Tuesday 26 March 2024

ഒറ്റാൾത്തെയ്യം..!

ഒറ്റാൾത്തെയ്യം..!

  "എനിക്ക് ഭ്രാന്തൊന്നുമില്ല സാറെ, ഈ കഥ ആരോടെങ്കിലുമൊന്ന് പറയണമായിരുന്നു.." 
ദേഷ്യപ്പെട്ട് ഞാനെഴുന്നേറ്റപ്പോൾ കസേരകൾ പിന്നിലേക്ക് വീണു.ഡോക്ടറുടെ മുഖത്തെ ചിരി മാറി. വെളിയിൽ എന്നെ കാത്തിരിക്കുന്ന സഹപ്രവർത്തകർ കാണാതെ ഞാൻ ആ ആശുപത്രിയുടെ വെളിയിലേക്ക്  ഇറങ്ങിയോടുകയായിരുന്നു.
     ജോമിയുടെ വീടിനെക്കുറിച്ചുള്ള പരാതികളിൽ കോർപ്പറേഷന്റെ അന്വേഷണ റിപ്പോർട്ട് എന്റെ മേശയിൽ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.എന്റെ സ്ഥാനത്ത് നിങ്ങളായാലും ചിലപ്പോൾ അങ്ങനെയുണ്ടാകും.നഗര ഹൃദയത്തിൽ ആളൊഴിഞ്ഞ് കാടുപിടിച്ച ആ ഇരുനില വീട്, ലഹരിവിൽപ്പനയുടെ പേരിലും മാലിന്യം അനാശാസ്യം എന്നിങ്ങനെ പത്രങ്ങളിൽ പലതവണ ഇടംപിടിച്ചതാണ്.അതിനെക്കുറിച്ച് അന്വേഷിച്ച എന്റെ ജീവനക്കാരൻ നല്ല ഭാവനയുള്ളവനാണ്. അയാളുടെ റിപ്പോർട്ട് ഞാനെന്റെ ഭൂതകാലത്തോട് കൂട്ടിവായിക്കുകയായിരുന്നു.
   ആ റിപ്പോർട്ടിലെ മുഖ്യ കക്ഷിയായ ജോമിക്ക് ഒരിക്കൽ ഞാൻ ആരൊക്കെയോ ആയിരുന്നു. അതോർത്തിട്ടാകും ഒരിത്തിരിനേരം നഗരസഭയുടെ സെക്രട്ടറി ഞാനാണെന്നത് മറന്ന് ഓഫീസ് വരാന്തയിലൂടെ എന്തൊക്കെയോ വിളിച്ചുകൂകിക്കൊണ്ട് ഓടി.ഔദ്യോഗിക വാഹനത്തിൽ എന്നെ ഭ്രാന്താശുപത്രിയിൽ എത്തിച്ചവർ ഇപ്പോൾ ഈ നഗരം മുഴുവൻ തിരയുന്നുണ്ടാകും.
   മണ്ണിലുറച്ചുപോയ ഗേറ്റ് എത്ര ശ്രമിച്ചിട്ടും എനിക്ക് തുറക്കാൻ കഴിയുന്നില്ല.ഈ ഇരുനില വീടും, ഉടമയായ ജോമിയും എനിക്കാരാണെന്നും ഞാനെന്തിനാണ് ഇവിടെയിപ്പോൾ വന്നതെന്നുമൊക്കെ ചോദിച്ചാൽ കൃത്യമായൊരു മറുപടി തരാനൊന്നും കഴിയില്ല.പക്ഷേ, അന്ന് ജോമിയെ ഞാൻ ഒപ്പം കൂട്ടണമായിരുന്നു.എങ്കിൽ ഈ വീടിനും അവനും ചിലപ്പോൾ ആ ദുരന്തം സംഭവിക്കുമായിരുന്നില്ല.
     വീട്ടിലേക്ക് മതില് ചാടിയ ഞാൻ,വീണത് തീയിലായിരുന്നു.ആരോ ചവറുകൂനയ്ക്ക് തീയിട്ടതാകും. ചൂടുതട്ടിയപ്പോൾ ടൈലുകൾ പാകി പുല്ലുകയറാത്ത മുറ്റത്തേക്ക് ഓടിമാറി.വീടിന്റെ വാതിലുകളും ജനാലകളും ഇളകിത്തൂങ്ങിയിട്ടുണ്ട്.ചരിച്ചുവാർത്ത് ഓടുപാകിയ മേൽക്കൂരയിലൂടെ ഈഞ്ചവള്ളികൾ പിടിച്ചുകയറിയിരിക്കുന്നു.തീയേറ്റ് വള്ളിയിലെ ഇലകൾക്കും വാട്ടം.വീടിന്റെ ചുവരിനോട് ചാരിയിരിക്കുന്ന ജോമിയുടെ ദ്രവിച്ചുതുടങ്ങിയ ബൈക്ക്.വള്ളിയുടെ ഒരു പിടുത്തം അതിലുമുണ്ട്.റിപ്പോർട്ടിൽ വായിച്ചതുപോലെ മാലിന്യകൂമ്പാരത്തിന് രൂക്ഷമായ ഗന്ധം.തീപിടിച്ച ഭാഗത്ത് അണയ്ക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്.
   വീട്ടിനുള്ളിലാകെ സിഗരറ്റും സിറിഞ്ചും മദ്യക്കുപ്പികളും.മേശയിലെ വാഴയിലയിൽ ഊണിന്റെ ബാക്കി.നടുവിൽ ഉരുകിത്തീർന്ന മെഴുകുതിരി.ഒരു കുത്ത് ചീട്ട്.നിലത്ത് തുറന്നിരുന്ന കുടിവെള്ളത്തിന്റെ കുപ്പിയിൽ പതഞ്ഞ മഞ്ഞിച്ച മൂത്രം.ചുവരുകൾക്കും മൂത്രഗന്ധം.സെറ്റിയിൽ ഗർഭനിരോധന ഉറയുടെ പൊട്ടിച്ച ഒരു പാക്കറ്റ്.ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒന്ന് ജനാലയുടെ അഴിയിൽ കുരുങ്ങിക്കിടക്കുന്നു.പടിയിൽ ഒലിച്ചിറങ്ങിയ ശുക്ല നനവ്.ലൈറ്റ് തെളിക്കാൻ ശ്രമിച്ചു, അതിന്റെ ആയുസ്സും വിശ്ചേദിക്കപ്പെട്ടിരുന്നു.പൈപ്പിനുള്ളിലൂടെ വീടിന്റെ അന്ത്യശ്വാസം.ഈ വീട് ജോമിയുള്ളപ്പോഴും ഏകദേശം ഇങ്ങനെയായിരുന്നു.ഞാനാണതിനെ അന്ന് മാറ്റാൻ ശ്രമിച്ചത്. 
     മതിലിന്റെ അപ്പുറത്ത് ഒറ്റയൊറ്റയായ ചെറിയ മുറികളിൽ ഉച്ചത്തിലുള്ള ഹിന്ദി സംഭാഷണങ്ങൾ കേൾക്കുന്നു.പരിചിതമല്ലാത്ത ഭക്ഷണത്തിന്റെ മണങ്ങളും പുകയും അവിടെ ഉയരുന്നു.അതിലെ ഒരു മുറിയിലാണ് ഞാൻ വാടകയ്ക്ക് താമസിച്ചിരുന്നത്.അന്നൊക്കെ അസൂയമൂത്ത് നോക്കിനിന്ന ജോമിയുടെ വീടിനെക്കുറിച്ചോ അവനുണ്ടായ ദുരന്തത്തെപ്പറ്റിയോ ഒരു ജീവനക്കാരന്റെ ഭാവനയിലൂടെ വായിച്ചറിയേണ്ടതില്ലല്ലോ.അതെന്റെയും അനുഭവമല്ലേ..?
    എനിക്ക് പറയാനുള്ളത് വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ്.ഞാനന്ന് ഈ നഗരത്തിലെ ഒരു തീയേറ്ററിൽ ടിക്കറ്റ് കീറാൻ നിൽക്കുന്ന കാലം.ജീവിക്കാനായി സകല വേഷങ്ങളും കെട്ടി ഏതാണ്ട് കരപറ്റുമെന്ന് തോന്നിത്തുടങ്ങിയ സമയം.സർവീസ്‌ കമ്മീഷന്റെ മൂന്നോ നാലോ റാങ്ക് പട്ടികയിൽ സുരക്ഷിതമായ ഇടം.ജോലി ഉറച്ച ഒന്നുരണ്ട് അഭിമുഖങ്ങൾ.ഉടനേ സർക്കാരിന്റെ ഭാഗമാകും എന്ന പ്രതീക്ഷയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും.അതിലുള്ളതാണ് ജോമിയുടേത് പോലുള്ള വീടും.
    കാലത്തിനൊപ്പം നടക്കാനറിയാത്ത എന്റെ മുതലാളിക്കും ആ തീയേറ്ററിനും ഒരു ഹിറ്റും ചിലവ് കാശും കിട്ടിയ കാലം മറന്നു.പാതിരാപ്പടത്തിന് ആള് തീരെ കുറവായിരിക്കും മിക്കവാറും ആ ഷോ  ഉണ്ടാകാറില്ല.ടിക്കറ്റിന് വരി നിന്നുമടുക്കുന്ന നാലഞ്ചാളുകൾ ഇത്തിരിനേരം കാത്തിട്ട് മുതലാളിയെ തെറിയും പറഞ്ഞങ്ങ് പോകും.തീയേറ്ററു പൂട്ടി ഞാനും മുറിയിലേക്ക് നടക്കും.
     അങ്ങനെയുള്ള ദിവസങ്ങളിലാണ് ജോമിയെ ഞാൻ കാണുന്നത്.പാതിരാപ്പടത്തിന് മാത്രമേ അവൻ വരാറുള്ളു.ഷോ കഴിഞ്ഞാലും കസേരയിൽ നീണ്ടുകിടന്നുറങ്ങുന്ന അവനെ തട്ടിയുണർത്തി വിടാനുള്ള സെക്കുരിറ്റിയുടെ ശ്രമങ്ങൾക്ക് ഞാനും കൂട്ടുപോകും.ഞങ്ങളങ്ങനെ പരിചിതരായി.ഒരേ പടത്തിന് ടിക്കറ്റെടുത്ത്,അതേ സീറ്റിൽ മുഷിപ്പൻ വേഷത്തിൽ മദ്യമണവുമായി ഉറങ്ങുന്ന ചെറുപ്പക്കാരൻ.വിളിച്ചുണർത്തുമ്പോൾ നിരവധി തവണ ക്ഷമ പറഞ്ഞിട്ട് ബൈക്കുമായി തീയേറ്റർ വിടും.അവനെ ഗേറ്റുവാച്ചർ ചീത്ത വിളിക്കുന്നതും പ്രാകുന്നതും കൗതുകത്തോടെ ഞാൻ കണ്ടുനിന്നിട്ടുണ്ട്.
    തീയേറ്ററുകൾ സമരത്തിലായിരുന്ന ദിവസത്തെ പകലുറക്കം കഴിഞ്ഞാണ് ജോമി എന്റെ അയൽക്കാരനാണെന്ന് തിരിച്ചറിയുന്നത്.ഒരു ബീഡിയും വലിച്ച് അപ്പുറത്തെ വലിയ വീട്ടിലേക്ക് അസൂയമൂത്തങ്ങനെ നോക്കുന്ന ഞാൻ.രണ്ടാമത്തെ നിലയിൽ നിന്നുകൊണ്ട് സിഗരറ്റുപുക അയൽക്കാരുടെ വീടിനുനേർക്ക് ഊതിവിടുന്ന ഒരു ചെറുപ്പക്കാരൻ.തീയേറ്ററിൽ നിന്നും സ്ഥിരമായി ഞങ്ങൾ വിളിച്ചുണർത്തിവിടുന്ന അതേ നരച്ച ജീൻസിന്റെ ഉടുപ്പും കറുത്ത പാന്റുമാണ് വേഷം. ബീഡി എന്നെ ചുമപ്പിച്ചു.ജോമിയെന്നെ കാണട്ടെയെന്ന് ഞാൻ ഒന്നുകൂടെ ചുമച്ചു.പരസ്പരം ചിരിച്ചു. എന്റെ കൈ അവിടേക്ക് പരിചിത ഭാവത്തിൽ ഉയർന്നു.അവന്റെ മുഖത്തും ചിരി.
    മുറിയിൽക്കയറി മൂന്നാമത്തെ പുക വിട്ടതേയുള്ളു പുറത്ത് ജോമിയുടെ ബൈക്കിന്റെ മുഴക്കം. ഒറ്റമുറിയുടെ വാതിൽ അവനുവേണ്ടി തുറന്നു.മുഷിപ്പൻ ഗന്ധവും സിഗാർ ചിരിയുമായി അവൻ  വന്നു.തീയേറ്ററുകൾ സമരത്തിലാണെന്ന് ഞാനപ്പോൾ പറഞ്ഞില്ലെങ്കിൽ അന്നുരാത്രിയും അവൻ സിനിമയ്ക്ക് പോകുമായിരുന്നു.ജോമി സിഗരറ്റ് നീട്ടി.ഞാൻ ബീഡിയണച്ച് മേശയുടെ വലിപ്പിലേക്ക് വച്ചു.സിഗരറ്റുകൾ തമ്മിൽ വളരെ നേരം കത്തിച്ചിരിച്ചു.ഞങ്ങൾ ഏറെയൊന്നും മിണ്ടിയില്ല.ജോമി എന്റെ കട്ടിലിൽ അല്പനേരം കിടന്നു.ഇറങ്ങിപ്പോയിട്ടും മുഷിപ്പൻ ഗന്ധം വിരിപ്പിൽ ബാക്കിയുണ്ടായിരുന്നു.
    ഊണിന്റെ പൊതിയഴിക്കാൻ കൈ കഴുകി വരുമ്പോൾ ജോമി മുകളിലെ നിലയിൽ അടുത്ത സിഗരറ്റിലായിരുന്നു.'കഴിച്ചോ'യെന്ന കൈയാംഗ്യത്തിന് പൊതിതുറക്കും മുൻപ് ആ മുഷിപ്പൻ മണം  വീണ്ടുമെന്റെ മുറിയിലെത്തി.അവന്റെ കഴുകാത്ത കൈ ഊണുപൊതിയിൽ പെരുമാറുന്നത് കുറ്റബോധത്തോടെ നോക്കിയിരുന്നു.കറുത്ത നഖമുള്ള വിരലുകൾ ചോറിൽ വച്ചെന്നെ തൊടാൻ ശ്രമിക്കുന്നുണ്ടോ?.ഇലയും പേപ്പറും സ്വന്തം പറമ്പിലേക്ക് വലിച്ചെറിഞ്ഞ ജോമിയുടെ മുഖത്ത് ചിരി. അവൻ കട്ടിലിൽ മറന്നുവച്ച സിഗരറ്റിൽ ഞാൻ ആ രാത്രി കഴിഞ്ഞു.
     ഒറ്റപ്പൊതിയിൽ രണ്ടു നേരം കഴിയേണ്ട എനിക്ക് ജോമിയുടെ കൈ, വിശപ്പുള്ള ബാധ്യതയായി. വരരുതെന്ന് പറയാനോ,പൊതിക്കുള്ള പണം ചോദിക്കാനോ കഴിയുന്നില്ല.ഊണിനിരിക്കാൻ വിളിക്കാതെയുള്ള വരവും തുടങ്ങി.ആ ബൈക്കിന്റെ പതിവ് ചാരിയിരുപ്പ് ഒറ്റമുറിയുടെ മുന്നിലായി. അതിനുമപ്പുറം എന്നെ തൊടാൻ മാത്രമാണ് അവന്റെ വിരലുകൾ ചോറിൽ പതുങ്ങുന്നതെന്ന് തോന്നും.അന്നു ഞാൻ വീട്ടുക്കാരെക്കുറിച്ച് ചോദിച്ചു.അവന്റെ കൈ നിലച്ചു.കട്ടിലിലേക്ക് കമഴ്ന്നു വീണു.തൊണ്ടയിൽ മുള്ളുകുടുങ്ങിയപോലെ ഞാനും ഏറെനേരമിരുന്നു.
    കൈകഴുകി വരുമ്പോൾ ജോമി പകുതിയെരിഞ്ഞ സിഗരറ്റ് എനിക്ക് നീട്ടി.മടിയോടെയെങ്കിലും ഞാനത് വാങ്ങി.തലകുനിച്ചിരുന്ന് വീട്ടുകാര്യങ്ങൾ പറഞ്ഞു.കമ്പനിയിലെ അപകടത്തിൽപ്പെട്ട് ഇല്ലാതായ അപ്പൻ.ആത്മഹത്യ ചെയ്ത വിഷാദിയായ അമ്മ.അനുജന്റെ മനസിനെ താളം തെറ്റിച്ച ആ മരണങ്ങൾ.സെല്ലിനുള്ളിലെ അവന്റെ ചികിത്സ.കാട് കയറിയ ആ വീടും ആരോടും മിണ്ടാനാകാത്ത താനും.ആ കഥ കേൾക്കണ്ടായിരുന്നു എന്നെനിക്ക് തോന്നി.എന്തു പറഞ്ഞ് അവനെ ആശ്വസിപ്പിക്കാമെന്നാതായി എന്റെ അടുത്ത ചിന്ത.
     അടുത്ത ദിവസങ്ങളിൽ തീയേറ്ററുകൾ തുറക്കുന്ന വാർത്ത പറഞ്ഞപ്പോൾ ജോമിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.സിഗരറ്റിന്റെ ഒടുവിലെ ശ്വാസം ഒരല്പം ഇഷ്ടത്തോടെ ഞാൻ അവനു നീട്ടി.ഒരു ചുംബനം പോലെയാണ് അവനത് വാങ്ങിയത്.
    ഒരുതവണ പാതിരാപ്പടത്തിനുള്ള വരിയിൽ ജോമി മാത്രം.ഞാൻ കാര്യം പറഞ്ഞപ്പോൾ എന്നെ നോക്കിയൊന്ന് ചിരിച്ചു.തീയേറ്ററടച്ച് റൂമിലേക്ക് നടക്കുമ്പോൾ ഗേറ്റിന് വെളിയിൽ എന്നെയും കാത്ത് ആ ബൈക്ക് നില്പുണ്ടായിരുന്നു.പിന്നെയത് പതിവായി.ടിക്കറ്റെടുത്ത് എന്നെയും കാത്തു നിൽക്കുന്ന ജോമിയെ എങ്ങനെയാണ് ഗേറ്റുവാച്ചർ ചീത്ത വിളിക്കുക?.അവർ തമ്മിൽ സിഗരറ്റ് കൈമാറാൻ തുടങ്ങിയതും ഞാൻ കണ്ടു. 
    തീയേറ്ററിന്റെ ആധാരം പലിശക്കാരന്റെ പേരിലായ കാലത്താണ് എന്റെ നില പിന്നെയും പരുങ്ങലിലായത്.മുറിയുടെ വാടക പലതവണ മുടങ്ങി.ഫയൽവാൻ ഹോട്ടലിന്റെ വലിയ പൊതി രണ്ടോ മൂന്നോ നേരമായി കഴിക്കാനും തുടങ്ങി.രാത്രികളിൽ വിശന്ന് കിടക്കുമ്പോൾ അപ്പുറത്ത് പാതിരാപ്പടവും കഴിഞ്ഞുവരുന്ന ജോമിയുടെ ബൈക്കിന്റെ മുരൾച്ച കേൾക്കാം.ഞാനപ്പോൾ അവനെ ഉള്ളിലഞ്ചാറ് തെറിവിളിക്കും.ആവർത്തിച്ചവൻ കാണുന്ന സിനിമാടിക്കറ്റിന്റെ തുകയും എന്റെ ഊണുപൊതിയുടെ വിലയും തമ്മിലുള്ള കണക്കുകൾ കൂട്ടും. 
     പൊതിയഴിക്കുന്ന ഉച്ചകളിൽ ഇരുനില കെട്ടിടത്തിലേക്ക് നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും.നോക്കിയാൽ, ചിരിച്ചാൽ, എന്റെ അത്താഴം ജോമിയിൽ ദഹിക്കും.വരരുതെന്ന് പ്രാർത്ഥിക്കും.അതിനൊന്നും കാത്തുനിൽക്കാതെ ആ ബൈക്കും ജോമിയും എന്റെ പങ്കിൽ ചാരിയിരുന്നു.ഒരുതവണ അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് പോയപ്പോൾ നൂറിന്റെ രണ്ട് നോട്ടും കുറച്ചു നാണയങ്ങളും മുഷിപ്പൻ മണത്തിന്റെ ഒപ്പം കിട്ടി.പിന്നെയെന്നും അതുകിട്ടുമെന്ന് ഞാൻ ഉള്ളിൽ കണക്കുകൂട്ടി.  
    പൊതിയിൽ ജോമിയെടുക്കുന്ന ഉരുളകൾ ഞാൻ എണ്ണും.അന്നെന്തോ പന്തികേട് തോന്നി. ഒരുരുളയും അവന്റെ വായിലേക്ക് പോകുന്നില്ല.ഒടുവിൽ ചോറിലൂടെ നൂണുവന്ന അവന്റെ വിരൽ എന്നെപ്പിടിച്ചു.വെറുപ്പോടെ ഞാൻ കൈ പിൻവലിച്ചു.വായിൽ വന്ന തെറിയെല്ലാം വിളിച്ചു. എച്ചിലോടെ മുഖത്തൊന്നു പൊട്ടിച്ചു.കട്ടിലിൽ വീണുകിടന്ന് കരച്ചിലായിരുന്നു അവന്റെ മറുപടി. മുറിയുടമ ഒഴിപ്പിക്കലിന് അന്ത്യശാസനം തന്നതിന്റെ സംഘർഷത്തിലായിരുന്നു ഞാനും.
   സഹോദരൻ ജോഷിയുടെ പിറന്നാളും അവരുടെ അപ്പന്റെ ഓർമ്മ ദിവസവുമായിരുന്നു അന്ന്.  ഊണിനിട്ട ഇലയുടെ മുന്നിൽ അപ്പന്റെ വരവും കാത്തിരുന്ന ജോഷിയെപ്പറ്റിയും തളർന്നു വീണ അമ്മയെപ്പറ്റിയും അവൻ ആവർത്തിച്ചുകൊണ്ടിരുന്നു.'നമുക്കവനെ കാണാൻ പോയാലോ?'യെന്ന ചോദ്യത്തിന് ജോമിയുടെ കരച്ചിൽ നിന്നു.എനിക്കൊരു സിഗരറ്റ് തന്നു.
     തീയേറ്ററിന്റെ മുതലാളി ഉപേക്ഷിച്ച ജീവിതവിജയമെന്ന തടിച്ച പുസ്തകമാണ് ഞാൻ തലയിണയായി വച്ചിരുന്നത്.ഞാനവന് ജീവിതവിജയം കൊടുത്തു.പിന്നെയുള്ള ദിവസങ്ങളിൽ ഭ്രാന്തൻ വായനയായിരുന്നു.മുറിയുടമ എന്റെ ഉടുപ്പിന് കുത്തിപ്പിടിച്ചപ്പോഴും ജോമി വായനയിലാണ്. തൊട്ടപ്പുറത്തെ ആ വലിയ വീട്ടിലെ ഒരു മുറി തരാൻപോലും തോന്നാത്ത വായന.പുസ്തകം പിടിച്ചു വാങ്ങി എറിഞ്ഞുകളയാൻ തോന്നി.വിരിപ്പിൽ വീണു കിടന്ന നാണയങ്ങൾ പോക്കറ്റിലേക്ക് മടക്കുന്ന ജോമിയെക്കണ്ട് മുറിയുടമ എന്നെ പുറത്തേക്ക് വലിച്ചിറക്കി.    
    ജോമി ജീവിതവിജയവുമായി വീട്ടിലേക്ക് പോയി.ഒരു ബാഗിലെ തുണികളും കട്ടിലിന്റെ വിരിപ്പുമേ എനിക്ക് എടുക്കാനുണ്ടായിരുന്നുള്ളൂ.അന്നും ജോമി രണ്ടാമത്തെ നിലയിൽ അതേ നില്പ്. വീട്ടിനുള്ളിലേക്ക് കയറിയിട്ടും അവൻ ഇറങ്ങി വരുന്നില്ല.വാതിലുകളും ജനാലകളും തുറന്നിട്ടിരിക്കുന്നു.അകത്തെ കുളിമുറിയിൽ പൈപ്പ് പൊട്ടിയൊഴുകുന്നു.കറങ്ങുന്ന ഫാനുകൾ, അണയാത്ത ലൈറ്റുകൾ.ഒഴിഞ്ഞ മദ്യക്കുപ്പികൾ.ചുവന്ന വെളിച്ചം കത്തിനിൽക്കുന്ന ടി.വി.ഞാൻ മുകളിലേക്ക് കയറാൻ തുടങ്ങിയതാണ്,ജോമിയപ്പോൾ പടികളിറങ്ങിവരുന്നു.സിഗരറ്റിന്റെ പാക്കറ്റ് തന്നിട്ട് ബൈക്കുമായി എങ്ങോട്ടോ പോയി.ഒരു ചൂലുമായി ആ വീടിനെ ഞാൻ ഒരുക്കിയെടുക്കാൻ തുടങ്ങി.
     ചാക്കിലാക്കിയ മദ്യക്കുപ്പികൾ നൂറ്റമ്പത് രൂപയ്ക്കുണ്ടായിരുന്നു.അഴിച്ചിട്ടിരുന്ന ഉടുപ്പുകളുടെ പോക്കറ്റിൽ ചില്ലറകൾ.അടുപ്പിന്റെ സമീപത്തിരുന്ന് കഴിച്ച ഇലയുടെ ഭാഗത്ത് പത്തിന്റെ നോട്ടുകൾ. അലമാരയുടെ ഒരറയിൽ കുറച്ച് ആഭരണങ്ങൾ.തൊട്ടപ്പുറത്ത് സിഗരറ്റിന്റെ കവർ കീറി, വായിച്ച ഭാഗം‌ അടയാളമായി വച്ചിട്ടുള്ള ജീവിതവിജയം.
    ഉച്ചയോടെ വീട് വൃത്തിയായി.ചിതറിക്കിടന്ന തുക ആയിരത്തോളമായി.മുകളിലെ മുറികൾ തുറക്കാൻ കഴിഞ്ഞില്ല.ജോമി സ്ഥിരമായി നിൽക്കുന്ന ഭാഗത്ത് സിഗരറ്റു കുറ്റികൾ മാത്രം. അപ്പന്റെയും അമ്മയുടെയും വലിയ ചിത്രങ്ങൾ,അതിന് മുന്നിൽ ഒരു പഴയ വാച്ചും താലിമാലയും മൊബൈൽ ഫോണും.ജീവിതത്തിലാദ്യമായി ഞാൻ മൊബൈൽ ഫോണിൽ തൊട്ടു.കള്ളനല്ല ഒരു സാധാരണ മനുഷ്യൻ കയറിയാലും ഇതെല്ലാം കൊണ്ടുപോകാവുന്നതേയുള്ളൂ.
    ഉച്ചയ്ക്ക് വലിയ ഊണുപൊതിയുമായി കാത്തിരുന്നിട്ടും ജോമി വന്നില്ല.ഇറച്ചിയും ചേർത്ത് പകുതി ഞാൻ കഴിച്ചു.ഒരു കുഞ്ഞുറക്കം കഴിഞ്ഞിട്ട് മുറ്റം മറച്ചുപിടിച്ച കാട് വെട്ടിയൊതുക്കി തീയിട്ടു.വീടും പറമ്പും ഒരു കുഞ്ഞൻ കാട് വിഴുങ്ങിയിരിക്കുന്നു.ഗേറ്റിനോട് ചേർന്നുനിന്ന കടലാസ് ചെടിയുടെ നീണ്ട മുടി വെട്ടി.ജോമിയുടെ തലയും അതേ കോലാമായിരുന്നു.അതും വെട്ടിക്കണമെന്ന് ഞാൻ ചിന്തിച്ചു.എന്നിലൂടെ വീടും അവനും നന്നാകുന്നത് ഓരോ സിഗരറ്റിലും സ്വപ്നം കണ്ടു.   
      ഏഴിനോട് അടുപ്പിച്ചാണ് ജോമി വന്നത്, ഞാൻ വാർത്ത കാണുകയായിരുന്നു.ഒന്നും മിണ്ടാതെ  അവൻ മുകളിലേക്ക് പോയി.എട്ടുകഴിഞ്ഞപ്പോൾ താഴേക്ക് വന്ന് സിഗററ്റ് നീട്ടി.പോകാനൊരുങ്ങി യപ്പോൾ ഞാനും ബൈക്കിലേക്ക് കയറി.അത് നഗരം ഞെരുക്കിയ ഒരു തീയേറ്ററായിരുന്നു. അതിന്റെ ഭാവിയും എനിക്കൂഹിക്കാൻ കഴിഞ്ഞു.തീയേറ്ററുകളിൽ ഇടം കിട്ടാത്ത ഒരു സിനിമ. ചിതറിയിരിക്കുന്ന മനുഷ്യർ.കസേരയിലേക്ക് കാലുകൾ നീട്ടി വച്ച് ജോമിയുടെ സുന്ദരൻ ഉറക്കം.
ഇടവേള കഴിഞ്ഞപ്പോൾ ഞാനും ഉറങ്ങിപ്പോയി.സെക്കുരിറ്റിക്കാരൻ എന്നെയാണ് തട്ടിവിളിച്ചത്. ജോമി എന്റെ കൈയിൽ കോർത്ത് പിടിച്ചിരുന്നു.ഞാൻ ജോമിയെ ഉണർത്തി.ആ ഗേറ്റുവാച്ചർ ഞങ്ങളെ തെറിവിളിക്കുന്നുണ്ടായിരുന്നു.അന്നുമുതൽ എനിക്കും അതേ  മുഷിപ്പൻ മണമായി.
     ജീവിതവിജയവും വായിച്ചിരിക്കുന്ന ജോമിയുടെ മുഖമാണ് അടുത്ത ദിവസം കണികണ്ടത്. ബൈക്കിലേക്ക് കയറിയ ജോമിയെ ഞാൻ തടഞ്ഞു.
     "ഈ കാട് നമുക്ക് വെട്ടണം വീട് കാണാൻ കഴിയുന്നില്ല"
     "വീട് കാണാതിരിക്കാനാണ് ഞാൻ ആ കാട് വളർത്തിയത്"ജോമിയുടെ കണ്ണുകൾ നിറഞ്ഞു. അന്നുരാത്രിയും അതേ തീയേറ്റർ,സിനിമ, ഉറക്കം, തെറികൾ.
       "നമുക്കൊന്ന് ജോഷിയെ കാണാൻ പോയാലോ..?"മടങ്ങിയെത്തിയപ്പോഴുള്ള എന്റെ ചോദ്യം പൂർത്തിയാക്കാൻ ജോമി അനുവദിച്ചില്ല.കെട്ടിപ്പിടിച്ച് ഒപ്പം കിടന്നു.ജോഷിയെപ്പറ്റി സംസാരിച്ച് ഞങ്ങൾ സിഗരറ്റു മറന്നു.ജോമിയന്ന് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.ജീവിത വിജയത്തിന്റെ ഒടുവിലെ ഭാഗത്ത് സിഗരറ്റിന്റെ കവർ അടയാളമിരിക്കുന്നത് കണ്ടു.  
    അതിരാവിലെ കുളിച്ചൊരുങ്ങിനിൽക്കുന്ന ജോമിയെ ഞാൻ പലതവണ നോക്കി.ഇരു കവിളിലും നുണക്കുഴി.മുഖത്ത് 'കുളിച്ചു വാ,നമുക്ക് പോകണം'എന്ന ചിരി.എനിക്കായി വച്ചിരുന്ന ബനിയന്റെയും ജീൻസിന്റെയും അതേ നിറമാണ് ജോമിയുടെ ഉടുപ്പിനും.സഞ്ചികളിൽ തുണികളും മധുരങ്ങളും.പുറത്ത് കഴുകി വൃത്തിയാക്കിയ ബൈക്ക്.ആ മുഷിപ്പൻ മണത്തിന് ഞാൻ മൂക്ക് നീട്ടി. കുളിമുറിയുടെ കോണിൽ ഊരിയിട്ട നരച്ച ജീൻസും ഉടുപ്പും പുറത്തേക്ക് തെറിച്ച നാണയങ്ങളും. സോപ്പ് വച്ചിരുന്ന ഭാഗത്ത് നനഞ്ഞ ഒരു സിഗരറ്റ്.
     ആശുപത്രിയുടെ ഗേറ്റിൽ വച്ച് ഒരു മഞ്ഞ കാർഡിനൊപ്പം തുണിയും മധുരങ്ങളും ഒരു തുകയും ജോമിയെന്നെ ഏല്പിച്ചു.കാർഡിൽ അതേ നുണക്കുഴികളുള്ള ജോഷി.എന്നെ ആശുപത്രിയുടെ ഉള്ളിലേക്ക് അവൻ തള്ളിവിട്ടു.ഡോക്ടർ ആ കാർഡ് വാങ്ങി എന്നെയും ഗേറ്റിലേക്കും മാറിമാറി നോക്കി.മതിലിൽ ചാരിവച്ച ബൈക്കിൽ സിഗരറ്റിന്റെ അറ്റത്ത് ജോമിയുണ്ട്.മധുരങ്ങളും തുണികളും മേശയിൽ വച്ചിട്ട് ഞാൻ ഡോക്ടറുടെ പിന്നാലെ സെല്ലിലേക്ക് നടന്നു.നിർബന്ധിച്ചിട്ടും ആ മനുഷ്യൻ തുക വാങ്ങിയില്ല.വെളിച്ചമില്ലാത്ത ആ സെല്ലിലെ നിലത്ത് കീറിയ ഒരു വാഴയില. അതിനുപിന്നിൽ നഗ്നനായി കണ്ണടച്ചിരുന്ന് ചിരിക്കുന്ന ജോഷി.ഞാൻ ഡോക്ടറെ നോക്കി.
    ഡോക്ടർ എന്റെ തോളിൽ കൈയിട്ട് ഓഫീസിലേക്ക് നടന്നു."ജോഷി ഉടുപ്പിട്ടു,മധുരങ്ങൾ കഴിച്ചു, കണ്ണുതുറന്നു,നിന്നോട് ചിരിച്ചു.ഇതൊക്കെയാണ് താൻ ജോമിയോട് പറയേണ്ടത്,അവനെയും ഇവിട്ടിട്ട് നോക്കാനാവില്ല."ഡോക്ടർ പറഞ്ഞതിലുമേറെ കഥകൾ ഞാൻ ജോമിക്ക് വിശദീകരിച്ചു. സെല്ലിനുള്ളിലെ ആ വാഴയിലയിൽ വിഭവങ്ങളൊരുക്കി.മടക്കയാത്രയിൽ അവൻ ബൈക്കിന്റെ താക്കോലെനിക്ക് നീട്ടി.വീട്ടിലെത്തുവോളം എന്നെ കെട്ടിപ്പിടിച്ചിരുന്ന ജോമി പാടുകയായിരുന്നു. ഒന്നോ രണ്ടോ തവണ കഴുത്തിൽ ഉമ്മ തന്നു.മട്ടൻ ബിരിയാണിയും വാങ്ങിയാണ് ഞങ്ങളന്ന് വീട്ടിലേക്ക് വന്നത്.
   കഴിക്കുന്നതിനിടയിൽ ജോഷി അവന്റെ ചേട്ടനെ തിരക്കിയ കഥ ഞാൻ പറഞ്ഞു.ജോമിയുടെ ചുണ്ടിലെ പാട്ട് പെട്ടെന്ന് നിന്നു.നുണക്കുഴി മാഞ്ഞു.തീയേറ്ററിലേക്ക് എന്നെ കൂട്ടാതെയാണ് അവനന്ന് പോയത്.രണ്ടു ദിവസം അവനെ കണ്ടതേയില്ല.മുറിയുടെ ഉടമ ഗേറ്റിനരികിൽ വന്നുനിന്ന് സർക്കാരിന്റെ ഉത്തരവുമായി പോസ്റ്റുമാൻ എന്നെത്തിരയുന്ന വിവരം പറഞ്ഞു.അയാളുടെ വണ്ടിയിൽച്ചെന്ന് അത് ഒപ്പിട്ടു വാങ്ങി.ആ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ക്ലർക്കായിട്ടായിരുന്നു നിയമനം.
    "അവനൊന്നും നമ്മൾക്ക് പറ്റിയ കേസല്ല.മരുന്നും കുത്തിക്കേറ്റി തള്ളയെ ആ വീട്ടിൽ കെട്ടിത്തൂക്കിയതാണ്.അത് കണ്ട ചെറിയ ചെക്കനെ ഭ്രാന്തിന്റെ ആശുപത്രിയിൽ കൊണ്ടിട്ട്. അവനെല്ലാം മറ്റേപ്പണിയുടെ ആളാണ്."അശ്ളീല ചിരിയിൽ മുറിയുടമ അഭ്യുദയകാംക്ഷിയായി. ഞാനും അയാളോട് ചിരിച്ചു.
    എന്റെതെല്ലാം പൊതിഞ്ഞെടുത്തിറങ്ങും മുൻപ് ജീവിതവിജയത്തിൽ നന്ദിയെന്നു കുറിച്ചു, അടിയിൽ ഒപ്പിട്ടു.ജോമി ഏൽപ്പിച്ച തുകയിൽ ഓഫീസിനോട് ചേർന്ന് നല്ല മുറിയെടുത്തു.മുഷിപ്പൻ മണം ഞാൻ ഓർക്കാതെയായി.ഒരു വെള്ളിയാഴ്ചത്തെ സായാഹ്‌ന പത്രത്തിലാണ് ആ വാർത്ത ഞാൻ വായിച്ചത്.'ലഹരിയിൽ യുവാവ് സ്വയം തീകൊളുത്തി..'നുണക്കുഴിയുള്ള പരേതന്റെ ചിത്രം കണ്ടദിവസവും എനിക്കിതേ കുളിരും ചെറിയ പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്.  
     മുറികളിലിപ്പോഴും വാഴയിലകളും ഭക്ഷണത്തിന്റ ബാക്കിയും ചിതറിക്കിടക്കുന്നു.അവന്റെ
മുഷിപ്പൻ മണം ഇപ്പോഴും വീട്ടിനുള്ളിൽ പതുങ്ങിനിൽക്കുന്നുണ്ട്.മുകളിലുള്ള മുറിയിലെ വാതിലുകൾ പൊളിഞ്ഞു കിടക്കുന്നു.ജോമി നിൽക്കാറുള്ള ഭാഗത്ത് ഈഞ്ചവള്ളി പടർന്ന് ഇരുട്ട് വീഴുന്നു.അപ്പന്റെ ഫോട്ടോ ഈർപ്പം തട്ടി മാഞ്ഞിരിക്കുന്നു.അതിന്റെ പിന്നിൽ കിളിയുടെ കൂട്. അമ്മയുടെ ചിത്രം നിലത്തു കിടക്കുന്നു.വാച്ചും മാലയുമിരുന്നിടത്ത് ഒരു ഒഴിഞ്ഞ ലൈറ്റർ. മേശവലിപ്പിൽ 'ജീവിതവിജയത്തിന്റെ' മഞ്ഞിച്ച് കുത്തഴിഞ്ഞ കിടപ്പ്.ആദ്യ താളിൽ ഞാനിട്ട കറുത്ത നന്ദിയും ഒപ്പും മായാതെയുണ്ട്.
      ഈഞ്ചവള്ളികൾ വലിച്ചുമാറ്റി, വെയിലും വെളിച്ചവും മടിയോടെ അകത്തേക്ക് വന്നു. മതിലിനപ്പുറത്ത് എന്നെ ആകാംക്ഷയോടെ നോക്കുന്ന അയൽവാസിത്തലകൾ.സിഗരറ്റിന്റെ പുക ജോമിക്ക് പകരം അവരുടെ നേർക്ക് ഊതിവിട്ടു.കുപ്പികളും സിറിഞ്ചും ഗർഭനിരോധന ഉറകളും പെറുക്കിമാറ്റി.അടുക്കളവഴി ഒരു ചേര പുറത്തേകിഴഞ്ഞുപോയി.കാടിന്റെ തലകൾ വീട്ടിനുള്ളിലേക്ക് 'ഞാൻ ആരെന്ന്' എത്തിനോക്കുന്നു.ഒരു ഇരുമ്പുവടികൊണ്ട് ആ തലകളിൽ ആവേശത്തോടെ തല്ലാൻ തുടങ്ങി.കവറുകളിൽ നിറഞ്ഞ  അയൽ മാലിന്യങ്ങൾ തിരിച്ചെറിഞ്ഞു. ചിലതെല്ലാം തെറികളോടെ മടങ്ങിവന്നു.മറ്റുചിലർ കുറ്റം സമ്മതിച്ചു.
     അടിച്ചൊതുക്കിയ കാട്ടുതലകൾക്ക് ഞാൻ തീകൊടുത്തു.നിലവിളികളും പുകയും,  അയൽവീടുകൾ ഞെട്ടിയുണർന്നു.തീകെടുത്താനുള്ള വണ്ടിയുടെ മുഴക്കം.ഗേറ്റ് വലിച്ചുതുറന്ന് പാഞ്ഞുവരുന്നവരുടെ ആക്രോശം.ജോമിയുടെ വിളികേട്ട ഞാൻ മുകളിലെ നിലയിലേക്ക് ഓടിക്കയറി.ജീവിതവിജയവും വായിച്ചിരിക്കുന്ന അവൻ എനിക്ക് ചിരിയുള്ള സിഗരറ്റ് നീട്ടി..!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment