Tuesday 26 March 2024

മാരുതീയം

മാരുതീയം.
    "പവനാ,നീ ആ എണ്ണൂറെടുത്ത് നമ്മുടെ വീട്ടിൽച്ചെന്ന്, ഒരുടുപ്പുമായിട്ട് ജില്ലാശുപത്രിയുടെ മോർച്ചറിവരെ വരാമോ.?"തിരിച്ചൊന്നും ചോദിക്കാനായില്ല,അമ്പോറ്റിസാറ് ഫോൺ കട്ടാക്കി.എന്നും ചിരികളോടെയാണ് ആ വിളിയവസാനിക്കുക.ഇന്ന് ശബ്ദത്തിലൊരു പതർച്ച.ഞാനാണെങ്കിൽ വിലയുള്ള കുറച്ചു കല്യാണക്കുറി പ്രത്യേകമടിപ്പിച്ച്,ആദ്യവിളി എന്റെ സാറിനെത്തന്നെയാകണമെന്ന് കൊതിച്ചിരിപ്പാണ്.
   വീട്ടിൽച്ചെന്ന് വിളിക്കണമെന്നുണ്ട്.സാറിന്റെ ഭാര്യ,നാൻസിഫിലിപ്പും ആ കാവൽപ്പട്ടി കൈതയും സമ്മതിക്കില്ല.ഇനി തമ്മില് കണ്ടാൽ ഒന്നുകിൽ കൈത അല്ലെങ്കിൽ ഞാൻ,ഒരാളേ ജീവനോടെ കാണൂ.നാൻസിയെ നേരിടാനുള്ള ചങ്കൂറ്റമെനിക്കില്ല.അവൾ! ആ പന്ന ഒരുത്തിയാണ് സാറിൽനിന്നുള്ള ഒളിച്ചോട്ടങ്ങൾക്കും എടുപിടീന്നുള്ള ഈ കല്യാണത്തിനും കാരണം.ആ സാറിനോട് പറ്റില്ലെന്ന് പറയാൻ എനിക്കാവില്ല.
    'പവനൻ സാറിന്റെ സ്റ്റെപ്പിനിയെന്നും,സാറിനെ ഊറ്റിയാണ് ജീവിക്കുന്നതെന്നും' ചിലര് പറയും. 
കുടിച്ച് ബോധംകെട്ട സാറിനെ എടുത്തോണ്ടങ്ങ് ചെല്ലുമ്പോൾ നാൻസിയും കൈതയും ചിരിക്കും, മുറുകും.എനിക്കാരെയും ബോധിപ്പിക്കാനില്ല.കുഞ്ഞുന്നാളുതൊട്ടേ സാറെന്നെ കാണുന്നതാ.
നീല മാരുതി എണ്ണൂറ് എന്റെ വീടിന്റെ മുന്നിലെത്തുമ്പോഴെല്ലാം'പവനാ നീയും, അമ്പോറ്റിയെപ്പോലെ  സാറാകണ'മെന്ന് വലയുണക്കുന്ന അപ്പന്റെ കണ്ണുകളും പറയും.
   ആദ്യകുറി കൊടുത്തിട്ട് ആ കൈപിടിച്ചെന്റെ തലയിൽ വയ്ക്കണം.കാലിൽ തൊട്ട് പറ്റിപ്പോയതിന് ഉള്ളിലെങ്കിലും മാപ്പുപറയണം.താലിപണിയിക്കാനുള്ള തുകയിൽ ഒരു പങ്ക് അവകാശമായി വാങ്ങിക്കണം.സാറെന്നല്ല,അപ്പനെന്നാണ് തെളിയാതെ ഈ കുറിയുടെ പുറത്തും,മായാതെ എന്റെ അകത്തുമുള്ളത്. 
    ഒരുകാലത്ത് 'സാറൊപ്പിട്ട ഊണു'കഴിച്ച കൂട്ടത്തിലാണ് ഞാനും.നല്ല ചക്രമുള്ള പിള്ളേരുടെ  കോളേജിൽ,സാറ് തുണ്ടുപേപ്പറിലിടുന്ന ഒരൊപ്പുകാണിച്ച് ഊണും മീനും തിന്നുന്നോരുണ്ടായിരുന്നു. 'സാറിന്റെ മോനല്ലേന്ന്..' വിളമ്പുകാരൻ നായര് തമാശിച്ച ദിവസം വ്യക്തമായോർക്കുന്നു.എന്റെ അപ്പനെ പുറംകടലിലിട്ട് കപ്പലുകാര് വെടിവച്ചുകൊന്നിട്ട് അന്ന് കൃത്യം ഒരു വർഷം.വിളമ്പുകാരുടെ അടിവാങ്ങിക്കൂട്ടിയ എന്നെ,കെട്ടിപ്പിടിച്ച് ഉമ്മ തന്ന സാറിനെ എങ്ങനെയാണ് നിരസിക്കുക..?
   "നിനക്ക് ഡിഗ്രി പറ്റൂല,നമുക്ക് ഐടിഐയില് ചേരാം."അഡ്മിഷനാക്കിയതും വർക്ക്ഷോപ്പിൽ കയറ്റിവിട്ടതും സാറാണ്.ഞങ്ങളെ കൂട്ടരാണ് സാറും.എന്റപ്പന്റെ കറുപ്പും പൊക്കവും ആ ചിരിയും. ചേർത്തുപിടിക്കുമ്പോൾ അപ്പന്റെ മണം,ഞങ്ങടെ കടലിന്റെ തണുപ്പ്.
    എന്റെ വീട്ടീൽനിന്ന് കഷ്ടിച്ച് ഒരരക്കിലോമീറ്റർ നടന്നാൽ സാറിന്റെ വീടായി.സാറിന്റെ വീടെന്ന് ഞങ്ങളാരും പറയില്ല.തുറയിലെ സകലതും വേലിയേറ്റങ്ങളിൽ ആ പറമ്പിലേക്കൊഴുകും.ഒന്നിച്ച അടുപ്പും കിടപ്പും,സാറിന്റെ സാക്ഷരതയും.കാറ്റിട്ട് തട്ടുന്ന വാതിലും ജനാലയും 'ഞങ്ങളെന്തിനെന്ന്' തമ്മിൽപ്പറയുന്ന ഒരു വീട്.ഞാനും എണ്ണൂറും സാറിന്റെ ഒറ്റവിളിയിൽ കണ്ടീഷനാകും.എന്നിട്ടും ആ പന്നകളെ കരുതി ഇന്നലെയും വഴിയിൽ കിടന്ന സാറിനെ തിരിഞ്ഞുനോക്കാതെ പോന്നു.
   എന്റെ സാറിന്റെ ജീവിതം തുലച്ചത് നാൻസിയാണെന്നേ ഞാൻ പറയൂ.കോളേജിൽ സാറായിരുന്നു താരം.പിള്ളേരെല്ലാം ഇംഗ്ലീഷ് കടലിലേക്ക് ചാടിയിറങ്ങും.ആ കാറ്റിന്റെ ദിക്കിലേക്ക് കുട്ടികളുടെ പായ്ക്കപ്പലോട്ടം.കരയിലെ സാറന്മാരതുകണ്ട് കൊതിച്ചുനിൽക്കും.മാർക്കാന്റെണിയുടെ നെടുങ്കൻ പ്രസംഗം ഞാനും അഭിനയിച്ച് തട്ടിവിടുമ്പോൾ വർക്ക്ഷോപ്പിലുള്ളോരും പറയും 'നിന്റെ സാറിനെ സമ്മതിക്കണമെന്ന്'.
    മൂന്നോ നാലോ സിനിമയിൽ തലകാണിച്ച ഗ്ളാമറിൽ നാൻസി കോളേജിലും താരമായി.
സാറ് നാടകത്തിന്റെ ഉസ്താദാണ്.അവളെ നായികയാക്കി.സർവകലാശാലയിലും നാടകം ഒന്നാമത്. അവരെപ്പോഴാണ് പ്രേമിച്ചത്? ഇനി പ്രേമിച്ചോ.?എനിക്കറിയില്ല.അവൾക്ക് വിലപ്പെട്ട ഒരു കളിപ്പാട്ടം സ്വന്തമാക്കിയ ആഘോഷം.ഞങ്ങള്, ഒപ്പിട്ട ഊണുകാർക്ക് കല്ലുകടി. 
    നാൻസിയുടെ വീട്ടുകാർ ഇളകിവന്നതിന്റെ അടുത്ത ദിവസം കോളേജ് പിള്ളേര് ആ കെട്ടുനടത്തി. അതിന് മുന്നേ നാൻസിയും കൈതയും സാറിന്റെ വീട്ടിൽക്കേറിയങ്ങ് താമസം തുടങ്ങിയിരുന്നു. തുറയാകെ ഇളകിമറിയേണ്ട കെട്ടായിരുന്നു ഞങ്ങളുടെ സാറിന്റേത്, എന്നിട്ടോ.?
    പ്രേമമെന്നുകേട്ട ഫിലിപ്പ് മുതലാളി,ഇരട്ടക്കുഴലുമായി നാൻസിയുടെ നേരെ നിന്നു.അന്നോളം പറമ്പില് വെട്ടിയും കിളച്ചും നിന്ന മിണ്ടാപ്രാണിയായ കൈത,മുതലാളിയെ ചവിട്ടിയിട്ടു.നാൻസിയുടെ കൈയുംപിടിച്ച് സാറിന്റെ വീട്ടിൽ വന്നുകയറി.കൈതയുടെ തോളിന് താഴെ,അന്ന് മുതലാളിക്ക് ഉന്നംതെറ്റിയ ഒരുണ്ടയും തുന്നിക്കെട്ടിയതിന്റെ അടയാളവും.സാറിന്റെ പറമ്പിൽ കൂര കെട്ടി വയ്പ്പും തീനും.ആ കാവൽപ്പട്ടിയുടെ കണ്ണുവെട്ടിച്ച് ആരും വീട്ടിൽ കയറില്ല.തുറന്നിട്ട വീടിന് ഉരുക്കൻ ഗേറ്റ് വന്നു.തുറതിന്ന കൂറ്റൻ തിരയിലും ഞങ്ങള് സ്‌കൂളിൽ കൊതുകുകടിയോടെ കിടന്നു.
     ഉരുക്കൻ ഗേറ്റ് തുറന്നു കിടക്കുന്നു.ഞാനും എണ്ണൂറും സംശയിച്ചു.മോർച്ചറിയിൽ കൈതയുടെ പ്രേതത്തിനാണോ സാറ് കൂട്ടിരിക്കുന്നത്.?ചത്ത കൈത.ഓർക്കുമ്പോൾ വല്ലാത്ത സന്തോഷം.
ഈ പരിസരത്ത് അവനില്ലെന്ന് ഗേറ്റിന്റെ മൗനം.തുറന്നു കിടക്കുന്ന വീടിനും അത് സമ്മതം.ഞങ്ങൾ ഉള്ളിലേക്ക് ഇഴഞ്ഞുകയറി.പോർച്ചിൽ നാൻസിയുടെ ഹോണ്ടാസിറ്റിക്ക് തുറിച്ചുനോട്ടം.എണ്ണൂറൊന്ന് ചൂളി.'പേടിക്കാതെടാന്ന്' ആക്സിലിൽ ഞാൻ കാലമർത്തി.എണ്ണൂറ് മുരണ്ടു.
     നാൻസിയെ അടുത്ത കാലത്തൊന്നും എണ്ണൂറിനുള്ളിൽ കണ്ടിട്ടില്ല.എടുപ്പുകുതിരകണക്കുള്ള അവളിരുന്നാൽ കൊള്ളാത്തതെന്തോ അമർത്തിവച്ചപോലെയാണ്.ഹോണ്ടാസിറ്റിയുടെ സീറ്റിൽ തലയിണയിട്ടാലെ സാറിനും പൊക്കംകിട്ടൂ.വെളുത്തുതുടുത്ത ഹോണ്ടാസിറ്റിയുടെ വിശാല ഉള്ളോ, വലിച്ചോണ്ട് പോകുന്ന കരുത്തോ എണ്ണൂറിനില്ലല്ലോ.പിൻസീറ്റിനെ കെട്ടിപ്പിടിച്ച് സാറ് കിടക്കും. ഞാനും മാരുതിയും വീട്ടിലേക്ക് എടുക്കും.
     മുകളിലെ മുറിയിൽ ഫാനുകൾ കാറ്റേ കാറ്റേന്ന് തിരിയുന്ന ശബ്ദം.നാൻസി വായനയിലാകും. ഞാൻ സാറിന്റെ മുറിയിലേക്ക് നടന്നു.ഈ വീട് ഒറ്റനിലയായിരുന്നു.അവളത് ഇരുനിലയിലാക്കി. ജീവിതമങ്ങനെ രണ്ടുതട്ടിൽ.ഞാൻ പലതവണ ചോദിച്ചിട്ടുണ്ട്.അപ്പോഴെല്ലാം സാറ് ചിരിക്കും, കുടിക്കും ചുമയ്‌ക്കും.ഈ മുറിയിലൊളിക്കും.കൈതയുള്ളപ്പോൾ സാറിന് മിണ്ടാട്ടമില്ല.ആംഗ്യങ്ങളും കുടിയും.ബീഡി കടിച്ചുപിടിച്ച് മുകളിലെ നില നോക്കി അവൻ്റെ ഒരു നില്പ്.
     ഈ മുറിയെനിക്ക് പൂർണമായറിയാം.സാറിനെ വലിച്ചിഴച്ച് കട്ടിലിലേക്ക് കിടത്തുമ്പോൾ നാൻസിയും കൈതയും കൈയുംകെട്ടി നോക്കിനിൽക്കും.ഞാനിറങ്ങിയാൽ അവന്റെ ഗേറ്റടപ്പുണ്ട്. ഉരുക്കൻ അഴികൾക്കിടയിലിട്ട് എന്നെ ചതയ്ക്കുന്നപോലെ.ഗേറ്റ് വേദന വിളിച്ചുകൂവും.തിരിഞ്ഞു നോക്കാത്ത എന്റെ വേഗനടത്തം.
   കട്ടിലിൽ മുഷിഞ്ഞ പുതപ്പും പുസ്തകങ്ങളും.അലമാരയിൽ അലക്കിയ ഉടുപ്പുകളും പൊട്ടിക്കാത്ത  കുപ്പിയും.കൈതയുടെ ശവത്തിന് ഒരുടുപ്പ്.അവൻ തന്നെയാണ് ചത്തത്, ഉറപ്പിച്ചു. വെള്ളയിൽ നീലവരയുള്ള ഉടുപ്പിട്ട് കൈതയുടെ ശരീരം.ഉടുപ്പിൽ ഞാൻ മണപ്പിച്ചതോ ഉമ്മവച്ചതോ? വേഗം പുറത്തേക്കിറങ്ങണം,നാൻസി അറിയരുത്.എന്നിട്ടും മുകളിലേക്ക് നോക്കിപ്പോയി.കൈത ചത്തുകിടക്കുമ്പോൾ അവളങ്ങനെ വായിച്ചിരിക്കുമോ? കരഞ്ഞുറങ്ങിയോ.? 
   പുറത്ത് മണ്ണും ഇരുമ്പും ഉമ്മ വയ്ക്കുന്ന ശബ്ദം.'ആണ്ടവരേന്നുള്ള...'തമിഴൻ‌ കരച്ചിൽ.കൂരയുടെ മുന്നിൽ ശവക്കുഴിവെട്ടുന്ന കൈത.സാറിന് ഇന്നും അനാഥശവം കിട്ടിയിട്ടുണ്ടാകും.ഈ പറമ്പിൽ മൂന്നോ നാലോ എണ്ണത്തിനെ ദഹിപ്പിക്കാനും കുഴിച്ചിടാനും അനുവദിച്ചിട്ടുണ്ട്.നിരാശ തോന്നി. വരയനുടുപ്പ് കൈയിലിരുന്ന് ഞെരിഞ്ഞു.കൈതയുടെ കണ്ണിൽപ്പെട്ടാൽ.?ശരീരത്തിന് ഒരു വിറ, വിയർപ്പ്.ഉടുപ്പിൽ  മുഖം തുടച്ചു.വീടിനുനേരെ പാഞ്ഞുവരുന്ന തെറിയും കല്ലുകളും.ഞാൻ എണ്ണൂറിനടുത്തേക്ക് ഓടി.കൈത കണ്ടു.
    കഴുത്തിന് വെട്ടുകത്തി ചേർത്ത് കൈതയെന്നെ എണ്ണൂറിന് പുറത്തേക്ക് വലിച്ചിട്ടു.പുല്ലുവിരിപ്പിൽ ഞങ്ങളുരുണ്ടു.വെട്ടുകത്തിയുള്ള കൈ ഞാൻ നിലത്ത് ചേർത്തുപിടിച്ചു.മുറുക്കാൻ കറയുള്ള പല്ലുകൾ എന്റെ കഴുത്തിനോട് ആഞ്ഞുവരുന്നു.മുഖത്തേക്ക് ചുവപ്പൻ കറ തെറിച്ചു.എണ്ണൂറിന്റെ താക്കോലുകൊണ്ട് ഞാനവന്റെ കഴുത്തിലും കണ്ണിലും പലതവണ കുത്തി.
    രക്തമൊലിക്കുന്നു.കൈത പതറി.ആ തക്കത്തിന് ചവിട്ടിത്തെറിപ്പിച്ചു.എണ്ണൂറ് എന്നെയും എടുത്തിട്ട് നിരത്തിലേക്ക് കുതിച്ചു.ഒരു കണ്ണും പൊത്തിപ്പിടിച്ച്,മറ്റേ കൈയിൽ വെട്ടുകത്തിയുമായി അവൻ പിന്നാലെ പായുന്നത് എണ്ണൂറ് ഇടം കണ്ണിൽ കാണിച്ചു തരുന്നു. 
    എണ്ണൂറും ഞാനും മോർച്ചറിയിലെത്തി.ഞങ്ങൾക്ക് കിതപ്പ് മാറുന്നില്ല.ഒരു കല്യാണക്കുറി പിൻസീറ്റിലേക്ക് വച്ചു.ഇനിയത് നേരിട്ട് പറയാൻ കഴിയില്ല.സാറ് അതുവഴിയാണല്ലോ കയറുന്നത്. കാണട്ടെ.കൊതിച്ചിരുന്ന ആ വിളിയും കൈത വിലക്കിയിരിക്കുന്നു.സാറ് കാറിലേക്ക് ഓടിവരുന്നു. എണ്ണൂറിന്റെ കണ്ണിൽ നോക്കി ഞാൻ മുഖം തുടച്ചു.നടന്നതൊന്നും പറയണ്ടെന്ന് എണ്ണൂറ്.ഒന്നും സംഭവിച്ചില്ലെന്ന് ഞാനും.ഒന്ന് പറഞ്ഞാൽ പിന്നെന്തൊക്കെ പറയേണ്ടതായി വരും.?
     ചോരക്കറയോടെ സാറ് മുൻസീറ്റിലേക്ക്‌ കയറി.ഞാൻ നീലവരയൻ ഉടുപ്പ് നീട്ടി.ഇട്ടിരുന്ന ഉടുപ്പ് പിൻസീറ്റിലേക്ക് ഊരിയെറിഞ്ഞു.എന്റെ കുറിമറഞ്ഞു.' ഒഴിയെടാ..'സാറിന്റെ വാക്കുകൾക്ക് പിശുക്ക്.എണ്ണൂറിന്റെ ഉള്ളിൽ ഒരു കുപ്പിയും ഗ്ലാസ്സുമുണ്ടാകും.ഡാഷ് ബോഡിലെ ഗ്ളാസ് നിലത്തിട്ട് സാറിന്റെ കാലിൽ ഞാനൊന്ന് തൊട്ടു.മാപ്പ് മാപ്പ്.ഉള്ളിലാവർത്തിച്ചപ്പോൾ ആശ്വാസം. 
    "എന്തു വള്ളിക്കെട്ടും പിടിച്ചാണ് മോർച്ചറിയിൽ.?".ഒഴിക്കുമ്പോഴെല്ലാം ഞാൻ സ്വാതന്ത്ര്യമെടുക്കും. സാറിന് മൗനം.വള്ളിക്കെട്ടുകളുടെ ആശുപത്രി സാധ്യതകൾ ചിന്തിച്ചു.തുറയിലെ ഒരു കെട്ടിന് വിറക് കയറ്റിമറിഞ്ഞ എണ്ണൂറിനെ വർക്ക്ഷോപ്പിൽ കൊണ്ടിട്ടത് ഓർത്തു.കൈതയെ മറക്കാനും ശ്രമിച്ചു. ഇനിയൊരു ശവം കിട്ടിയാൽ മാരുതികൾ ആമ്പുലൻസിന്റെ വേഷവും കെട്ടും.എണ്ണൂറിന്റെ മുഴച്ച ഗിയറിൽ സമ്മതിപ്പിക്കാൻ മുറുക്കെപ്പിടിച്ചു.
    കുടിച്ചത് തികട്ടിവന്നു.സാറെന്നെ നോക്കി.ഞങ്ങൾക്കൊട്ടും ചേരാത്തത് മൗനമാണ്.
ഇന്ന് സാറിന്റെ കറുപ്പൻ ചുണ്ടിന് കൂട്ടായിട്ടൊരു വിറയും.സാറിന്റെ നോട്ടം മോർച്ചറിയിലേക്കായി. ഞാൻ ആ കൈയിലിരുന്ന ഗ്ളാസുവാങ്ങി അടുത്തത് നിറയ്ക്കാൻ തുടങ്ങി.
    "നാൻസി അബദ്ധം കാണിച്ചെട പവനാ.ഇവിടെത്തിക്കും മുമ്പ്..."പിന്നീട് പറഞ്ഞതെല്ലാം ഇംഗ്ലീഷിലായിരുന്നു.എന്റെ കൈയിലിരുന്ന കുപ്പിയും ഗ്ലാസ്സും വിറകളോടെ ചുംബിക്കാൻ തുടങ്ങി. സാറത് പിടിച്ചുവാങ്ങി വായിലേക്ക് കമഴ്ത്തി.
     വിറയമർത്താൻ ഞാൻ സ്റ്റിയറിംഗിൽ മുറുക്കെപ്പിടിച്ചു.നെറ്റിയതിനെ ചാരി.എണ്ണൂറു കരഞ്ഞു. ഞെട്ടലോടെ നെറ്റിയുയർത്തി.നാൻസിയുടെ മരണത്തിലെന്റെ ഓഹരി.?സാറിന്റെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല.എണ്ണൂറിന്റെ മടിയിലൂടെ ഞാൻ ഭയന്നതിന്റെ വിയർപ്പൊഴുകി. 
    "അവളെ നീ തന്നെ കൈപ്പറ്റണം.കൈതയെ കുഴിവെട്ടാനാക്കിയാണ് ..." പുറത്തേക്കി‌റങ്ങാൻ കഴിയുന്നില്ല.സാറെന്നെ തള്ളിയിറക്കി.എണ്ണൂറിന്റെ മുൻഭാഗത്ത് റബ്ബറിട്ടുവച്ചിരുന്ന വിലകുറഞ്ഞ കല്യാണക്കുറികളിലേക്ക് സാറിന്റെ കൈകൾ നീളുന്നതു കണ്ടു.മോർച്ചറിയിലേക്ക് നടന്നതാണോ ഓടിയതോ? തടഞ്ഞുവീഴാൻ തുടങ്ങി,ഒരു പോലീസുകാരൻ താങ്ങി.അയാൾക്ക് എന്റെ മുഖം.
    മോർച്ചറിയുടെ പരിസരമാകെ നാൻസിയുടെ ബന്ധുക്കൾ.ആമ്പുലൻസിൽ കയറാനാവശ്യപ്പെട്ട പോലീസുകാരൻ ഒപ്പിട്ടചോറ് തിന്ന കുട്ടിയെന്നുറപ്പിച്ചു.അയാളിൽ സാറിനുവേണ്ടി ചെയ്യുന്നതിന്റെ ആവേശം.ബന്ധുക്കൾക്ക് പകയുള്ള നോട്ടം.ആംബുലൻസിൽ ഞാനും നാൻസിയും.ഒപ്പം കയറാൻ തുടങ്ങിയ ബന്ധുവിനെ പൊലീസുകാരൻ വിലക്കി.മുന്നിലും പിന്നിലും പൊക്കമുള്ള കാറുകളുടെ അകമ്പടി.ഉള്ളിൽ തുറിച്ചുനോട്ടങ്ങൾ.വളരെ പിന്നിൽ നീല എണ്ണൂറ്.സാറിന്റെ ഇന്ധനത്തിനൊത്ത് എണ്ണൂറിനും പൂസൻതാളം.
    നാൻസിയുടെ മുഖത്തു നോക്കാൻ ഭയം തോന്നിയില്ല.കുഴിവെട്ടുന്ന കൈതയെ ഓർത്തപ്പോൾ ഉള്ളിൽ വൃത്തികെട്ടൊരു ചിരി വന്നു.ആ വയസ്സൻ പട്ടിയുടെ കാവലില്ലാത്ത ഇവളുടെ മുഖത്തൊന്ന് പൊട്ടിക്കാൻ തോന്നി.ഇതിനെല്ലാം കാരണമായ ആ നശിച്ച ദിവസമോർത്ത് ആമ്പുലൻസിന്റെ വെളിയിലേക്ക് കാർക്കിച്ചുതുപ്പി.
    കോളേജിൽ നാൻസിയെ ഞാൻ നോക്കിനിന്നിട്ടുണ്ട്,സിനിമാതാര പരിഗണന.സാറിന്റെ മുന്നിലെപ്പോഴും അവളുണ്ടാകും.കല്യാണത്തിന് സാറെന്നെ ചേർത്തു നിർത്തിയപ്പോൾ ഒന്നിച്ചുള്ള ഫോട്ടോയും.സാറിനെ മുറിയിലേക്ക് ചുമക്കുമ്പോൾ സെറ്റിയിൽ കിടന്നുള്ള വായന.സാറിന്  കമ്പനികൊടുക്കുമ്പോൾ പുറത്തേക്കോ അകത്തേക്കോ ഭംഗിയായി ഒരുങ്ങിയിറങ്ങുന്ന നാൻസി. കൈതയുടെ കാവലുകടന്ന് എന്റെ നോട്ടങ്ങൾ നീണ്ടുവാഴില്ല.  
    നാൻസിയോടധികമൊന്നും മിണ്ടിയിട്ടില്ല.ഹോണ്ടാസിറ്റിയുടെ ഒരാവശ്യത്തിന് വിളിച്ചു.പണിയിൽ കൈതയും സഹായിയായി നിന്നു.'ശരിയായോന്ന്'പലതവണ ചോദിച്ചു.കാറിന്റെ ടയറുകൾ ഞെക്കിയും പിതുക്കിയും പരിശോധന.അവൾ ചിരിച്ചു,ഞാനും.കൂരയിലേക്ക് നടക്കുന്ന കൈത ഒരു തവണ തിരിഞ്ഞു നോക്കി.ചെമ്പരത്തിയുടെ മുഴുത്ത കൊമ്പിൽ ഒറ്റവെട്ട്.കാലിലൂടെ എനിക്കൊരു ഭയപ്പെരുപ്പ്.
   സാറിനെ മുറിയിലാക്കി വരുമ്പോഴെല്ലാം 'ഇതിരിക്കട്ടെ'ന്ന് അമ്പതോ നൂറോ നാൻസി പോക്കറ്റിൽ തിരുകും.നിരസിക്കാനാകാതെ കൈയിൽ പിടിക്കും.കുഞ്ഞൻ പിടിവലി,തർക്കം, ചിരി.വാതിലിന്റെ മറവിലെ കൈതയെ ഞാൻ നോക്കും.അവന്റെ മുറുകൽ എനിക്കുമാത്രം കേൾക്കാം.പേടിപ്പിക്കുന്ന ശബ്ദത്തിലടയുന്ന ഗേറ്റ്.ഓടുന്ന താളത്തിലെന്റെ നടത്തം.കടലിന്റെ കിതപ്പ്.
    നാൻസിയത് ചെയ്യുമെന്നു കരുതിയതല്ല.എനിക്ക് തെറ്റിയിട്ടില്ല.കൈതയ്ക്ക് കുറ്റക്കാരനായി കാണാനുള്ള രംഗങ്ങളുണ്ടായി,അതാണ് സത്യം.അന്നാണവൻ്റെ വെട്ടുകത്തിയുള്ള കാത്തിരിപ്പും, എന്റെ ഒളിച്ചോട്ടങ്ങളും തുടങ്ങിയത്.ആംബലൻസ് കുലുങ്ങി,നാൻസിയുടെ തണുപ്പിൽ ഞാൻ തൊട്ടു.ആ ഓർമ്മകളും ഒരു ഛർദ്ദിയും തൊണ്ടയോളമെത്തി. 
   എണ്ണൂറും സാറും മീൻ വിറ്റോണ്ടിരുന്ന പെണ്ണിന്റെ മുകളിലേക്ക് ചെന്നുകയറി.സകലരും കൈവച്ച ശേഷമാണ് ഞാനെത്തിയത്.സ്‌കാനിംഗും ചിലവിന് നല്ലൊരു തുകയും ചേർത്ത് ഒരുവിധം ഒതുക്കി. സാറിന്റെ കഴുത്തിലെ മാലയൂരിക്കൊടുത്താണ് സ്റ്റേഷനിൽ നിന്ന് എണ്ണൂറിനെ ഊരിയെടുത്തത്.
വൈകിട്ട്‌ വർക്ക്ഷോപ്പിൽ സാറിന്റെ വക കുപ്പിയും ക്ലാസും.മേസ്തിരിയും പണിക്കാരും സാറിന്റെ 'ഗ്ളാസി'ലിരുന്ന് ഒഥല്ലോയെ നേരിട്ട് കണ്ടു,പഠിച്ചു.
    മുറിയിലേക്ക് വലിച്ചിഴച്ചുപോകുമ്പോൾ സാറിന്റെ ചുണ്ടിൽ മാർക്കാന്റണിയുടെ പ്രസംഗം.
ചുവന്ന തലമുടിക്കാരിയുടെ പടമുള്ള പുസ്തകവുമായി സെറ്റിയിൽ കിടന്ന നാൻസിയുടെ ചിരി. ഞാൻ വാതിലിൽ കൈതയെ തിരഞ്ഞു.ഇരുട്ടവനെ ബുദ്ധിപൂർവ്വം ഒളിപ്പിച്ചു.ഞാനും ചിരിച്ചു. മുഷിഞ്ഞ പുതപ്പിനിടയിലേക്ക് ഇഴഞ്ഞുകയറുന്ന സാറിനെ ഞാനല്പനേരം നോക്കിനിന്നു.  
    ആ പ്രസംഗത്തിന്റെ ബാക്കിയും ചുണ്ടിലിട്ടു വന്ന എന്നെ നാൻസി മുകളിലേക്ക് വിളിച്ചു.ഉടുപ്പിന്റെ കുടുക്കുകൾ വലിച്ചു പൊട്ടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടപ്പോൾ എനിക്കു വിറച്ചു.ചോപ്പൻ ചുണ്ട്
മുഖത്തേക്കടുപ്പിച്ചപ്പോൾ നിലവിളിച്ചു.നാൻസിയും തലമുടി ചുവപ്പിച്ചിരുന്നു.മിനിറ്റുകൾ, നാൻസിയുടെ ശ്രമങ്ങൾ.ഏതോ നിമിഷങ്ങളിൽ ഞാനും.? അതിനെനിക്ക് കഴിയില്ലല്ലോ.കരഞ്ഞത് കൈത കേട്ടിട്ടുണ്ടാകും.  
   "എണീറ്റ് പോടാ,നീ സാറിന്റെ പതിപ്പാണ്.."നാൻസി കട്ടിലിൽ ചാരിയിരുന്നു.എന്റെ മുഖത്തേക്ക് 
ആ പുസ്തകം വലിച്ചെറിഞ്ഞു.ഞാൻ പുറത്തേക്കിറങ്ങി.കൈത,കൈയിലെ വെട്ടുകത്തി.തീയുള്ള ബീഡി മുഖത്തേക്ക് തുപ്പി.മുരൾച്ച.തുറയിലേക്ക് പറക്കാൻ ഉടുപ്പെനിക്ക് ചിറകായി.കൈതയുടെ ഒരു വെട്ട് ഏതു നിമിഷവും.നാൻസിയുടെ മണം, മുടിയിലെ ചുവപ്പ്.കൈതയുടെ കിതപ്പ് വീടിന് വെളിയിലെത്തിയോ.? ഇരുട്ടുകയറ്റിവച്ച വളളങ്ങളിൽ രാത്രി ഒളിച്ചുകിടന്നു.പുലിമുട്ടിനറ്റത്തുചെന്ന് അപ്പനോട് ഉറക്കെ കരഞ്ഞു.സാറിൽ നിന്നെത്രകാലം ഒളിച്ചോടുമെന്ന് തിരകളുടെ ചോദ്യം. 
     ആംബുലൻസിന്റെ പുറത്തേക്ക് ഞാൻ വീണ്ടും കാർക്കിച്ചു തുപ്പി.
സത്യമുള്ള ഉപ്പുക്കാറ്റ്, തുപ്പലെന്റെ മുഖത്തേക്ക് തെറിപ്പിച്ചു.നാൻസിയുടെ മുഖത്ത് വിളർച്ചയുള്ള കുറ്റസമ്മതം.
     കവലയിൽ ആംബുലൻസ് അല്പനേരം സംശയിച്ചു.ഇടത്തേക്ക് കടലും ഞങ്ങളുടെ വീടും, വലത്തേക്ക് കരയും നാൻസിയുടെ വീട്ടുകാരും.കാറിൽ നിന്നിറങ്ങിയ അവളുടെ ബന്ധുക്കൾ ആമ്പുലൻസിലേക്ക് ഇരച്ചുകയറി.ഡ്രൈവർക്കൊപ്പമിരുന്നവൻ കരയെന്ന് വഴി കാണിക്കുന്നു. വലത്തേക്ക്, മുന്നിൽ നീങ്ങിയ കാറുകളുടെ സിഗ്നൽ.ഞങ്ങൾക്കൊപ്പം കയറിയവന്റെ നോട്ടം തൊണ്ടയിലിട്ട് എന്റെ വാക്കുകൾ തടഞ്ഞു.നാൻസിയെ തൊട്ട കൈ ഞാൻ പിൻവലിച്ചു.പിന്നിൽ എണ്ണൂറ് കിതച്ചോടി വരുന്നുണ്ട്.വലിയ കാറുകൾ സുരസകണക്കെ കുള്ളൻ മാരുതിയെ തടയുന്നു.
    വലിയ ഗേറ്റിനുള്ളിലേക്ക് ആംബുലൻസ് കയറിച്ചെന്നു.മടങ്ങി വരവിൽ നാൻസി ഒന്നു കുലുങ്ങി. വെളുത്ത് പൊക്കമുള്ള ആളുകൾ പറമ്പിൽ ചിതറിനിൽക്കുന്നു.ആമ്പുലൻസിലേക്ക് ശവപ്പെട്ടി ചുമക്കുന്ന ഒരു സംഘം.മുന്നിലൊരു വലിയ മനുഷ്യൻ.ഇരട്ടക്കുഴൽ നോട്ടം.അയാൾ എന്നെ പുറത്തേക്ക് വലിച്ചിട്ടു.നാൻസിയുടെ കവിളിൽ തൊട്ടു,കൈയുയർത്തി.ആ സംഘം അവളെ ശവപ്പെട്ടിയിലേക്ക് അടച്ചു.കരച്ചിലുകളോ നിലവിളിയോ ഇല്ല.പാതിരിസംഘവും അടക്കത്തിന് കാത്തുനിൽക്കുന്നു.പെട്ടി അവിടേക്ക് നീങ്ങി.ഞാൻ, ഓടിച്ചെന്ന് ആ മനുഷ്യന്റെ കാലിൽ വീണു.
    എടുത്തെറിയുന്നപോലെ ഗേറ്റിന് പുറത്തേക്ക് ഞാൻ തെറിച്ചു.റോഡരികിൽ നിരത്തി നിർത്തിയ വിലകൂടിയ വണ്ടികളിലേക്ക് എണ്ണൂറ് പാഞ്ഞുകയറി.തല്ലാനുള്ള ആവേശത്തിൽ ബന്ധുക്കൾ സാറിനെ പുറത്തേക്ക് വലിച്ചെടുക്കുന്നു.ആദ്യകൈ വീഴുന്നതിന് മുമ്പ് ഞാനെത്തി.മുഖത്ത് വീണ അടിയും തെറികളും വാങ്ങി.നിലത്തേക്ക് ചൂണ്ടി അവർ പറഞ്ഞതെല്ലാം അനുസരിച്ചു.സാറിനെ എണ്ണൂറിന്റെ പിൻസീറ്റിൽ കിടത്തി.ഛർദ്ദിയും ഇംഗ്ലീഷിലുള്ള തെറികളും.കല്യാണക്കുറിയിൽ സാറിന്റെ കാലുകൾ.എണ്ണൂറിനോട് മടക്കമെന്ന ഗിയറിട്ടു.  
    ഗേറ്റ് ഞങ്ങളെ കാത്തു കിടന്നു.പൂർത്തിയായ കുഴിയിലേക്ക് കാലുകൾ ഇറക്കിവച്ചിരുന്ന് പല്ലിട കുത്തുന്ന കൈത.എണ്ണൂറിൽ നിന്നിറങ്ങിയ സാറ് നാൻസിയുടെ പുസ്തകങ്ങളും തുണിയുമായി ആ കുഴിയിലേക്ക് വാശിപോലെ നടക്കുന്നു.ചിലതെല്ലാം പുല്ലുവിരിപ്പിൽ ഊർന്നുവീഴുന്നു.വെട്ടുകത്തി മുറുക്കെപ്പിടിച്ച് തലകുനിച്ചു നിൽക്കുന്ന കൈത.സാറിനെ ആ വെട്ടുകത്തി?.ഭയത്തോടെ ഞാൻ കുഴിക്കരികിലേക്ക് നടന്നു.
       സാറ് പല തവണ പോയിവന്നു.കുഴിയുടെ കുറച്ചുഭാഗം നിറഞ്ഞു.ഏറ്റവും മുകളിൽ ചുവന്ന തലമുടിയുള്ള പെണ്ണിന്റെ ആ പുസ്തകം.എണ്ണൂറ് രക്തക്കറയുള്ള ആ ഉടുപ്പിനെ ഓർമ്മിപ്പിച്ചു. കുറിയും ഉടുപ്പിൽ പൊതിഞ്ഞെടുത്തു.ചുവന്ന തലമുടിക്കാരിയുടെ ഇടതുവശത്ത് ആ കുറി ചെന്നുവീണു.അവൾക്ക് പകയുള്ള നോട്ടം.ഞാനൊന്ന് ചൂളി.
    മോർച്ചറിയിൽ പോലീസുകാരനേല്പിച്ച നാൻസിയുടെ ആഭരണങ്ങൾ സാറിന് നീട്ടി.വിരലുകൊണ്ട് പൊതിയിലമർത്തിയ ശേഷം ഉടുപ്പിന്റെ പോക്കറ്റിലേക്ക് വച്ചു.ഇളം ഇരുട്ട്, കുഴിയിലേക്ക് ഞങ്ങളുടെ നിഴലുകളെ തള്ളിയിട്ടു.കൂനിപ്പിടിച്ചിരുന്ന കൈതയുടെ നിഴലിനെ ഒറ്റയാക്കി ഞങ്ങൾ കയറിപ്പോന്നു. ഗ്ലാസ്സുകളിൽ നിറച്ചത് സാറാണ്.'കൈതേന്ന്...' നീട്ടിയുള്ള ഒരു വിളി.ആർത്തിപിടിച്ച മണ്ണ് കുഴിയിലെ രഹസ്യങ്ങളിലേക്ക് ചാടിവീഴുന്ന ശബ്ദം.കൈതയുടെ കരച്ചിലും കുഴിയിൽ നിറയുന്നു.
    വരാന്തയിൽ ചാരിയിരിക്കുന്ന സാറിന്റെ കൈയിൽ വിലകുറഞ്ഞ കല്യാണക്കുറി."നീ അതിനെ നന്നാക്കിയെടുക്കണം."കുറിയിലേക്ക് നോക്കി എണ്ണൂറിനെ ചൂണ്ടിയുള്ള സാറിന്റെ ശബ്ദത്തിന് പതർച്ച.ഞാൻ കൈയിൽ തൊട്ടു.എന്നെ മുഖമുയർത്തി നോക്കി.കുറിയിലൊരു അക്ഷരത്തെറ്റ് കണ്ടെത്തി വട്ടമിട്ടു.മുഖത്തിനിയും പറയാൻ ബാക്കിയുണ്ട്. 
    പറമ്പിലാകെ കൂര കത്തുന്നതിന്റെ വെളിച്ചം.പുല്ലുവിരിപ്പിൽ ഊർന്നുകിടന്നതെല്ലാം തീയിലേക്ക് അലർച്ചയോടെ വലിച്ചെറിയുന്ന കൈത.ഞങ്ങളതും നോക്കിയിരുന്നു.മുകൾനിലയിൽ, ജാലകങ്ങളിലെ കണ്ണാടിയിലും ഹോണ്ടാസിറ്റിയുടെ മുഖത്തും കൂരകൾ കത്തുന്നുണ്ട്.കരച്ചിലിൽ തെറികൾ കൊരുത്ത് ആ വീടിന് നേർക്ക് കൈതയുടെ തോറ്റംപാട്ട്.എണ്ണൂറിന്റെ മുഖത്ത് ഇരുട്ട്.
    തലക്കെട്ടഴിച്ച് വിയർപ്പുതുടച്ച് ഞങ്ങളുടെ നേർക്ക് വരുന്ന കൈത.വെട്ടുകത്തിയുടെ തിളക്കം. ചുണ്ടിൽ അണഞ്ഞ ബീഡി.എന്റെ നേർക്ക് മുറിഞ്ഞ കണ്ണിന്റെ നോട്ടം.ഞാൻ തൂണിന്റെ മറവിലേക്ക് മാറി. ഞാനൊഴിച്ചുവച്ചത് കൈത കുടിച്ചു.കാർക്കിച്ചു തുപ്പി.ചുണ്ട് വിട്ടുപോകില്ലെന്ന്, പതഞ്ഞ തുപ്പൽ വാശിപിടിച്ചു.തോർത്തിലേക്ക് അത് തുടച്ചു.     
   ആഭരണങ്ങളുടെ പൊതി സാറ് എന്റെ മുന്നിലേക്ക് നീക്കിവച്ചു.വെട്ടുകത്തി അതിനരികിലായി വച്ചിട്ട് കൈത ചിരിക്കാൻ ശ്രമിച്ചു.ഞാനുണ്ടാക്കിയ മുറിവുകളിൽ രക്തമൊലിക്കുന്നു. മുകൾനിലയിലെ ഇരുട്ടിലേക്ക് കൈത അല്പനേരം നോക്കി.ചുണ്ടിലിരുന്ന ബീഡിക്ക് തീകൊടുത്തു. കൈതയും എരിയുന്നു.എന്റെ നേർക്ക് കൈ നീട്ടി.ഞാൻ അനങ്ങിയില്ല.പുക ഊതിവിട്ട ചുണ്ടിൽ ചിരിയുടെ കറ.കൈത ഹോണ്ടാസിറ്റിയുടെ മുഖത്തെ കണ്ണീരും തുടച്ചു.ഗേറ്റിനെ ഒന്നു തൊട്ടു. ആഭരണപ്പൊതിയിലെത്തിയ എന്റെ കൈ.വലിയ പൊള്ളൽ.           
        "കൈതേ..."
        "ആണ്ടവൻ വേണ്ടിക്കെട്ടും"ഗേറ്റിലേക്ക് നടന്ന കൈതയും,വരാന്തയിൽ കിടന്ന സാറും ആ മൂന്ന് വാക്കിൽ മുറിഞ്ഞു.കൈത നിരത്തിനറ്റത്ത് ബീഡിവെട്ടമായി.ഗേറ്റ് കടലിനു നേർക്ക് ചിരിക്കുന്നു. എനിക്കിത്തിരി ധൈര്യം വന്നു.തുറക്കാരും വരിവരി വരും.ഞാൻ സാറിന്റെ തോളിൽ കൈവച്ചു.
      "പവനാ, നീ വരണം വിളിക്കണം.ചത്താലെടുത്ത് കുഴിച്ചിടണം."ഗ്ലാസ്സിലുള്ളത് തീർത്തിട്ട് സാറെന്നെ കെട്ടിപ്പിടിച്ചു.
      "ഒപ്പം ജീവിക്കാനുള്ള പെണ്ണിനെപ്പറ്റി നിനക്കുവല്ലതും അറിയുവോടാ..?" സാറിന്റെ കരച്ചിൽ ഞാനാദ്യം കാണുകയാണ്.എനിക്കെന്തോ ഒരു വെറുപ്പുതോന്നി.നാൻസിയെ കൊല്ലിച്ചത് ആരുടെ അറിവില്ലായ്മയാണ്.? പഠിപ്പിക്കാനെളുപ്പമാണ് പാടാനല്ലേ പാട്.എനിക്ക് ചോദ്യങ്ങളുണ്ടായി.   
    കല്യാണക്കുറിയിൽ നിന്നും കീറിയെടുത്ത ഒരു തുണ്ടുപേപ്പറിൽ സാറെന്തോയെഴുതി ഒപ്പിട്ടു തന്നു. ചിതറിയ ഇംഗ്ലീഷ് വാക്കുകൾ.കപ്പൽ വിളക്കിന്റെ ചുവട്ടിലിരുന്നത് വായിക്കാൻ ശ്രമിച്ചു.ചുമച്ചും കുടിച്ചും തന്നിലേക്ക് ഒളിച്ചോടിയവന്റെ തത്വചിന്ത.കാറി വന്ന തുപ്പൽ ഞാനൊതുക്കി. 
     നാൻസിക്കുവേണ്ടി സാറിനോട് ചിലത് ചോദിക്കണമെന്നു കരുതി വീട്ടിലേക്ക് നടന്നു. വളരാത്ത സാറും എണ്ണൂറും അതാ! കടലിലേക്ക് പാഞ്ഞുപോകുന്നു.ശവത്തിലിടാൻ ഞാനെടുത്ത നീലവരയൻ ഉടുപ്പ് കണ്ടു.എനിക്ക് തികട്ടിവന്ന ചോദ്യങ്ങളെ ഉരുക്കൻ ഗേറ്റിന്റെ മൗനത്തിലേക്ക് ആ പെണ്ണിന്റെ  ആഭരണങ്ങൾക്കൊപ്പം ഛർദ്ദിച്ചു വച്ചു.! 

കെ.എസ്.രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment