Friday 15 March 2024

ആന്ന്, എനിക്ക് പുതപ്പില്ലായിരുന്നു ഡിസംബറിന് തണുപ്പുണ്ടായിരുന്നു. ഇന്ന്

അന്ന്,എനിക്ക് പുതപ്പില്ലായിരുന്നു ഡിസംബറിന് തണുപ്പുണ്ടായിരുന്നു.
ഇന്ന്, എനിക്ക് പുതപ്പുണ്ട് ഡിസംബറിന് ആ തണുപ്പില്ലല്ലോ.!
    
     ഡിസംബറിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങുമ്പോൾ ബാല ഭവനിൽ നിന്നും മഞ്ഞക്കാർഡിൽ ഒരു കത്ത് പന്തയിലേക്കയക്കും.
    പ്രിയ രക്ഷിതാവേ,
         നിങ്ങളുടെ മകൻ കെ.എസ് രതീഷിനെ(നമ്പർ കെ എൻ എച്ച് 0326)  ക്രിസ്തുമസ്  അവധിക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ 23-10-1994 ന് പകൽ 11 മണിക്ക് എത്തിച്ചേരാൻ അറിയിക്കുന്നു.

*ക്രിസ്തുമസ് ഗിഫ്റ്റ് തുക 350/- ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നു.
             എന്ന്
             പ്രതീക്ഷയോടെ 
            വാർഡൻ 
             സി എസ് ഐ ബാലഭവൻ, കൊല്ലം
   വണ്ടിക്കൂലി കിട്ടുന്നത് കൊണ്ട് എന്തായാലും അമ്മ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.മോനെ കാണാൻ കൊതിയില്ലാഞ്ഞിട്ടല്ല, വണ്ടിക്കൂലിയില്ലാഞ്ഞിട്ടാണ് ഓണത്തിനും 'അമ്മ വരാത്തത്. പിന്നെ പത്ത് ദിവസം എനിക്ക് തീറ്റയും തരണമല്ലോ?
      വന്നു,ഞങ്ങള് പന്തയിലേക്ക് യാത്രയുമായി.ആറ്റിന്റെ കരയിലെ ഒറ്റ മുറി വീട്ടിൽ ഞങ്ങള് ക്രിസ്തുമസ് ആഘോഷിക്കാൻ തുടങ്ങി.പത്രപ്പേപ്പറിലുണ്ടാക്കിയ കുഞ്ഞൻ നക്ഷത്രങ്ങൾ വീടിന്റെ കഴുക്കോ ലുകളിൽ തൂക്കി രാത്രിയാവാൻ കാത്തിരുന്നു.
     ഇനി കരോൾ സംഘങ്ങളുടെ വരവാണ്. കരുമം കുളം സി എസ് ഐ പള്ളി, നെയ്യാർ സി എസ്‌ഐ പള്ളി, പന്ത ലൂതറൻ പള്ളി, ലിറ്റിൽ ഫ്‌ളവർ മലങ്കര പള്ളി പേരറിയാത്ത എത്രയോ കൂട്ടങ്ങൾ.പല വലിപ്പമുള്ള നക്ഷത്രങ്ങൾ വേറിട്ട പാട്ടുകൾ പാപ്പാജികൾ സന്ദേശം ഒന്ന് അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവ പ്രസാധമുള്ള മനുഷ്യർക്ക് സമാധാനം നിങ്ങൾക്കായി ദൈവപുത്രൻ ബെദ്ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ചിരിക്കുന്നു.
     എന്നെങ്കിലും ഒരു കരോൾ സംഘം ഞങ്ങളുടെ വീട്ടിൽ വന്നെങ്കിലെന്ന് ഞങ്ങളും ആഗ്രഹിച്ചിരുന്നു.വന്നില്ല.അവരെ അങ്ങനെ കുറ്റം പറയാനും കഴിയില്ല.ആറ്റിന്റെ കരയിൽ ആരും പെട്ടെന്ന് വരാത്ത ഭാഗത്ത്, പകലും വഴി കാണാൻ പ്രയാസമുള്ള വാറ്റു പുരയിലേക്ക് അവരങ്ങനെ വരും?
    ആറ്റിന്റെ മറുകരയിൽ നിന്ന് ഞങ്ങൾക്ക് വേണ്ടി ഉറക്കെയുറക്കെ പാടുന്ന സംഘങ്ങളെ ബാന്റ് കൊട്ടുന്ന ആളെ,ചുവട് വയ്ക്കുന്ന പാപ്പാജിയെ ഉച്ചത്തിൽ ആശിർവദിക്കുന്ന പാതിരിമാരെ പെട്രോമാക്സ്സ്  ഉയർത്തിപ്പിടിക്കുന്ന തലമൂത്ത ആളെ ഞങ്ങള് കൈവീശിക്കാണിക്കും.
     അവരെല്ലാം വീട്ടുമുറ്റത്ത് വരണമെന്ന ഞങ്ങളുടെ പ്രാർഥനെയെക്കാൾ 'ആരും ഇങ്ങോട്ട് വരല്ലേയെന്ന' അമ്മയുടെ തേങ്ങലാവും ദൈവങ്ങൾ കേട്ടിട്ടുണ്ടാവുക.ഒഴിഞ്ഞ തേയിലപ്പൊടി ടിൻ, സുതാര്യമായ പഞ്ചസാരകുപ്പി,നനവുള്ള തീപ്പെട്ടി വന്നവർക്ക് ഒരല്പം കട്ടനെങ്കിലും.അമ്മയാണ് ശരി, കരോള് വരണ്ട..
      ഇനി ഡിസംബറിന്റെ തണുപ്പിനോടാണ് ഞങ്ങളുടെ വഴക്ക്.കമ്പിളിക്കുള്ളിൽ ചെന്നിരുന്നാലും പിടികൂടുന്ന തണുപ്പ്,അമ്മയുടെ നേർത്ത പോളിസ്റ്റർ സാരിയുടെ ഉള്ളിൽ കയറിവരാത്തത് എന്നെ എന്തോരം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നാളെയും മണ്ണെണ്ണ വേണമല്ലോന്നോർത്ത് 'അമ്മ വിളക്കണയ്‍ക്കും. ഏതോ വീട്ടിന്റെ മുന്നിൽ നിന്ന് ഏതോ സംഘം 'വീ വിഷ് യു എ മെറി ക്രിസ്മസ് ആന്റ് ഹാപ്പി ന്യു ഇയർ' പാടുന്നുണ്ടാകും.
     ഇന്ന് ഇതെഴുതുന്ന സമയത്തും കരോൾ സംഘങ്ങൾ ഓരോ വീട്ടിലും കയറിയിറങ്ങുന്നുണ്ട്.പാട്ടും കൊട്ടും പാപ്പാജിയും ഒക്കെ മാറി.എമർജൻസി ലൈറ്റ് എല്ലാ വഴികളും കാണിക്കുന്നു.എന്റെ അമ്മയും എന്റെ മക്കളും ഭാര്യയും വീടിന്റെ മുന്നിൽ അവർ ഒരുക്കിയ പുൽക്കൂട്ടിന്റെ മുന്നിൽ ദേ ചെന്ന് അവരെ കാത്ത് നിൽക്കുന്നു.
    പിശുക്കനായ ഞാൻ മുറിക്കുള്ളിലിരുന്ന് ഒരാളും വരരുതെന്ന് ആഗ്രഹിക്കുന്നു.ഇത്തവണയും അമ്മയുടെ പ്രാർത്ഥനയാണ് കേട്ടത് എല്ലാവരും വരുന്നു ആശിർവദിക്കുന്നു.എന്റെ കൈയിൽ നിന്ന് മക്കൾ കാശുവാങ്ങി അവർക്ക് കൊടുക്കുന്നു. ആ പോട്ടെ ക്രിസ്തുമസല്ലേ..
    അന്ന് എനിക്ക് പുതപ്പില്ലായിരുന്നു ഡിസംബറിന് നല്ല തണുപ്പായിരുന്നു.ഇന്നെനിക്ക് നല്ല പുതപ്പുകളുണ്ട് ഡിസംബറിന് തീരെ തണുപ്പില്ലല്ലോ..

കെ എസ് രതീഷ്
      

         ഞാൻ 

No comments:

Post a Comment