Tuesday 26 March 2024

സായകം.

സായകം

    അപ്പനൊരു ഫ്രീക്കൻ പയ്യന്റെ ബൈക്കിൽ നിന്നിറങ്ങിവരുന്നതു കണ്ട് കല്പനയും അനുരാഗും വരാന്തയിൽ അമ്പരന്ന് നിന്നു.ഫ്രീക്കന്മാരെയോ മുരളുന്ന തരം ബൈക്കുകളോ അപ്പനൊരിക്കലും  ഇഷ്ടപ്പെട്ടിരുന്നില്ല.അതുമാത്രമല്ല പെൻഷനും വാങ്ങിച്ച്,മാസന്തോറുമുള്ള ആശുപത്രിപ്രാന്തും കഴിഞ്ഞ് ചൂടൻ വഴിയിലൂടെ നടന്ന് വിയർത്തു കുളിച്ച് വീട്ടിലേക്ക് തെറികളോടെ വന്നുകയറുമ്പോൾ, ഇതേ മകനും മരുമകളും കിടപ്പുമുറിയിലോ അടുക്കളയിലോ ചെന്നൊളിച്ചിരിക്കലാണ് പതിവ്.
      അയാളുടെ ഭാര്യ മരിച്ചതിനുശേഷം അതങ്ങനെയാണ്.അപ്പന്റെ തെറികളും വിയർപ്പിന്റെ  ദുർഗന്ധവും വീട്ടിനുള്ളിൽ നിറഞ്ഞുനിൽക്കും.അനുരാഗിനെ അമർത്തിപ്പിടിക്കാൻ കല്പനയും എട്ടുവയസുകാരനായ കുട്ടിയും അത്രയേറെ പ്രയാസപ്പെടും.ഒടുവിൽ മകനെ കെട്ടിപ്പിടിച്ചു കരയുന്ന കല്പന അപ്പന്റെ തോർച്ചയും കാത്തുകിടക്കുമ്പോൾ അനുരാഗ് അമർഷത്തിന്റെ സിഗരറ്റുകൾ വലിച്ചുതള്ളും.അമ്മയ്ക്ക് പകരം അപ്പൻ ചത്തുപോയിരുന്നെങ്കിലെന്ന ചിന്ത പുകയിൽ മണക്കും.  
     തിളക്കമുള്ള പേപ്പറിൽ തീർത്ത വാലുനീണ്ട ഒരു പട്ടവും,മയിൽപ്പീലി കെട്ടിയ ഓടക്കുഴലും. നനഞ്ഞ മുണ്ടിൽ കെട്ടിപ്പിടിച്ചിരുന്ന ചിപ്പിയും മണൽത്തരികളും അപ്പൻകൊണ്ട കടലിനെ കാണിച്ചു തരുന്നുണ്ട്.വാർധക്യമില്ലാ ചിരിയുള്ള ചുണ്ടിൽ പതിവില്ലാത്ത മൂളിപ്പാട്ടിനൊപ്പം ഇന്ന് അപ്പന്റെ ഉടലാകെ തിരിച്ചറിയാൻ കഴിയാത്ത ഏതോ പൂവിന്റെ  ഗന്ധവുമുള്ളതായി അനുരാഗ് ശ്രദ്ധിച്ചു.
       അനുരാഗിന്റെ പിടിവിട്ട കുട്ടി പട്ടത്തിന്റെ നേർക്ക് കൈ നീട്ടി.ഓടക്കുഴൽ മാത്രം കൊടുത്തിട്ട് ഇത് പിന്നീടെന്ന് അപ്പൻ പട്ടവും ഒരു പുരികവും ഉയർത്തിപ്പിടിച്ചു.കുട്ടി പട്ടത്തിന്റെ നീണ്ട വാലിൽ ഒന്നു തൊട്ടു.അപ്പൻ ആ വാലുമപ്പോൾ ഉയർത്തിവച്ചു.കുട്ടി രണ്ടു വട്ടം ഉയർന്നു ചാടി. സ്വപ്നത്തിലെങ്കിലും ഇങ്ങനെയുള്ള രംഗങ്ങളൊന്ന് കാണാൻ എന്നോ കാത്തിരുന്ന കല്പനയെ അപ്പനപ്പോൾ നോക്കി. 'കുടിക്കാനിത്തിരി വെള്ളം താ പെണ്ണേ...'? അവൾ ഒരു ചിരിയെ കൂട്ടുപിടിച്ച് അടുക്കളയിലേക്ക് ഓടി.എന്നിട്ടും, വഴിയിൽ നാലഞ്ച് തുള്ളി കണ്ണീര് ഉരുണ്ടുവീണു.മടിയിലിരിക്കുന്ന കുട്ടിക്കുവേണ്ടി ഓടക്കുഴലിൽ പാട്ടുണ്ടാക്കുന്ന അപ്പനെ അനുരാഗ് പിന്നെയും പിന്നെയും നോക്കി.
      "നീയെന്താ ഇതിനൊരു ഇണയെ ഇട്ടുകൊടുക്കാത്തത്" കണ്ണാടിപ്പാത്രത്തിലെ വർണമീനിന്റെ ഒറ്റയാൻ നില്പിലേക്ക് നോക്കിയുള്ള അപ്പന്റെ ആ പറച്ചിൽ മടിയിലിരുന്ന കുട്ടിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല."ഇതെടുത്ത് ഞാൻ തോട്ടിലെറിയും"മേശയിൽ ഒന്നോ രണ്ടോ തുള്ളി വീണതിന് അപ്പൻ നിന്നു തുള്ളിയതോർത്ത കുട്ടി,ചെവിയുടെ പിന്നിൽ അന്ന് വീണ മുറിവിന്റെ പൊരിക്കയിൽ തൊട്ടുനോക്കി.
        അതിഥികളിലെ ചെറിയകുട്ടിയായിരുന്നാലും ചെരുപ്പിട്ടകത്തേക്ക്‌ വന്നാൽ പൊട്ടിത്തെറിക്കുന്ന, വാതിലിന്റെ എല്ലാ മൂലയിലും മൂർച്ചയുള്ള ഒരു മണൽത്തരിക്കും വഴക്കിനും കാലുരയ്ക്കുന്ന അപ്പൻ, പാഞ്ചാരമിഠായിപോലെ മണലിൽ പൊതിഞ്ഞ ചെരുപ്പുകൾ കാലിൽ അലസമായി ഇളക്കിക്കൊണ്ട്, കുട്ടിയോട് ഇനി വാങ്ങിക്കാനുള്ള മീനിന്റെ നിറത്തെക്കുറിച്ച് നെറ്റിയിൽ ഉമ്മവെച്ചു ചോദിക്കുന്ന രംഗം, ഇനിയുമങ്ങോട്ട് വിശ്വാസം വന്നിട്ടില്ലെന്ന സത്യം അനുരാഗിന്റെ മുഖത്ത് വായിച്ചെടുക്കാം. 
        വെള്ളം മേശപ്പുറത്ത് വച്ചിട്ട് മാറിനിന്ന കല്പനയോട് 'അതിങ്ങെടുത്ത് താ പെണ്ണേന്ന്..'അപ്പന്റെ കൈ നീട്ടൽ.കല്പനയുടെ കണ്ണു നിറഞ്ഞത്, അനുരാഗും ശ്രദ്ധിച്ചു.മകൻ പ്രണയിച്ച് ഒപ്പം കൂട്ടിയ പെണ്ണിനോട് കഴിഞ്ഞ പത്തുവർഷമായി അപ്പൻഡാമിൽ കെട്ടിനിന്ന ഓരുള്ള ആ അയിത്തവെള്ളം ഒറ്റപ്പകലിൽ ഇതെങ്ങോട്ടാണ് പൊട്ടിയൊഴുകിപ്പോയത്.?.അപ്പനിൽ ആ പൂവിന്റെ മണമപ്പോൾ ഇരട്ടിച്ചു.
        ആശുപത്രി പ്രാന്തുള്ള അപ്പൻ ആദ്യമായിട്ടാണ് ഗുളികയോ മരുന്നോ ഇല്ലാതെ വീട്ടിലേക്ക് വരുന്നത്.എല്ലാ മാസവും രണ്ടാം തീയതി ഉച്ചവെയിലിന് മുൻപ് അപ്പനെ അനുരാഗ് ആശുപത്രിയിൽ കൊണ്ടുവിട്ടിരിക്കണം.ഇല്ലാത്തതും സംശയമുള്ളതുമായ ഓരോ രോഗലക്ഷണങ്ങൾ പറഞ്ഞ് ഗുളികയും മരുന്നുകളും വാങ്ങിക്കൂട്ടും.ഒരു ഡോക്ടർ വിസമ്മതിച്ചാൽ അടുത്ത ഡോക്ടറെ കണ്ടുപിടിക്കും.വൈകുവോളം ആശുപത്രിയിൽ ചുറ്റിത്തിരിയും.ഐ.സി.യു.വിന്റെയും മോർച്ചറിയുടെയും മുന്നിൽച്ചെന്ന് പ്രിയപ്പെട്ട ഒരാൾ ഉള്ളിലുള്ളതുപോലെ കാത്തു നിൽക്കും. ചിലർക്ക് കൂട്ടിരിക്കും.        
       തിരികെ വിളിക്കാനുള്ള അനുരാഗിന്റെ വരവ് അല്പം വൈകിയാൽ വെയിലോ മഴയോ വകവെക്കാതെ വീട്ടിലേക്ക് നടക്കും.എത്ര നിർബന്ധിച്ചാലും വണ്ടിയിൽ കയറില്ല.അനുരാഗ് ബൈക്കുമായി ഒപ്പം നടക്കാൻ തുടങ്ങിയാൽ റോഡരികിൽ ഒറ്റ ഇരുപ്പാണ്.ആ ബൈക്ക് കണ്ണിൽ നിന്ന് മറഞ്ഞിട്ടല്ലാതെ അപ്പൻ എഴുന്നേൽക്കില്ല.അതിന്റെയെല്ലാം ചേർത്തിട്ടാകും വീട്ടിലെത്തിയാൽ അന്നത്തെ പെയ്ത്ത്.
         അപ്പനും കുട്ടിയും ടി.വിയുടെ നിയന്ത്രണത്തിന് തർക്കിക്കുന്നതും,കുട്ടി ജയിക്കുന്നതും കണ്ട് അനുരാഗ് അടുക്കളയിലേക്ക് നടന്നു.അരിയാൻ വച്ചിരിക്കുന്ന തക്കാളിയുടെ മിനുസത്തിലേക്ക് അയാൾ  വിരലോടിച്ചു.അടുപ്പിലേക്ക് വിറക് തിരുകി വയ്ക്കുന്ന കൂട്ടത്തിൽ കല്പനയുടെ ചിരിപൊട്ടി.  'നിങ്ങളുടെ അപ്പന് ഇതെന്തുപറ്റിയെന്ന്'തക്കാളിയുടെ കൂട്ടത്തിലേക്ക് രണ്ട് പച്ചമുളകിനെ ചെക്കു വച്ച് കല്പനയുടെ ചോദ്യം.'എനിക്കറിയാമോ..?'എന്ന് പച്ചമുളകിൽ കുനുകുനെ അരിഞ്ഞിട്ട ഉത്തരം. നാലായി മുറിഞ്ഞ തക്കാളിയുടെ ഒരു കഷ്ണം അനുരാഗിന്റെ ചുണ്ടിലേക്ക് വച്ചിട്ട് കല്പനയുടെ ചിരി. അത്ഭുതം കണ്ടുവിയർത്ത അനുരാഗിന്റെ  മൂക്കിൽ കല്പനയുടെ ചുംബനമൊത്തപിടുത്തം. 
     'മുടിയെല്ലാം വെളുത്ത് ഞാനങ്ങ് വയസനായല്ലേ പിള്ളേരേ..?'തക്കാളിയുടെ ഒരു കഷ്ണമെടുത്ത് വായിലിട്ട അപ്പൻ അവരെയൊന്നു നോക്കി.അടുക്കളയുടെ ശരീരത്തിനും അന്നേരം ആ പൂവിന്റെ മണം.'ഇതാരാണ് ഇവിടേക്ക് വന്നതെന്ന്..' അടുപ്പുകളും അപ്പന്റെ നേർക്ക് തുറിച്ചുനോക്കി.
ഒരു ഉരുളൻ പാത്രം എനിക്കിതൊന്നും സഹിക്കാൻ വയ്യെന്ന് ഉരുണ്ടടിച്ച് വീണു.അനുരാഗിന്റെ മൂക്കിലിരുന്ന കല്പനയുടെ പിടുത്തമയഞ്ഞു.അപ്പന്റെയപ്പോഴുള്ള ചിരി അടുപ്പിനെയും വാശിപിടിപ്പിച്ചു. 'അപ്പനിപ്പോ ചിരിച്ചതല്ലേന്ന്..' അനുരാഗ് സ്വയംനുള്ളി വിശ്വസിക്കാൻ ശ്രമിച്ചു. ഓടക്കുഴലോടെ കല്പന കുട്ടിയെ എടുത്തു.അവന്റെ കവിളിലിട്ട അനുരാഗിന്റെ ചുംബനത്തിൽ പാതി കല്പനയ്ക്കും കിട്ടി. അതുകണ്ട കുട്ടിയുടെ ചിരി കുഴലിലൂടെ ഒഴുകി വീണു. അപ്പനിറങ്ങിപ്പോയപ്പോൾ പൂവിന്റെ മണത്തെ പേടിച്ച് ഒളിച്ചോടിയ അടുക്കളയുടെ മണവും തിരികെച്ചെന്നു.
      അപ്പന്റെ മൂന്നാമത്തെ ചവിട്ടിലും ബൈക്ക് ഉണരുന്നില്ല.'അപ്പനിതെന്തു കരുതിയാണെ'ന്ന ചോദ്യവുംകൊണ്ട് അനുരാഗ് മുറ്റത്തേക്ക് വന്നു.ബൈക്കിന്റെ വേഗഞരമ്പിൽ കൈമുറുക്കുന്ന അപ്പനെ നോക്കി അനുരാഗ് ചിരിക്കാൻ ശ്രമിച്ചു.അപ്പന്റെ മുഖത്ത് ആവേശം നിറഞ്ഞു നിന്നു. തക്കാളിയുടെ ചുവപ്പ് ബാക്കി നിന്ന കത്തി,അനുരാഗ് പിന്നിലേക്ക് മറച്ചു.അനുരാഗിന്റെ മുഖത്തും,  മുറ്റത്ത് ഊരിയിട്ടിരുന്ന പുത്തൻ ചെരുപ്പിലേക്കും അപ്പൻ ചിരിയോടെ നോക്കി.
        'നീ, ഇതും എടുത്തിട്ടോണ്ട് നടന്നേക്കരുത്..'ഭൂതകാലത്തിലെന്നോ അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്.അതിൽ അമ്മയും അപ്പനും എത്രയോ ചിരിച്ചിരുന്നു.അനുരാഗിന് കൈവീശിയിട്ട് അപ്പൻ പോയി.അപ്പന്റെ കാലിലെ തന്റെ ചെരുപ്പ് അനുരാഗ് ശ്രദ്ധിച്ചിരുന്നില്ല.മേശയിലിരുന്ന പട്ടത്തിന്റെ വാലിലും അയാൾ വെറുതേ മണപ്പിച്ചു.കല്പനയുടെ നോട്ടത്തിൽ അയാൾ ചൂളിപ്പോയി. കുട്ടിയും ഓടി വന്ന് പട്ടത്തിന്റെ വാലിൽ ഉമ്മവച്ചു.'അപ്പനിന്ന് വല്ലാത്തൊരു മണമില്ലേ..? 'അനുരാഗിന്റെ ചോദ്യം കല്പനയിൽ എത്തിയില്ല.വൈകിട്ട് പട്ടം പറത്തണമെന്ന അപ്പന്റെ വാഗ്ദാനത്തെ കുട്ടി വാതോരാതെ വിശദീകരിക്കുകയായിരുന്നു.അമ്മ അതല്ലേ കേൾക്കു.
      ഉച്ചയൂണിന്റെ രുചിയിലിരുന്ന ആറു കണ്ണുകൾ വാതിലിലെത്തിയ അപ്പനിലേക്ക് ചെന്നു. അനുരാഗിന്റെ കണ്ണ് കറുപ്പിട്ട മുടിയിലും മീശയിലും നിന്നു.ബിരിയാണിപ്പൊതിയുടെ മണം പിടിച്ചായി കല്പനയുടെ കണ്ണിന്റെ പോക്ക്,കവറിനുള്ളിൽ ഇണയോട് ചിരിക്കുന്ന മീനിന്റെ നിറം മാത്രമാണ് കുട്ടി കണ്ടത്.ആവേശത്തിൽ അപ്പനോട് ചാരിനിന്ന കുട്ടിയുടെ ചുണ്ടിലെ തക്കാളിക്കറിനിറം മുണ്ടിലൊട്ടി. ഒരലർച്ച പ്രതീക്ഷിച്ചിരുന്നവരുടെ മുന്നിലേക്ക് കുട്ടിയെ കോരിയെടുത്ത് വരുന്ന അപ്പൻ സ്വപ്നത്തിലാണെന്നേ തോന്നു.ബിരിയാണിപ്പൊതി മുന്നിലേക്ക് നീക്കിവച്ചത് തനിക്കല്ലെന്ന് ഉറപ്പിച്ച കല്പനയോട് 'ചൂടാറും മുമ്പത് തിന്ന് പെണ്ണേന്ന്..'മീനിന്റെ കെട്ടഴിക്കുന്ന അപ്പന്റെ ശാസന. 
      കിണറിനോട് ചേർന്ന മേൽമൂടിയില്ലാത്ത മറപ്പുരയിൽ പഴയൊരു സിനിമാഗാനം കേൾക്കുന്നു. പരിസരമാകെ ആ പൂവിന്റെ മണം.കുളികഴിഞ്ഞ അപ്പന്റെ വരവും കാത്ത് പട്ടവും പിടിച്ചിരിക്കുന്ന കുട്ടി.അനുരാഗിന്റെ നില്പിൽ ഇപ്പോഴും ആകുലതകൾ.കല്പനയുടെ ചുണ്ടിൽ പാട്ടിനൊത്ത ചിരി.കുളി കഴിഞ്ഞു വന്ന അപ്പന് അനുരാഗിനൊപ്പം യൗവ്വനം.ആ മുഖത്തെ ചിരി ഇനിയും വിശ്വസിക്കാമോ എന്ന മട്ടിൽ അനുരാഗ്.വീടിനാകട്ടെ ഏറെക്കാലം അമർത്തിപ്പിടിച്ചിരുന്ന എന്തൊക്കെയോ നോവുകൾ തുറന്നു വിട്ടതിന്റെ ആശ്വാസം. 
       മുറ്റം വിട്ടുപോകുന്ന വെയിലെനോടും ചാരുകസേരയിൽ കിടന്ന അപ്പന് ചിരി.ദൂരെ മടിച്ചു നിൽക്കുന്ന സന്ധ്യയോട് കയറി വന്നോളൂ എന്ന വിളി.മടിയിലൂടെ ഊർന്നു കിടക്കുന്ന പട്ടത്തിന്റെ വാലും,അത് പറത്താൻ വാശിപിടിച്ച്  ഉറങ്ങിപ്പോയ കുട്ടിയുടെ കാലുകളും.എടുക്കാനായി കൈ നീട്ടിയ കല്പനയെ ഞെട്ടിച്ച് കിടപ്പുമുറിയിലേക്ക് കുട്ടിയെ തോളിലിട്ട് നടക്കുന്ന അപ്പൻ.കുട്ടിയുടെ ഓരത്ത് ഓടക്കുഴലും ഒതുക്കി വയ്ക്കുന്ന കല്പന.അപ്പനപ്പോൾ അവളുടെ നെറ്റിയിൽ തൊട്ടു. നിലത്ത്‌ വീണുകിടന്ന പട്ടം കൈവരിയിലേക്ക് ഒതുക്കിവയ്ക്കുന്ന അനുരാഗപ്പോൾ ഒന്നു വിതുമ്പി.
      വീണ്ടും ചാരുകസേരയിൽ വന്നിരുന്ന അപ്പന്റെ മടിത്തട്ട് അനുരാഗിനെ കൊതിപ്പിച്ചു. മടിക്കുത്തിൽ വച്ചിരിക്കുന്ന കനമുള്ള പൊതിയോട് ഭൂതകാല രുചിയും കൗതുകവും.പക്ഷേ
പുറത്തെടുത്ത പണക്കെട്ടിനോട് നിരാശ.അപ്പൻ കൈവരിയുടെ ചുവരിൽ തൊട്ടു.ഈ 'വീടിനൊരു നല്ല നിറം തേയ്ക്കണം...'കഴിഞ്ഞ ദിവസങ്ങളിൽ വന്ന അതിഥി വീട് നിറം തേയ്ക്കാനായയെന്ന അഭിപ്രായം പറഞ്ഞതും, വഴക്കുണ്ടായതും, വീടുവിട്ടുപോകാൻ തുടങ്ങിയതും മകന്റെ ചിന്തകളിൽ ഇഴഞ്ഞു നടക്കുന്നുണ്ടാകാമെന്ന് അപ്പൻ ചിന്തിച്ചു.അനുരാഗിന്റെ പോക്കറ്റിലേക്ക് ആ തുകയും തിരുകിയിട്ട് മുറിയിലേക്ക് നടക്കുന്ന അപ്പന്റ ചോദ്യത്തിന് ചിരിക്കാതിരിക്കാൻ കല്പന ഒരുപാട് ശ്രമിച്ചു.
      "നിന്റെ ഒരുടുപ്പ് വേണം, നാളെയെനിക്ക് ആശുപത്രിയിൽ പോകാനാണ്."അലമാരയിൽ നിറഞ്ഞിരുന്ന ഉടപ്പുകൾ സകലതും പരാതിയിട്ടും അപ്പനുള്ള ഉടുപ്പിലവർക്ക് തൃപ്തിവരുന്നില്ല.കല്പന, മഞ്ഞപ്പൂക്കളുള്ള ഏറ്റവും പുതിയ ഉടുപ്പെടുത്തു.'അതല്ല പെണ്ണേ ആ ചുവന്ന പൂക്കളുള്ളത് താ...' വാതിലിൽ കാത്തു നിന്ന അപ്പന്റെ വാക്കുകൾ രണ്ടാളെയും സമ്മതിപ്പിച്ചു.ചുവന്ന പൂക്കളുള്ള ഉടുപ്പ് മേശയിൽ വിരിച്ചിട്ട് തേപ്പുപെട്ടിയിൽ ചൂട് നോക്കുന്ന അപ്പനെ,അനുരാഗ് വാതിലിന്റെ വിടവിലൂടെ നോക്കി.അപ്പന്റെ നിറമില്ലാത്ത ഉടുപ്പുകളെ അനുരാഗ് ഓർത്തു,കരച്ചിലടക്കാൻ ശ്രമിക്കുമ്പോൾ കല്പന കെട്ടിപ്പിടിച്ചു.
     മുകളിലേക്കുള്ള പടികളുടെ ഇടനാഴിയിലിരുന്ന് മദ്യഗ്ളാസ് നിറയ്ക്കുന്ന അനുരാഗിന്റെ മുന്നിൽ രഹസ്യം കണ്ടെത്തിയ അപ്പന്റെ നില്പ്.അനുരാഗിന്റെ ചുണ്ടിലിരുന്ന സിഗരറ്റും ആ ഗ്ലാസ്സുമായി അപ്പൻ മുകളിലേക്ക് നടന്നു.മണിക്കൂറൊന്നായിട്ടും കൈവരിയിൽ വച്ചിരിക്കുന്ന മദ്യത്തിൽ ഒരല്പവും തീരുന്നില്ല.സിഗരറ്റ് കൈവരിയിലിരുന്ന് എരിഞ്ഞു തീർന്നു.അപ്പന്റെ ഒറ്റയാൻ നില്പിലേക്ക് കല്പനക്ക്  ചെല്ലാൻ തോന്നി.അയയിലെ ഉണങ്ങിയ തുണികൾ അവളെ കൈ നീട്ടി തടഞ്ഞു.' അപ്പനെന്താ പറ്റിയത്..'കല്പന ഓരോ തുണിയോടും കുടഞ്ഞു ചോദിച്ചു.അപ്പനിലെന്തോ ഒരു 'മണമ്മാറ്റ' മുണ്ടെന്നവരും പറയാൻ ശ്രമിച്ചു.ആകാശം പെട്ടെന്ന് ചുവന്നു തുടുക്കാൻ തുടങ്ങി.        
       'എന്റെ ചെറുക്കൻ പണ്ട് ആ നടനെപ്പോലെ മുടിനീട്ടി നടന്നതാണ്..'അപ്പന്റെ നീണ്ട വിരലിലൂടെ കല്പന മതിലിനപ്പുറത്തെ ചുവരിൽ ഒട്ടിച്ചുവച്ചിരുന്ന നടന്റെ മുഖത്തെ ചുവപ്പ് നോക്കി നിന്നു.
     'മേശയിൽ ആ സിനിമയുടെ ടിക്കറ്റിരിപ്പുണ്ട് പെണ്ണേ..' അപ്പന്റെ വാക്കിനെക്കാൾ വേഗത്തിൽ തുണികളുമായി പടികളിറങ്ങിപ്പോകുന്ന കല്പന അനുരാഗിന്റെ ഇരിപ്പിനെ ഒന്നുലച്ചു.ടിക്കറ്റും നീട്ടിപ്പിടിച്ചു നിൽക്കുന്ന കല്പനയുടെ വിടർന്ന മുഖത്ത് അപ്പൻ പറഞ്ഞിരിക്കാനിടയുള്ളവ അനുരാഗ് വായിച്ചു.മുറ്റത്ത് തനിക്കുപകരം ചെടികൾക്ക് നനയ്ക്കുന്ന അപ്പനെ ഒന്ന് നോക്കിയിട്ട് കല്പന കുളിമുറിയിലേക്ക് പോയി.ജമന്തിയുടെ വിത്തുകൾ ചെടിയുടെ ചുവട്ടിലേക്ക് വിതറി നിൽക്കുന്ന അനുരാഗിനെ അപ്പൻ രഹസ്യമായി അടുത്തേക്ക് വിളിച്ചു.' ഒറ്റക്കൊമ്പനാകാനാണോ ഭാവം...' അനുരാഗിന്റെ മുഖത്ത് നാണം.'സ്‌നേഹം പങ്കിടാൻ സമ്മതിക്കില്ലെ'ന്ന് ഉറക്കെ കരഞ്ഞുകൊണ്ട്  ഉണർന്നെണീറ്റു വന്ന കുട്ടി അവരെ 'എന്നെ വന്ന് എടുത്തോന്ന്' നോക്കി. 
     ചാരുകസേരയിൽ അത്രയും സുന്ദരമായി കിടക്കുന്ന അപ്പനെ അനുരാഗ് വളരെ കൊല്ലങ്ങൾക്ക് മുൻപാണ് കണ്ടിട്ടിട്ടുണ്ടാവുക.കുട്ടി തൊട്ടുവിളിച്ചിട്ടും പൂർത്തിയാകാത്ത ചിരിയുള്ള സ്വപ്നത്തിലുമായിരുന്നു അപ്പൻ.കസേരയുടെ കൈപ്പിടിയിൽ ആ വിരലുകൾക്ക് റേഡിയോയിലെ പാട്ടിന്റെ താളം.ഗേറ്റിന് പുറത്തേക്ക് ബൈക്കിനെ തള്ളിനീക്കി,ആദ്യ ചവിട്ടിൽ അതുണർന്നു.അപ്പൻ ഏറ്റവും ബഹളം കൂട്ടിയിരുന്നത് ബൈക്കിന്റെ പേരിലാണ്,ദേഷ്യം കൂട്ടാൻ അനുരാഗ് ഒന്നുരണ്ടു വട്ടമെങ്കിലും വേഗഞരമ്പിൽ പിരികേറ്റി ഒച്ചയുണ്ടാക്കുമായിരുന്നു.
    അപ്പൻ,നെറ്റിയിലേക്ക് വീണ മുടിയൊതുക്കിയതാണോ,തങ്ങളുടെ നേർക്ക് കൈ വീശിയതാണോ, തീയേറ്റർ വരെയും കല്പനയുടെ ചിന്ത അതായിരുന്നു.'മക്കളെ കടലുകാണാൻ പറഞ്ഞുവിട്ടിട്ട് ആത്മഹത്യ ചെയ്യുന്ന അപ്പന്റെ കഥ' സിനിമയിൽ കണ്ടതുമുതൽ അനുരാഗിന്റെ ആകുലതകൾ ആ വഴിക്കായി.തണുപ്പിലും വിയർക്കാൻ തുടങ്ങിയ ഭർത്താവിന്റെ കൈയിൽ കല്പനയുടെ പിടുത്തം. ഉറക്കത്തിലായിരുന്ന മകനെയും തോളിലിട്ടിറങ്ങിയ ദമ്പതികൾക്ക് ഇടവേളയ്ക്ക് ശേഷം നഷ്ടമായ തിരശീലയിലെ കഥയെക്കാൾ അപ്പന്റെ തിരക്കഥയിലേക്ക് കുതിക്കാനായിരുന്നു വേഗം.
      "അപ്പനിന്ന് ഒരു പ്രത്യേക മണമുണ്ടായിരുന്നു." "ഇഷ്ടം വരുമ്പോൾ മണക്കുന്നതാവാം" വീട്ടിലേക്കുള്ള വഴിയിൽ ആ ദമ്പതികൾ അത്രയേ മിണ്ടിയുള്ളൂ.
     അപ്പന്റെ മുറിയിലെ വെളിച്ചത്തിന്റെ സന്തോഷം പറമ്പിലേക്കും വ്യാപിക്കുന്നു.അപ്പനൊരിക്കലും ജനാലകൾ തുറന്നിടാറില്ല.ആ മുറിയിലെപ്പോഴും നല്ല ഇരുട്ടായിരിക്കും.ഓർമ്മകളിലെല്ലാം ഒരു ഗുഹയിൽ നിന്നും  ഇറങ്ങിവരുന്ന,കയറിപ്പോകുന്ന അപ്പൻ.അപ്പന്റെയും മുറിയുടെയും ഉള്ളുകണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.ആ മുറിയിൽ നിന്നാണ് വെളിച്ചത്തിന്റെ ഒരു കുതിച്ചൊഴുകൽ. വീട്ടിനുള്ളിലേക്ക് കയറാൻ മടിച്ച കല്പന,ഉറങ്ങുന്ന കുട്ടിയെ തോളിൽക്കിടത്തി മുറ്റത്ത് നിന്നു. ജനാലയുടെ സമീപത്തേക്ക്,താൻ പലതവണ ആഗ്രഹിച്ച 'അപ്പന്റെ മരണം' ഒളിഞ്ഞു നോക്കാനുള്ള അനുരാഗിന്റെ പൂച്ചനടപ്പ്.            
         കട്ടിലിന്റെ തലഭാഗത്തിരുന്ന റേഡിയോ നേർത്ത ശബ്ദത്തിൽ പാടുന്നുണ്ട്.അപ്പന്റെ ഉറക്കവും ചിരിയുള്ള മുഖവും കുറച്ചുനേരമങ്ങനെ നോക്കി നിൽക്കണമെന്ന് അനുരാഗിന് തോന്നി.ആ ചിരിയിൽ 'ഒളിനോട്ടക്കാരാ നിന്നെ ഞാൻ കണ്ടെന്ന' ഭാവം. 
      ചുവന്ന പൂക്കളുള്ള ഉടുപ്പിന് ചേർന്ന കസവുള്ള മുണ്ട് കസേരയിൽ മടക്കി വിരിച്ചിരിക്കുന്നു, ഒപ്പം ഏറ്റവും പുതിയ കൈലേസ്, താഴെയായി തുടച്ചു വൃത്തിയാക്കിയ ചെരുപ്പ്.മേശയിൽ പഴയ വാച്ച്. മുറിയിലാകെ ആ പൂവിന്റെ മണം.എന്നിട്ടും കുരുക്കിടാനുള്ള കയറോ മൂർച്ചയുള്ള ഒരു കത്തിയോ മുറിയിൽ കണ്ടെത്തുമെന്ന തോന്നൽ അനുരാഗിന്റെ ഉള്ളിലപ്പോഴും തീരാതെ നിന്നു.
       മുറി തുറന്ന് കുട്ടിയെ കിടത്തിയപ്പോഴുണ്ടായ അപ്പന്റെ ചുമകൾക്ക്.'സിനിമ പൂർത്തിയാക്കാതെ പോന്നോ പിള്ളേരേന്നുള്ള' വയസ്സൻ പരിഭവമായി രണ്ടാൾക്കും തോന്നി.കല്പന മേലുകഴുകി ഇറങ്ങിവന്നപ്പോഴുണ്ടായ ചുമയെ, തനിക്കുമാത്രമുള്ള രസികൻ ഓർമ്മപ്പെടുത്തലായി അനുരാഗും കേട്ടു.അവർക്കപ്പോൾ ഒന്നിച്ച് ചിരിക്കാൻ തോന്നി.അപ്പന്റെ റേഡിയോ അവരെയോർത്ത് അല്പം ഉറക്കെപ്പാടി.അവർ ഉറക്കെയുറക്കെ ചുംബിക്കാൻ തുടങ്ങി.ആ പൂവിന്റെ മണത്താൽ വീടിനപ്പോൾ ഭ്രാന്തുണരുന്നത്, ഉള്ളിലെന്നോ പതിയിരിക്കാൻ തുടങ്ങിയ ഒരു കള്ളൻ തിരിച്ചറിഞ്ഞു.
    എത്ര വിളിച്ചിട്ടും ഉണരാൻ മടിക്കുന്ന അപ്പൻ മരിച്ചുപോയെന്ന് സമ്മതിക്കാൻ അനുരാഗിന് കഴിഞ്ഞില്ല.കുളിപ്പിച്ചശേഷം ഒരുക്കി വച്ചിരുന്ന തുണികളെല്ലാമുടുപ്പിച്ച് അപ്പനെ ആമ്പുലൻസിൽ കിടത്തി. അനുരാഗിന്റെ മടിയിലിരുന്ന കുട്ടി, അപ്പന്റെ മുഖത്തും ഉമ്മറത്ത് തൂക്കിയിരുന്ന പട്ടത്തിന്റെ ഇളകുന്ന വാലിലേക്കും നോക്കി.അനുരാഗിന്റെ അണഞ്ഞ ഇരിപ്പുകണ്ട കല്പന, കൂടിനിന്നതിൽ ഒരാളെ വീടേല്പിച്ച് ആമ്പുലൻസിലേക്ക് കയറി.അവൾക്കപ്പോൾ അപ്പനെ പൂവു മണത്തു.കരഞ്ഞു വീഴാതിരിക്കാൻ അനുരാഗിനെ തന്റെ തോളിലേക്ക് ചായ്ച്ചുപിടിച്ചു.ആശുപത്രിയിലേക്കുള്ള വഴിയിൽ അപ്പനെ പതിവായി ഇറക്കിവിടുന്ന ഭാഗത്ത് വണ്ടിയെന്നു പതുങ്ങി.അപ്പന്റെ കാല് അനുരാഗിന്റെ തുടയിൽ തൊട്ടു.'എന്തേ ഇറക്കി വിടുന്നില്ലേ..'ന്നുള്ള ചോദ്യം ആ മുഖത്ത്.
       ആശുപത്രിയുടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ വാതിലിൽ പ്രതീക്ഷയോടെ നിന്നിരുന്ന ചുവന്ന സാരിയുടുത്ത ഒരു സ്ത്രീ ആമ്പുലൻസിന്റെ വരവും കണ്ടു.അതിൽ നിന്നിറങ്ങിയ അനുരാഗിന്റെ രൂപത്തെ അവർ കൗതുകത്തോടെ നോക്കി.അപ്പന്റെ ശരീരം പുറത്തേക്കിറക്കിയപ്പോൾ, ആ സ്ത്രീ തിടുക്കത്തിൽ അതിന്നടുത്തേക്ക് വന്നു.അനുരാഗ് ശവമഞ്ചത്തിന്റെ വേഗത കുറച്ചു.സ്ത്രീ വണ്ടിയിൽ തൊട്ടു.അത് നിന്നു.അവർ അപ്പന്റെ മുഖം കണ്ടു.
        ആ സ്ത്രീ അനുരാഗിന്റെ കൈയിൽ തൊട്ടു.അനുരാഗ് അവരോട്‌ ചിരിച്ചു.അവർക്കും അതേ പൂവിന്റെ മണമായിരുന്നു.അവർ അപ്പന്റെ ശരീരത്തിന് ഇടതുഭാഗം ചേർന്ന് ആ ചെറിയ കൂട്ടത്തെ അനുഗമിച്ചു.അജ്ഞാതമായ ആ പൂവിന്റെ മണമപ്പോൾ കല്പനയ്ക്കും ബോധ്യമായി...


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment