Tuesday 26 March 2024

ബദറുത്താര.

ബദറുത്താര.
    ബദ‌റുവിനെ ആശ്വസിപ്പിക്കാനാകാതെ കടൽ ദുഃഖിച്ചു.ചില മനുഷ്യരെ സാന്ത്വനിപ്പിക്കാൻ വൻകടലുകൾക്കും കഴിയാതെയാകും.രോഗികളായിരുന്ന ഉമ്മയും ഏക സഹോദരിയും ഒന്നിച്ചാത്മഹത്യചെയ്ത ഒരു വീട്,മടങ്ങിയെത്തിയ ആ പ്രവാസി.അവനോട് തോൽവി സമ്മതിച്ച കടൽ ഉപദേശിത്തിരകളെ മടക്കിവിളിക്കുകയായിരുന്നു.
    തന്റെ ഒട്ടും ഭംഗിയല്ലാത്ത ഭാഗത്തെ,പായൽപ്പിടിച്ച ഒരു പാറയിൽ മൂന്നാം ദിവസവും ഏകനായിരിക്കുന്ന ആ മനുഷ്യനോട് കടലിനും കൗതുകമായി.കടല് കഥകളെല്ലാം ചോദിച്ചു. കരച്ചിലടക്കി അവനത് പറഞ്ഞു.ആശ്വാസശ്രമങ്ങൾ കടൽ ഏതാണ്ടവസാനിച്ചു.കാറ്റ് വായിച്ചോണ്ടിരുന്ന കഥാസമാഹാരത്തിൽ നിന്നും കിട്ടിയ ജീവരഹസ്യത്തിന്റെ ആവേശത്തിൽ കടൽ പെട്ടെന്ന് അവന്റെ അരികിലേക്ക് ഒരു വൃദ്ധത്തിരയായിച്ചെന്നു.
    "സകല ആകുലതകളോടെയും ഇവിടെ ജീവിച്ചിരിക്കാനല്ലേ നമുക്ക് കഴിയൂ.?"പിൻവാങ്ങിയ തിരയിൽ ഒരല്പം ബദറുവിന്റെ മറുപടിക്ക് തളംകെട്ടിക്കിടന്നു.തിരയോട് 'ശരി'യെന്ന് സമ്മതിച്ച മട്ടിൽ അവൻ കടലിലേക്ക് നടന്നു.ബാല്യം പിന്നിടാത്ത തിര അവന്റെ കാലിൽ മണലോടെ കെട്ടിപ്പിടിച്ചു. തൊട്ടപ്പുറത്തെ ഒരു ദൃശ്യത്തിലേക്ക് ചൂണ്ടിക്കാണിച്ചിട്ടത് തുള്ളിച്ചാടി ഇറങ്ങിപ്പോയി.
     ഹൃദയാകൃതിയുള്ള ചുവന്ന ബലൂണുകൾ കൈയിൽ പിടിച്ചിരുന്ന് കടലിലേക്ക് ഛർദ്ദിക്കുന്ന ഒരു  പെൺകുട്ടി.കുട്ടിയുടെ മുതുക് തടവിക്കൊടുത്ത് ഒപ്പമിരിക്കുന്ന സ്ത്രീ.അവരുടെ കൈയിലും ബലൂണുകളും വായുനിറച്ച കോമിക്ക് രൂപങ്ങളുമുണ്ട്.ഛർദ്ദിയുടെ ആയത്തിൽ കുട്ടി തിരയിലേക്ക് മൂക്കുകുത്തി.ആ തക്കത്തിൽ കാറ്റിനൊപ്പം പ്രണയനിറമുള്ള ബലൂണുകൾ ഒളിച്ചോടി.തിരകോരി
കുട്ടിയുടെ മുഖം കഴുകുമ്പോഴും സ്ത്രീയുടെ നോട്ടങ്ങൾ പറന്നകലുന്ന ഹൃദയാകൃതികളിലാണ്. വികൃതിത്തിരകൾ അവരെ നനയ്ക്കുന്നുണ്ട്.
    ബദറു പാറയിലേക്ക് വന്നിരുന്നു.പാറക്കൂട്ടത്തിൽ തൂറാനിരിക്കുന്ന കുട്ടിക്ക് ആ സ്ത്രീ കാവൽ നിൽക്കുന്നു.അവൾ ബദറുവിനെ നോക്കി.കുട്ടിയെ കണ്ടിരുന്ന അവന്റെ കണ്ണുകൾ പിൻവാങ്ങി. സ്ത്രീയും കുട്ടിയും നടന്നുമുന്നിലെത്തി.ബദറു അവരോട് ചിരിച്ചു.കുട്ടിയുടെ ഏന്തിവലിഞ്ഞ നടപ്പ്, അവന് തന്റെ സഹോദരിയെ ഓർമ്മവന്നു.ഇടതുകാലിൽ ചെറിയ ഏന്തൽ, മുടന്തലായും ഒരുവശം തളർന്ന കിടപ്പായും ആ സഹോദരിക്കൊപ്പം വളർന്നിരുന്നു.
    ബദറുവിനെ സ്ത്രീ അല്പസമയം നോക്കിനിന്നു,ചിരിച്ചു.ഒരു തിര അവരെയും ബദറുവിനെയും ഒന്നിച്ച് നനച്ചു.അസ്തമയം കാത്തുനിന്ന ചുവപ്പൻ ആൾത്തിരയിലേക്ക് കയറിപ്പോകുന്ന അവൾ പലവട്ടം തിരിഞ്ഞു നോക്കി.കാറ്റിൽ ഉയർന്നു നിൽക്കുന്ന കോമിക്ക് രൂപങ്ങൾ ആൾക്കൂട്ടത്തിലൂടെ അവരുടെ നടപ്പിന്റെ ദിശകാണിക്കുന്നു.
    "അത് നിന്റെ താരയല്ലേ.?"വെളുത്തുപതഞ്ഞ ഒരു ചെറുപ്പക്കാരിത്തിര ബദറുവിനോട് സംശയം ചോദിച്ചു."കണ്ണിന്റെ തിളക്കവും ചുരുണ്ട മുടികളും ഓർക്കുന്നില്ലേ.?'അജ്ഞന കണ്ണെഴുതി,ആലില താലിചാർത്തി..'യെന്ന സിനിമാപ്പാട്ടുള്ള എട്ടാം ക്ലാസുകാരി.നിന്റെ അസുഖക്കാരിപ്പെങ്ങൾക്ക് മധുരം കൊണ്ടുവന്നിരുന്ന താരാബേക്കറി ഉടമയുടെ മകൾ."ഓർമ്മകൊണ്ട് ബദറുവിന്റെ മുഖം ആകാശം കണക്കെ ചുവന്നു.
     തിരയ്ക്ക് ആവേശം കയറി,പാറയുടെ ചുറ്റും നൃത്തം ചവിട്ടി."മീനാക്ഷി വിലാസം സ്‌കൂളിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നീ ആവശ്യപ്പെട്ടപ്പോൾ പാടിയവൾ.'എന്തുചെയ്യുന്നുവെന്ന്..' ചോദിച്ചപ്പോൾ ഗ്രൂപ്പ് വിട്ടവൾ.അവളുടെ മുഖച്ചിത്രത്തിൽ ചുവന്ന ബലൂണുകൾ കണ്ടതല്ലേ..?"പിന്നെ വന്ന തിരകളും ഓരോരൊ ഓർമ്മകൾ കൊണ്ടിട്ടു.അവന്റെ മുഖത്തൊരു ചിരി.കടൽ ചെറുപ്പക്കാരിത്തിരയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
    "അതേ.!" തിരകളിൽ കൈമുക്കി ബദറു സമ്മതിച്ചു.'ആൾക്കൂട്ടം താരയെ വിഴുങ്ങിയല്ലോ' നിരാശനായ ഒരു തിര ആകുലപ്പെട്ടു.ഉയർന്നു നിൽക്കുന്ന കോമിക്ക് രൂപങ്ങളെ നോക്കി ആൾക്കൂട്ടത്തിനിടയിലൂടെ ബദറു നടന്നു.മടങ്ങുന്ന സ്ത്രീകളുടെ കൈയിൽ കുട്ടികളുണ്ട്, ചിലരിൽ ബലൂണുകളും.ആർക്കും ഏന്തിവലിവോ,തന്നിലേക്ക് തിരിഞ്ഞുനോട്ടമോ ഇല്ല.അവൻ തിരികെ നടന്നു.മുഖമിരുണ്ട കടലിനെ നോക്കി.'മടിച്ചിരിക്കരുതെന്ന്.' ഒരു തിര പാറയോടെ അവനെ നനച്ചു.
     തിളക്കമുള്ള കണ്ണും നിറയെ മധുരങ്ങളുമായി വരുന്ന താരയെക്കുറിച്ച് തിരകൾ ചോദിച്ചുകൊണ്ടേയിരുന്നു."താര വന്നോ? താര ജിലേബി തന്നോ?"ഒരു തിര സഹോദരിയുടെ ഭാഗം ചോദിച്ചപ്പോൾ അവൻ വിതുമ്പി.കടൽക്കരയിൽ ബദറുവും കാല്പാടുകളും ബാക്കിയായി.കരക്കാറ്റ് തിരകളെ തള്ളിമാറ്റി,അവനെ കരയിക്കരുതെന്ന് ആവശ്യപ്പെട്ടു.ബദറു കാറിനരികിലേക്ക് നടന്നു.
   കാറിനുള്ളിലും കടലിന്റെ മണം.കാലിൽ കെട്ടിപ്പിടിച്ചു വന്ന മണൽ ഉരഞ്ഞുരഞ്ഞ് വേദനിപ്പിച്ചു. കലികയറിയ തിരകൾ കടിച്ച റോഡിന്റെ,പൊട്ടിയടർന്ന ചുമലിലൂടെ ബദറു കാറോടിക്കാൻ തുടങ്ങി.
താരയും മീനാക്ഷിവിലാസം സ്‌കൂളും മധുരങ്ങളും അന്നത്തെ ആ ബദറൂദ്ദീനും ചേർന്ന് കാറിന്റെ വേഗം നിയന്ത്രിക്കുന്നു. 
    മഞ്ഞവെളിച്ചം വീഴുന്ന തെരുവിന്റെ ഒരറ്റത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ അതാ താരയും കുട്ടിയും. ബദറുവിന്റെ സന്തോഷം,കാറിന്റെ മുഖത്തും.തൂണിൽ ചാരിയിരുന്ന് ഉറക്കം തൂങ്ങുന്ന കുട്ടി. ബൈക്കിലിരുന്ന യുവാക്കൾ താരയോട് തർക്കിക്കുന്നു.ഒരുത്തൻ കൈയിൽപിടിച്ചു വലിക്കുന്നു.
'മാറിപ്പോകിനെടാന്ന്' കാറിന്റെ അലർച്ച.ബൈക്കുകൾ ഓടിക്കളഞ്ഞു.കാറിനെ സ്നേഹത്തോടെ താര നോക്കി.കടലിന്റെ മണമപ്പോൾ ഇരട്ടിച്ചു.
    ബദറു കാറു നിർത്തി,ചിരിച്ചു.താരയും ചിരിച്ചു.'വീട്ടിലേക്കാണോ?'ചോദ്യം പൂർത്തിയാവും മുൻപ്  കുട്ടിയോടെ താര പിൻസീറ്റിലേക്ക് കയറി.കാറ്റുപോയ ഒരു കോമിക്ക് രൂപം അന്ത്യശ്വാസത്തിൽ മുൻസീറ്റിൽ പറന്നുവീണു.കാറിന്റെ മേൽക്കൂരയിൽ മുട്ടിനിൽക്കുന്ന ബലൂണുകൾ.പറഞ്ഞു തീർക്കാനുള്ള വിശേഷങ്ങൾ ബദറുവിൽ തിളച്ചുപൊങ്ങി.ചിലത് ചിരിക്കൊപ്പം ശബ്ദമില്ലാതെ തൂവി.
     "ആ മരുന്നുകടയുടെ മുന്നില് നിർത്ത് സാറേ..?"സാർ'വിളിയിൽ ബദറു വറ്റിപ്പോയി.
ചോദിക്കാതെ പോക്കറ്റിൽ കൈയിട്ടെടുത്ത പേഴ്‌സുമായി മെഡിക്കൽ ഷോപ്പിലേക്ക് ഓടുന്ന താര. 'തന്നെ തിരിച്ചറിഞ്ഞില്ലേ'?കടലിന്റെ മണവും അവന്റെ സംശയവും അവൾക്ക് പിന്നാലെ ഓടി.     
     മടിയിലേക്ക് വന്നുവീണ ഗർഭനിരോധന ഉറയുടെ പാക്കറ്റ്.കുട്ടിയെ മരുന്ന് കഴിപ്പിക്കുന്ന താര. രംഗങ്ങളൊന്നും ദഹിക്കാത്ത കാറിനും ബദറുവിനും മൗനം.മുൻസീറ്റിൽ വായ തുറന്നു കിടക്കുന്ന പേഴ്‌സിലേക്ക് അവൻ നിരാശയോടെ നോക്കി.കുട്ടിയെ കിടത്തിയിട്ട് പേഴ്‌സുമായി അവൾ വീണ്ടും പുറത്തിറങ്ങി നിന്നു.
    "കണക്കെല്ലാം പിന്നെപ്പറയാം സാറേ,കുടിക്കാനെന്തെങ്കിലും..?"മദ്യക്കടയിലേക്ക് നോക്കി താരയുടെ ചോദ്യം.വരിനിൽക്കുന്ന ഒരുത്തനോട് അവൾ കുശലം പറഞ്ഞു ചിരിക്കുന്നു.കാറിലേക്ക് അയാളുടെ ചരിഞ്ഞ നോട്ടം.പേഴ്‌സ് നെഞ്ചിൽ ചേർത്തു പിടിച്ചിട്ടുണ്ട്.ബദറുവിന്റെ ഉള്ളറിഞ്ഞ കാറ് മുരണ്ടു. തട്ടുകടക്കാരന് ഭക്ഷണത്തിനുള്ള തുകയും കൊടുത്ത് 'ദാ,വന്നേന്ന്..' താരയുടെ വേഗനടപ്പ്.
    പൊതികളിൽ വെന്തമണങ്ങൾ."വേഗം പോ സാറേ, കുളിച്ച് വല്ലതും കഴിച്ചിട്ടുവേണം." 
'ഇത് താരയല്ലേ?'ബദറു കടലിനെ നോക്കി.കടല് മണത്തോടെ ഇറങ്ങിപ്പോയി.കുട്ടിയെ മടിയിൽ കിടത്തി ദോശ കഴിപ്പിക്കുന്ന താര.തിന്നതിന്റെ ബാക്കി കവിളിലൂടെ ഒഴുകിവരാറുള്ള സഹോദരിയെ അവനോർത്തു.താര, കുട്ടിയുടെ കവിൾ സാരിത്തലപ്പിന് തുടച്ചു.ദോശമണമുള്ള കൈകൊണ്ട് വീട്ടിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു.പെട്ടെന്നുള്ള വളവുകൾ, അപരിചിതന്റെ മുഖമുള്ള തെരുവ്.കോമിക്ക് രുപത്തിന്റെ പുറത്തുകിടന്ന തടിയൻ പേഴ്‌സ് അവനെ പോയകാലം ഓർമ്മിപ്പിച്ചു.
     പ്രവാസപ്പെട്ടിരുന്ന വാപ്പയുടെ മയ്യിത്തിന് കൂട്ടുവന്നവരുടെ ഒറ്റച്ചോദ്യം.നഷ്ടത്തിന് പണമോ തൊഴിലോ? ഇരുപതിന്റെ പക്വതയിൽ ബദറു തൊഴിലിന് തലകുലുക്കി.ഉമ്മയും സഹോദരിയും അതേയെന്ന് കരഞ്ഞു.കടലിന് മീതെ പറന്നുപോയിട്ട് ഒന്നരഡസൻ വർഷങ്ങൾ.മീനാക്ഷിവിലാസം ഗ്രൂപ്പിൽ  ബദറുവിന്റെ സ്മൈലികൾക്ക് മറുചിരിപോലും കിട്ടില്ല.താര തിരിച്ചറിയാത്തതിൽ തെറ്റെന്തെന്ന് കൊഴിഞ്ഞ മുടിയും കാലവും തെളിഞ്ഞ നെറ്റിയിൽ അവൻ തടവി.കുട്ടി തിന്നതിന്റെ ബാക്കിയിൽ താര ചവയ്ക്കുന്ന ശബ്ദം.കാറ് ഒരു സിനിമാപ്പാട്ട് മൂളിനോക്കി.ബദറു പേഴ്‌സിനെ പോക്കറ്റിലേക്ക് ഒളിപ്പിച്ചു.
     "ആ പോസ്റ്റിന്റെടുത്ത് ചവിട്ടിക്കോ സാറെ,അതിന്റെ ബൾബ് ഞാനെറിഞ്ഞുപൊട്ടിച്ചിട്ടുണ്ട്.!'
ബദറു ചിന്തകൾക്കും ബ്റേക്കിട്ടു."അതാണ് വീട്, ഇറയത്തെ വെളിച്ചമണയുമ്പോൾ കേറിവന്നോ" കുട്ടിയെ തോളിലിട്ട് ,മരുന്നും ഭക്ഷണപ്പൊതികളും വിരലിൽ തൂക്കിനിന്ന് താരയുടെ ചിരി.കാശുള്ള കസ്റ്റമറെ കിട്ടിയ രതിപ്പെണ്ണിനൊത്ത നടപ്പ്."അതെടുക്കാൻ മറക്കരുത്"തിരികെവന്ന് കവിളിൽ നുള്ളിപ്പറഞ്ഞിട്ടും അവന് അനക്കമില്ല.അവളുടെ മൂക്കുത്തിയിൽ പച്ചക്കല്ലിന്റെ തിളക്കം. നിരോധിന്റെ പാക്കറ്റിൽ, പ്രണയക്കുന്നിലേക്ക് കൈകോർത്ത്‌ നടക്കുന്ന ഇണകളുടെ നിഴൽച്ചിത്രം   
    വെളിച്ചമണഞ്ഞു.നിരോധിന്റെ പാക്കറ്റ് മടിയിൽ നിന്നൂർന്നുപോയി.ബദറുവിന്റെ നടപ്പിന് നോവൻ താളം.തുടലിലിട്ടിരുന്ന മെലിഞ്ഞ പെൺപട്ടി നിലത്ത് വീണ് അവന്റെ നേർക്ക് കാലുയർത്തി.അവൻ വാതിലിൽ തൊട്ടു.തുറവി സമ്മതിച്ച് അതിന്റെ മൂളൽ.ഇരുമ്പൻ അലമാരയുടെ കണ്ണാടിയിൽ സ്വയം നോക്കി.എട്ടാം തരക്കാരൻ ബദറുദീനെ ഈ രൂപത്തിൽ നിന്നും കണ്ടെത്താനാകുന്നില്ല.
      നിലത്തെ പായയിൽ കമഴ്ന്നു കിടന്നുറങ്ങുന്ന കുട്ടി.കുഴിഞ്ഞമെത്ത ആഡംബരമായ കട്ടിൽ. കാറ്റ് നിറയ്ക്കാനുള്ള ബലൂണുകൾ,വെളുത്ത ഒരു നൂലുണ്ട.പാതി നിർമ്മിച്ച ഒരു പട്ടം.മേശപ്പുറത്ത് പാതിയുണങ്ങിയ തുണികൾ.മുറിയുടെ നീല നിറത്തിന് മഞ്ഞ ചാലിക്കുന്ന ബൾബ്.ഫാനിന്റെ കറക്കം, കുട്ടിയുടെ ഉറക്കം,വലിവിന്റെ ഒരേ താളങ്ങൾ.
    കട്ടിലിന് ചേർത്തിട്ട ടീപ്പോയിൽ മരുന്നുകളും റേഡിയോയും.താരയിൽ പാട്ടുണ്ട്.ബദറുവിന്റെ മുഖത്ത് ആശ്വാസം.പിൻവാതിലിലൂടെ കുളി കഴിഞ്ഞ താര വന്നു.ചിരട്ടയിൽ മെഴുകുതിരി വെട്ടം അണയാതെ പിടിച്ചിട്ടുണ്ട്.വെള്ളയിൽ വയലറ്റ് പൂക്കളുള്ള മാക്സി.വാസന സോപ്പിന്റെ മണം.
പാതിയുണങ്ങിയ തുണികൾ അവൾ കട്ടിലിലേക്ക് മാറ്റിയിട്ടു.റേഡിയോ തിരിച്ചു.ആർ.ജെപ്പെണ്ണ്  'പ്രണയാനുഭവങ്ങൾ' ചോദിക്കുന്നു.പൊതികളഴിച്ചു."സാറെന്തെങ്കിലും തിന്നതാണോ.?"ബദറു തല കുലുക്കി.
    "ഇന്നൊന്നും വിറ്റില്ല,കൊച്ചിന് വയ്യ.നാലഞ്ചണ്ണം നശിച്ച കടലുകൊണ്ടുപോയി."ബദറു ചുവരിലെ വിവാഹ ഫോട്ടോയിൽ നോക്കിയിരുന്നു.താരയും മീശയില്ലാത്ത സുന്ദരൻ മുഖക്കാരനും.മേശയുടെ കീഴിലിരുന്ന കുപ്പിവെള്ളം താര എടുത്തു.'അപരിചിതനാരെന്ന്?' എത്തിനോക്കിയ കഴുത്തിലെ നൂലൻ താലിമാലയെ അവൾ പിന്നിലേക്ക് തള്ളിവിട്ടു.       
     മുട്ട പൊരിച്ചത് ഉള്ളിൽ വച്ച ദോശ,താര ബദറുവിന്റെ ചുണ്ടിലേക്ക് നീട്ടി.മോതിര വിരലിൽ വിവാഹ മോതിരമുണ്ടായിരുന്നെന്ന് മഞ്ഞിച്ച അടയാളം."ടെൻഷനൊന്നും വേണ്ട സാറേ,കൊച്ചിന്റെ കമ്മലും മരുന്നിന്റെ കാശും തട്ടിപ്പറിച്ച് മൂന്ന് കൊല്ലം മുന്നേ അങ്ങേര് മുങ്ങിയതാ...."താര വിവാഹം ആൽബം തുറന്നു.പൊങ്ങിവന്ന വിതുമ്പലവൾ കുപ്പിവെള്ളത്തിൽ കലർത്തി കുടിച്ചു.മുളക് കടിച്ച് ബദറുവിന് കണ്ണെരിഞ്ഞു.അവനും കുപ്പിവെള്ളത്തിന് കൈ നീട്ടി.   
    അടുക്കളയിലെ ഇരുട്ടിൽ വായ കുലുക്കുഴുഞ്ഞ് തുപ്പുന്ന ശബ്ദം.ഗ്ലാസ്സിൽ വെള്ളവുമായി താര ബദറുവിന്റെ മുന്നിൽ നിന്നു."ഉമ്മകൾ നീറും.."അടുക്കള വാതിലിനോട് ചാരി അവൻ മുറ്റത്തേക്ക് തുപ്പി.തെങ്ങിന്റെ ചുവട്ടിലെ ഒറ്റമൂട് മുല്ലയിൽ നിന്നും പൂക്കൾ പൊട്ടിക്കുന്ന താരയെ ബദറു നോക്കി. പെൺപട്ടിയുടെ വാലാട്ടം നിലച്ചിട്ടില്ല.താര തിന്നതിൽ പങ്ക് അതിന്റെ മുന്നിലിരിക്കുന്നു.
     'പോയിട്ട് വാ സാറേ...'പായൽനിറമുള്ള കുളിമുറിയിലേക്ക് താര ചൂണ്ടി.ഉയർത്തിക്കെട്ടിയ അലക്കുകല്ലിൽ ബദറു കുറച്ചുനേരമിരുന്നു.ആകാശമേൽക്കൂരയിൽ നക്ഷത്രങ്ങൾ.ചുവരുകൾക്ക് പായൽത്തണുപ്പ്.ഏങ്ങലുകൾ കുളിമുറിയുടെ തകരവാതിൽ തകർത്ത് പുറത്തേക്കോടി. താരയോട് തന്നെ അവതരിപ്പിക്കാനുള്ള വാക്കുകൾ അവൻ ഉള്ളിൽ ഊതിവീർപ്പിച്ചു.വെള്ളത്തിന്റെ തണുപ്പ് ബദറുവിനെ ഇക്കിളിയാക്കി.ചിരട്ടയിലൂന്നിയ മെഴുകുതിരി വെട്ടത്തിൽ താര കാത്തുനിന്നു.
     'ആദ്യമായിട്ടാണോ..?'താര ബദറുവിന്റെ വിരലുകൾ കോർത്ത് പിടിച്ചു."ഞാനുമങ്ങനെ സ്ഥിരമായിട്ടില്ല,തീറ്റക്കും കൊച്ചിന്റെ മരുന്നിനും പിന്നെ എനിക്കും വല്ലാതെ മുട്ടുമ്പോൾ ഒരാളെ.." അവർ അടുക്കളപ്പടിയിലിരുന്നു.താര അവനെ കെട്ടിപ്പിടിച്ചു,ഉമ്മ വച്ചു.അവരെ നോക്കിയുള്ള മെഴുകുതിരിച്ചിരി തണുപ്പൻ കാറ്റ് കെടുത്തിക്കളഞ്ഞു.കൈകോർത്തു പിടിച്ച് ഇരുട്ടിലൂടെ കട്ടിലിലേക്ക് നടന്നു.നിരോധിന്റെ പാക്കറ്റിലെ ചിത്രം ബദറുവോർത്തു.താര അവന്റെ പോക്കറ്റിൽ തപ്പി.'എടുത്തില്ലല്ലേ..?'അവൻ മറുപടി പറഞ്ഞില്ല.അവൾ ചിരിച്ചു, അവനും.  
    മുല്ലപൂത്ത് കിടക്കുന്ന കട്ടിൽ.റേഡിയോയുടെ പ്രണയ ഗീതം.ബദറുവിലേക്ക് പടരുന്ന താരയുടെ കൈവള്ളി.ബദറുവിന്റെ ചുണ്ട് താരയുടെ നെറ്റിയോട് 'ബദറുദ്ദീനാണെന്ന' രഹസ്യം പറഞ്ഞു.താര അത് കേട്ടില്ല.കഴുത്തിൽ വാസനസോപ്പിന്റെ മണം.     
    പെട്ടെന്ന്, കുട്ടി ഛർദ്ദിക്കാൻ തുടങ്ങി.കണ്ണുകൾ വികസിച്ച് ശരീരം വളഞ്ഞു.‌ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നു.ഇരുമ്പൻ അലമാരയിൽ മുഖം അമർത്തി കരയുന്ന താര.ഛർദ്ദിയിൽ ചോരനിറം കലരുന്നു.കുട്ടിയെ തോളിലേക്ക് കോരിയിട്ട് ബദറു മുറ്റത്തേക്കിറങ്ങി.പെൺപട്ടി എഴുന്നേറ്റ് നിന്നു വാലാട്ടി.
    ഇരുട്ടിലും മീശയില്ലാത്ത സുന്ദരൻ മുഖം ബദറു തിരിച്ചറിഞ്ഞു.അയാളുടെ കൈയിലിരുന്ന വിറകു കഷ്ണം ആക്രമിക്കാനുള്ളതല്ലെന്ന് വിറ വിളിച്ചു പറയുന്നു.പെൺപട്ടി അയാളോട് കുരച്ചു.മുന്നിൽ കയറിനിന്ന താര അയാളെ നെഞ്ചിൽ തള്ളിമാറ്റി.അവർ കാറിലേക്കോടി.
    ബദറുവിന്റെ ഉടുപ്പിലൂടെ ഒലിച്ചിറങ്ങുന്ന ഛർദ്ദി കൈയിൽ വാങ്ങുന്ന താര.കാറിന്റെ പിൻസീറ്റ് അടഞ്ഞു.കുട്ടി വീണ്ടും ഛർദ്ദിക്കുന്നു.താരയിൽ തിടുക്കം.ബദറു വണ്ടിനിർത്തി അയാളെ നോക്കി. വിറകുകഷ്ണം വലിച്ചെറിഞ്ഞ് അയാൾ മുൻ സീറ്റിലേക്ക് കയറിയിരുന്നു.ഉള്ളിലാകെ ഛർദ്ദിയും സിഗരറ്റും കുഴഞ്ഞ മണം.അയാളിരിക്കുന്ന സീറ്റിൽ കാറ്റുപോയ കോമിക്ക് രൂപത്തിന്റെ കരച്ചിൽ. ബദറു ഗ്ലാസ്സുകൾ തുറന്നിട്ടു,നിരോധിന്റെ പാക്കറ്റ് സീറ്റിനടിയിലേക്ക് തള്ളിമാറ്റി.     
    അത്യാഹിത വിഭാഗത്തിന് മുന്നിലെ വഴുവഴുപ്പൻ ബഞ്ചിൽ അയാൾ സുഖമായി ഉറങ്ങുന്നു.
ബദറുവിന് ഉറക്കം വന്നില്ല.ഓരോരൊ ആവശ്യങ്ങൾക്കായി വാതിലിന്റെ കരച്ചിലിനൊപ്പം താരയും പുറത്തേക്ക് വരുന്നുണ്ട്.ഉറക്കത്തോടെ വഴുതി നിലത്തേക്കിരുന്ന അയാൾ ബദറുവിനോട് ചിരിച്ചു.  ചായ കുടിക്കുമ്പോൾ അയാൾ മാറിനിന്ന് പുകവലിച്ചു.
     അയാൾ,അടുത്ത ഉറക്കത്തിനുള്ള തയാറെടുപ്പിലാണ്.ഉടൻ അടക്കേണ്ട തുക ചിരിചേർത്ത് പ്രഖ്യാപിച്ചിട്ട് നേഴ്‌സുപെണ്ണ് അകത്തേക്ക് തലവലിച്ചു.തുകയെഴുതിയ കടലാസ് ബഞ്ചിന്റെ ഒത്ത നടുവിലിരുന്നു.അയാൾ ബദറുവിനെ നോക്കി.പൂജ്യങ്ങളുടെ പെരുക്കങ്ങൾ പേഴ്‌സിൽ നിന്ന് കൃത്യമായി എണ്ണിയെടുക്കുന്ന ബദറു .'ഇതേത് കണക്കിലെന്ന്'പേഴ്‌സ് ഉള്ളുതുറന്നു.ലാഭനഷ്ടങ്ങൾ  തിട്ടപ്പെടുത്താനാകാത്ത ചിലതുമുണ്ടെന്ന് തുകൽ പേഴ്‌സിന്റെ നാവടപ്പിച്ചു.
         കടലാസും എണ്ണിത്തിട്ടമാക്കിയ സംഖ്യയും തട്ടിപ്പറിക്കുന്ന ആയത്തിൽ സ്വന്തമാക്കിയ അയാൾ വരാന്തയുടെ മറ്റേ അറ്റത്തേക്ക് നടന്നു.ഒപ്പമെഴുന്നേറ്റ ബദറുവിനെ'ഞാനില്ലേ..'യെന്ന നോട്ടത്തിൽ തടഞ്ഞു.
    ബദറുവിനെ ഉറക്കം തൊട്ടു.വഴുക്കൻ ബഞ്ചിന്റെ കൈയിൽ അവൻ തല ചേർത്തു. "ആ തുകയിതുവരെ അടച്ചില്ലേ..?"ഇത്തവണ ദേഷ്യത്തിലായിരുന്നു നേഴ്‌സുപെണ്ണിന്റെ കല്പന.മുന്നിൽ നിൽക്കുന്ന താരയുടെ മുഖത്ത് ആകുലത.പേഴ്‌സിന്റെ ഉള്ളുതൊട്ട്,വരാന്തയുടെ മറ്റേ അറ്റത്തേക്ക് ബദറു നോക്കി.'നടന്നതെനിക്ക് മനസിലായെന്ന്' താരയുടെ വീഴ്ചപോലുള്ള ഇരിപ്പ്.വഴുക്കൻ ബഞ്ചും കരഞ്ഞു.
     പണമടയ്ക്കുന്ന കൗണ്ടറിന്റെ മുന്നിൽ അയാൾ ചുരുട്ടിയെറിഞ്ഞിരുന്ന കടലാസ് താര എടുത്തു.
ചായ കുടിക്കുമ്പോൾ ബദറു മീശയില്ലാത്ത ആ മുഖം തിരയുന്നുണ്ടായിരുന്നു.പൊടികലങ്ങിയ ചായ ദൂരേക്കൊഴിച്ച് 'ഇനിയവനെ തിരയേണ്ടെന്ന്' താര ബദറുവിനെ തൊട്ടു.വഴുക്കൻ ബെഞ്ചിൽ നിന്നൂർന്ന് പോകാതിരിക്കാൻ അവളവനെ കൈകോർത്തുപിടിച്ചിരുന്നു.ക്ഷമ പറയാൻ തുടങ്ങി, 'വേണ്ടെന്ന്' ബദറു അവളുടെ തോളിൽ താളം പിടിച്ചു. 
    കുട്ടി ഉണർന്ന വിവരം പറഞ്ഞ നേഴ്‌സിന്റെ മുഖത്ത് സുഖവിവരം. കുഞ്ഞൻ തുകയുടെ കണക്കും വാങ്ങിക്കാനുള്ള മരുന്നിന്റെ കുറിപ്പടിയും.തൂക്കുപാത്രവുമായി വന്ന താരക്ക് ബദറു പേഴ്‌സ് നീട്ടി. അവൾ മടിച്ചു.അവർ ക്യാന്റീനിലേക്ക് നടന്നു.താര കഴിക്കുന്നത് നോക്കി ബദറു ഇരുന്നു.
     ലോഡ്ജ് മുറിയിൽ കുളി കഴിഞ്ഞു വന്ന ബദറു കുട്ടിക്ക് കൂട്ടിരുന്നു.മുറിയുടെ താക്കോലിനൊപ്പം നീട്ടിയ പേഴ്‌സ്,ഒട്ടും മടിക്കാതെ അവൾ വാങ്ങി നെഞ്ചിൽ ചേർത്തു.
     താരയ്ക്ക് വിലകുറഞ്ഞ ചുരിദാറും ചേർച്ചയില്ലാത്ത ദുപ്പട്ടയും.ബദറു ചിരിച്ചു.ലോഡ്ജ് മുറിയുടെ താക്കോലും പേഴ്‌സും വഴുക്കൻ ബഞ്ചിൽ നടുക്ക് വച്ച് അവൾ മറ്റേ അറ്റത്തേക്ക് നീങ്ങിയിരുന്നു. ബദറുവിന്റെ നോട്ടങ്ങളിൽ നിന്ന് താര കണ്ണൊളിപ്പിക്കുന്നു.കുനിഞ്ഞ ഇരുപ്പ്,വിതുമ്പലിന്റെ കടുക് പൊട്ടൽ.വാതിലിനെ കരയിച്ച് അകത്തേക്കുപോയ താരയെ,വൈകുവോളം പുറത്തേക്ക് കണ്ടില്ല. കുട്ടിയുടെ അരികിൽ തലകുനിഞ്ഞ ആ ഇരിപ്പിലേക്ക് അവൻ എത്തിനോക്കിയിട്ട്, മുറിയിലേക്ക് നടന്നു.
     ഉറങ്ങിയെഴുന്നേറ്റപ്പോൾ ബദറുവിന് ഉന്മേഷം തോന്നി.ഛർദ്ദി മണമുള്ള ഉടുപ്പ് മാറ്റി,കുളിച്ചു.
മുറി ഒഴിഞ്ഞു.കുട്ടിക്കും ഒരുടുപ്പ് വാങ്ങി,മൂന്നാൾക്ക് കഴിക്കാനുള്ളതും പൊതിഞ്ഞു.ആശുപത്രി വഴിയിൽ ബദറുവിന്റെ ചുണ്ടിൽ താരയുടെ പാട്ട് വന്നു,ചിരികളും.
     പടികളിൽ കാത്തുനിൽക്കുന്ന താരയും കുട്ടിയും.അവളുടെ കൈയിലിരുന്നാടുന്ന ബില്ലിന് ബദറു കൈനീട്ടി.കടലാസിലുള്ള അവളുടെ പിടി അയയുന്നില്ല.ഒരറ്റം കീറിയ ബില്ലിൽ കൗണ്ടറിലെ പെണ്ണിന് ചിരി.കാറിലേക്ക് കയറാനും മടിക്കുന്നു.'ഞങ്ങൾ നടന്നുപോകാമെന്ന്' കുട്ടിയെ ചേർത്ത് പിടിക്കുന്ന താര.'വന്നു കയറൂവെന്ന' ബദറുവിന്റെ നില്പ്.'എന്താണ് പ്രശ്നമെന്ന്' ആളുകളുടെ നോട്ടം. 
     കാറിനുള്ളിൽ കുട്ടിയുടെ ചിരിയും തലേന്ന് വീണ'പൊട്ടും പൊടിയും'ഒതുക്കാനുള്ള താരയുടെ ശ്രമങ്ങൾ.കാറിന്റെ മേൽക്കൂരയിലപ്പോഴും മുട്ടിനിൽക്കുന്ന ഒരു ചുവപ്പൻ ബലൂൺ.കണ്ണാടിയിൽ കുനിഞ്ഞ മുഖം.തുണികളും ഭക്ഷണപ്പൊതിയും പിന്നിലേക്ക് നീട്ടി.പെട്ടെന്നുള്ള ഡിസ്ചാർജ്ജിന്റെ പരിഭവത്തിലൂടെ സംഭാഷണം തുടങ്ങാനായിരുന്നു ബദറുവിന്റെ നീക്കം.
    കാറിനുള്ളിലേക്ക് റോഡിന് വലതുവശം നിറഞ്ഞ കടലിന്റെ മൂളിപ്പാട്ടും മണവും കയറിവന്നു.
ഛർദ്ദിമണം മാറി കടലിന്റെ മണം.പറയാൻ വൈകരുതെന്ന് നിലത്ത് കിടന്ന നിരോധിന്റെ പാക്കറ്റും ഓർമ്മിപ്പിച്ചു.ബദറു അതിനെ കാലുകൊണ്ട് തൊട്ടു.കുനിഞ്ഞെടുത്ത് മുന്നിലെ സീറ്റിലിട്ടു.താര അതിലേക്ക് മുഖമുയർത്തി നോക്കി.
   "ഇവിടെ നിർത്താമോ..?"ബദറു പറയാനാഞ്ഞതും കാറും താരയുടെ ചോദ്യത്തിൽ നിന്നു.
വളരെ തിടുക്കത്തിൽ ആൾക്കൂട്ടത്തിലേക്ക് അവൾ നടക്കുന്നു.കാറ്റുപോയ ആ കോമിക്ക് രൂപം കുട്ടി മുറുക്കെപ്പിടിച്ചിട്ടുണ്ട്.കാറിനുള്ളിൽ മുട്ടിനിന്ന ബലൂണുകൾ മണലിൽ ഓടാൻ ശ്രമിക്കുന്നു
കാലുകൾ പതിയുന്നതിന് അനുവദിക്കാതെ അവൾ കുട്ടിയെ വലിക്കുന്നു.ഓട്ടത്തിന്റെ താളമുള്ള നടപ്പ്.ഒരു തവണ 'തിരിഞ്ഞു നോക്കാത്തതെന്തെന്ന് ?' കടലും ബദറുവും തമ്മിൽ ചോദിച്ചു.
     ബദറു കാറൊതുക്കി പാറയുടെ അരികിലേക്ക് നടന്നു.കൗതുകമുള്ള ചെറുപ്പക്കാരൻ തിര പാഞ്ഞുവന്നു.പാറയും കടന്ന് ഏറെ മുന്നിലേക്ക് ചെന്ന് ആരെങ്കിലുമുണ്ടോയെന്ന് നോക്കി.ബദറു തിരയുടെ ഉള്ളിലായി.താരയുടെ കഥ പറയെന്ന് രഹസ്യമായ തിരച്ചോദ്യം.അവന്റെ കരച്ചിലുകണ്ട് തിര വേഗം പിന്നോട്ടാഞ്ഞു.പ്രായമുള്ള ഒരു തിര കയറിവന്നു.തണുപ്പൻ മണലിട്ട് ബദറുവിന്റെ കാലുകൾ പുതപ്പിച്ചു.കടലിന്റെ നേർക്കവൻ ഉമ്മയെ വിളിച്ചുകരഞ്ഞു.
    പിൻപോക്കറ്റിലിരുന്ന പേഴ്സിനെ പാറയെന്ന് ഞെരിച്ചപ്പോൾ ഒറ്റുകൊടുത്തെന്ന് കുറ്റസമ്മതം നടത്തി.ബദറു അതിനെ പുറത്തെടുത്തു.താര 'ബദറുദ്ദീനെ'തിരിച്ചറിഞ്ഞതിന്റെ രേഖകൾ അവൻ കടലിന് കൊടുക്കാനാഞ്ഞു.തീരമില്ലാത്തവരുടെ നിരവധി പലായനങ്ങൾക്ക് സാക്ഷിനിന്ന കാറ്റ് അവനെ ശാസിച്ചു.
      വാത്സല്യമുള്ള ഒരു തിര ബദറുവിനെ മുട്ടോളം നനച്ചു.പാറയുടെ ചുറ്റും വളർന്ന് കെട്ടിപ്പിടിച്ചു. സൂര്യനെ കുഴിച്ചിട്ട് ആളുകൾ മടങ്ങുന്നു.താരയെ ഒപ്പം കൂട്ടണമെന്നുറച്ച ബദറു വളരെ വേഗം ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി.
     താരയെ വിളിച്ചുറക്കെക്കരയുന്ന ബദറുവിനെ ഒരാളും തിരിഞ്ഞു നോക്കിയില്ല.ഉപേക്ഷിക്കപ്പെട്ട  കോമിക്ക് രൂപങ്ങൾ തിരയോടൊപ്പം കടലിലേക്ക് ഇറങ്ങിപ്പോകുന്നു.താരയെ ഓർത്ത് ബദറുവിന് ഭയം തോന്നി.ആ കോമിക്ക് രൂപങ്ങൾക്ക് പിന്നാലെയും അവനോടി.മുങ്ങിത്തുടങ്ങിയ ഒന്നിനെ വലിച്ചെടുത്തു.കടലിനോടവൻ കയർത്തു.'ഞാനെന്തുചെയ്‌തെന്ന്' കടലിനപ്പോൾ കരച്ചിലും വന്നു.
    താര എറിഞ്ഞുപൊട്ടിച്ച പോസ്റ്റ് തിരഞ്ഞ് ബദറു കാറോടിച്ചുകൊണ്ടേയിരുന്നു.അവളെ കണ്ടെത്തിയ കാത്തിരിപ്പുകേന്ദ്രത്തിൽ നിന്ന്,അപരിചിതന്റെ തുറിച്ചുനോട്ടമുള്ള തെരുവിലൂടെ കടലിന്റെ മുന്നിൽ പലവട്ടം നിരാശയോടെ മടങ്ങി വന്നു.പാറയിൽ ഒന്നിരിക്കാമെന്ന് ചിന്തിക്കുന്ന അവനോട് 'ഒരുതവണകൂടെ പോയിനോക്കെന്ന്' തിരകളും കാറ്റും ആവശ്യപ്പെട്ടു.
   മരുന്നിന്റെ കുറിപ്പടിയിൽ താര പൊതിഞ്ഞു വച്ച,പച്ചക്കല്ലൻ മൂക്കുത്തിയും നൂലൻ താലിമാലയും ബദറു കണ്ടില്ല.തിര തിന്ന റോഡ് 'അവനെയുംകൊണ്ട് വീട്ടിൽപ്പോടാന്ന്..'കാറിനെ കുഴിയിലിറക്കി ഉപദേശിച്ചു.കാറ് റോഡിനോട് വഴക്കിട്ട് മുന്നോട്ടാഞ്ഞു.
      താരയിലേക്ക് വഴിയറിയാത്ത അവരെ നോക്കി കത്തിനിന്ന വഴിവിളക്കുകൾ ചിരിക്കാനും കളിയാക്കാനും തുടങ്ങി.കടലപ്പോൾ മരിച്ച തിരകളോടെ കറുത്ത നിറമായി. 

കെ.എസ്.രതീഷ്
Ratheesh.amets09@gmail.com
9497456636       
              
       

No comments:

Post a Comment