കിടപ്പുമുറിയിലേക്ക് ചെന്നു.റേഡിയോ ഞങ്ങളെ നിരാശയോടെ നോക്കി.
        "നിങ്ങളൊന്നും കഴിക്കണില്ലേ?" അമ്മ വാതിലിൽ പലതവണ മുട്ടി.ഭാര്യ മൂന്നാൾക്കും വിളമ്പി വച്ചു.എന്റെ വിരലുകൾ പാത്രത്തിൽ വരകൾ മാത്രമിട്ടു.അമ്മ അതുകണ്ട് ദേഷ്യപ്പെട്ടു.
        "പോയിട്ട്, നീ ആ പിള്ളരെ കണ്ടാടാ.നമ്മളെന്നാണ് അങ്ങോട്ട് പോണത്."
        "അവര് മരിച്ചു.ആത്മഹത്യയായിരുന്നു."ഞാൻ പറഞ്ഞു തീർത്തു.വീടിന്റെ വെളിച്ചങ്ങൾ പെട്ടെന്ന് കെട്ടുപോയി.മെഴുകുതിരിയുമായി ഭാര്യ വന്നു.ഇരുട്ടിലൂടെ അമ്മ മുറിയിലേക്ക് പോയിരിക്കുന്നു.ഭാര്യയെന്നെ കിടക്കയിൽ കൊണ്ടിരുത്തി.അവളുടെ തോളിൽ എന്റെ തല താങ്ങി.
        "നമുക്ക് മുകളിലേക്ക് പോകാം"എന്റെ വാക്കുകളെ ഭാര്യ സംശയത്തോടെ നോക്കി.അമ്മയുടെ മുറിയിൽ നിന്നും ഒരു പിറുപിറുക്കലെങ്കിലും വരുന്നുണ്ടോന്നറിയാൻ ഞങ്ങൾ അല്പനേരം നിന്നു. കോവൽ വള്ളികളുടെ അറ്റത്ത് ഒരുപാട് ചോദ്യച്ചിഹ്നങ്ങൾ.
       "എന്തിനാ അങ്ങനെ കള്ളം പറഞ്ഞത്."ഭാര്യ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു വന്നു.
       "അവരുടെ മധുരവും നമ്മള ഇനിപ്പും തമ്മിൽ കൊറേ ദൂരമുണ്ട്." ഭാര്യ പിന്നെയൊന്നും ചോദിച്ചില്ല.തണുത്ത ഇരുട്ട് പുതച്ച് ഞങ്ങളങ്ങനെ കിടന്നു.

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment