Tuesday 26 March 2024

പാർക്കർ

പാർക്കർ
   "അത് കരിനീല നിറമുള്ള ഒരു പാർക്കറ് പേനയായിരുന്നു."വീട് കുലുങ്ങുന്ന ഭാഷയിൽ എന്റെ അലർച്ച.മേശയിൽ വച്ചിരുന്നതെല്ലാം തട്ടിയെറിഞ്ഞു.കളിപ്പാട്ടത്തിൽ ചവിട്ടി എനിക്ക് നിലതെറ്റി,  വീഴാനാഞ്ഞു.അതെടുത്ത് ചുവരിലെറിഞ്ഞുപൊട്ടിച്ചു.ഇങ്ങനെയൊരു എന്നെ എനിക്കും  അവർക്കും ആദ്യമായാണ്.മകൻ ഭാര്യയുടെ പിന്നിലേക്ക് ഒളിക്കുന്നു.എന്റെ മുനയുള്ള നോട്ടം അവനെ പിടിക്കാൻ ചെന്നു. അവർ കിടപ്പുമുറിയിൽ കയറി വാതിലടച്ചു.
   ആ പേന എടുത്തത് മകൻ തന്നെയാണ്.അവനെ ഹിന്ദി പഠിപ്പിക്കുന്ന സാറിന്റെ പോക്കറ്റിൽ ഞാനത് കണ്ടിരുന്നു.സ്റ്റാഫ് മുറിയിലെ എന്റെ സമീപത്തെ മേശയിൽ,കുട്ടികൾ നൽകിയ അദ്ധ്യാപകദിന സമ്മാനങ്ങൾ നിരത്തി വച്ച് അയാളെന്നോട് ചിരിച്ചതുമാണ്.
   അലമാരയുടെ വലിപ്പിൽ കുഴിച്ചിട്ട പഴയ ഫയലുകളുടെ ഇടയിലുണ്ട് ആ പാർക്കറിന്റെ രഹസ്യം. പ്രീഡിഗ്രിക്കാലം മരവിപ്പിച്ചുവച്ച മങ്ങിയ ഗ്രൂപ്പ് ഫോട്ടോയിൽ എന്റെ ചിരിയുമുണ്ട്.
എന്റെ കൈകോർത്ത് നിൽക്കുന്ന നീലച്ചുരിദാറുകാരിയാണ് പാർക്കറിന്റെ ഉടമ.ഭൂമിയിലെ ഏറ്റവും ദുർബലനായ ഒരു കാമുകന് പ്രണയമുള്ളവളുടെ സമ്മാനം.
     അപ്പുറത്തെ മുറിയിൽ മകന്റെ വിതുമ്പലും പായാരവും ഭാര്യയുടെ ആശ്വാസ വാക്കുകളും.ഇല്ല, ഫോട്ടോയിലെ ഞങ്ങളെ ആരും കാണുന്നില്ല.ക്യാമ്പസിന്റെ ഒച്ച.ഇലകൊഴിയാൻ തുടങ്ങിയ വാഹമരങ്ങൾ,എനിക്ക് കൊഴിയാത്ത ഓർമ്മകൾ..
    എവിടേക്കോ പോകാൻ ഒരുങ്ങിയിരിക്കുന്ന മകൻ.ടിവിയുടെ ശബ്ദം താഴ്ത്തി വച്ചിരിക്കുന്നു.
അടച്ചിട്ട കിടപ്പുമുറിയിൽ ഭാര്യ ഒരുക്കത്തിലാവും.മകൻ എന്നെ നോക്കാൻ മടിക്കുന്നു.എനിക്ക്, ഞങ്ങളെ അവൻ കാണുമോയെന്ന ഭയമാണ്.ഗ്രൂപ്പ് ഫോട്ടോയിൽ അന്നും ഇന്നും എന്റെ വിയർത്ത കൈ.അന്നത്തേത് മുൻവരിയിൽ നിൽക്കുന്ന പെണ്ണ് മറച്ചുപിടിച്ചിട്ടുണ്ട്.എന്നാലും ഇപ്പോഴും ഞാൻ അതേ ഭീരുവായിരിക്കുന്നതെന്തിനാണ്?.
    ഒരു ഡിസംബറിൽ ക്യാംപസിന്റെ പടിക്കെട്ടിൽ വിടപറയലിന്റെ ഗ്രൂപ്പ് ഫോട്ടോക്ക് എല്ലാവരും ഒരുങ്ങി നിന്നു.ഞാൻ ലൈബ്രറിയിൽ ഒളിച്ചിരുന്നു.അന്നല്ല ഇന്നും ഗ്രൂപ്പ്‌ ഫോട്ടോയിൽ നിൽക്കാൻ എനിക്ക്‌ ഭയമുണ്ട്.
     "നമുക്ക് ഒന്നിച്ച് നിൽക്കണം, എനിക്കതെങ്കിലും കാണാല്ലോ"നീലച്ചുരിദാറുകാരി എന്റെ കവിള് കോരിയെടുത്ത് പറഞ്ഞ ആഗ്രഹവുമല്ല മാറി നിന്നതിന്റെ ശരിയായ കാരണം.
    വീട്ടിൽ കിണറുവെട്ടാൻ വന്ന പണിക്കാരുടെ ഒപ്പം കൈ പൊള്ളിയിട്ടും മണ്ണ് വലിക്കുന്ന സഹപാഠിയോട് അവൾക്ക് സഹതാപമുണ്ടായിരിക്കും.അത് നിറഞ്ഞതാവാം എന്നോടുള്ള പ്രണയം. കൂട്ടുകാരികളുടെ പിന്തിരിപ്പിക്കൽ ശ്രമം.ആണുങ്ങളുടെ കളിയാക്കൽ.'ഇല്ലെന്നും' 'ആവില്ലെന്നും' എത്ര ഒഴിഞ്ഞുമാറിയിട്ടും ആരുമില്ലാത്ത എന്നെ വീണ്ടും ചുറ്റിവരിയുന്ന അവളുടെ മഞ്ഞച്ചിരി. ഇതെന്തൊരു പ്രണയമെന്ന് പഠനത്തിലും മിടുക്കിയായ അവളെ അധ്യാപകർ സ്റ്റാഫ് മുറിയിൽ മാറ്റിനിർത്തി ചോദിക്കാൻ തുടങ്ങി.
     എട്ടാം പിരീഡിന്റെ അവസാന നിമിഷം ഇറങ്ങിയോടുന്ന എന്നെ കൂട്ടുകാർ 'പൊട്ടനെന്ന്' ഉറക്കെ വിളിച്ചിരുന്നു.അവരോടെല്ലാം അവൾ തർക്കിച്ചു.എറിയാൻ അറിയുന്നോർക്ക് വടി കിട്ടില്ലെന്ന് പറഞ്ഞവന്റെ നേർക്ക് അവൾ കാർക്കിച്ച് തുപ്പി.ഒന്നിച്ചിരുന്ന് കഴിച്ചു,നോട്ടുപുസ്തകത്തിലെ എന്റെ കുറവുകൾ പരിഹരിച്ചു.ഉടുപ്പ്,ചെരുപ്പ്,സിനിമ ഒന്നും എനിക്ക് കുറച്ചില്ല.
     പരീക്ഷാ ഫീസും മൈസൂർ യാത്രയുടെ തുകയും അവളടച്ചു.പരീക്ഷ ഞാൻ ഒന്നാന്തരമായി ജയിച്ചു.ടിപ്പുവിന്റെ കൊട്ടാരവും പൂന്തോട്ടവും കാണാൻ വിസമ്മതിച്ച് വണ്ടിയുടെ പിൻസീറ്റിൽ അവൾ ഒറ്റയ്ക്കിരുന്ന് കരഞ്ഞു.
    യാത്രയിൽ വാങ്ങിക്കൂട്ടിയ മധുരങ്ങൾ എന്നെ തീറ്റിച്ചു.അളവ് കൃത്യമായ നീലപൂക്കളുള്ള ഉടുപ്പ്. കമ്പിളി നൂലുള്ള തൊപ്പി,കറുത്ത കണ്ണാടി,എനിക്ക് കരുതിയിരുന്ന കുറച്ച് പണം.യാത്ര പോകാതെ അവളെ കരയിച്ച എന്റെ കാരണം അവളോ ഞാനോ ആരോടും പറഞ്ഞില്ല.കുറ്റപ്പെടുത്തിയവരോട് അവളും പിണങ്ങി.
    ലോഡ്ജ് മുറിയുടെ വാടക,'പൈസാ പൈസാന്ന്' മുറുമുറുപ്പുള്ള നീണ്ടവരി,എന്നെ തുറിച്ചുനോക്കി നിൽപ്പുള്ളവരെ അവൾക്കറിയാം.നാലുമണിക്ക് കോളേജിന്റെ ഗുൽമോഹർ മരങ്ങളുടെ തണലിൽ കൈകൊരുത്ത് നിൽക്കുന്ന കൂട്ടത്തിൽപ്പെടാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.എന്നാലും തിരിഞ്ഞു നോക്കി ഓടിമറയുന്ന എനിക്കവൾ ചിരിച്ച് കൈവീശും.
       തട്ടുകടയുടെ പിന്നിലെ പൊതു പൈപ്പിന്റെ ചുവട്ടിൽ വൈകിട്ടഞ്ചിന് ഞാൻ എച്ചിൽപ്പാത്രം കഴുകിത്തുടങ്ങണം.സെക്കന്റ് ഷോ കഴിഞ്ഞ് ആ നഗരം ഉറക്കംതൂങ്ങുമ്പോൾ എന്റെ വിരലുകൾ വെള്ളത്തിൽ വീണു ചത്തവന്റെ ഒപ്പമെത്തിയിട്ടുണ്ടാകും.അടുത്ത ദിവസവും ക്ളാസിലെ പോസ്റ്റുമോർട്ടം ഡെസ്കിൽ കമഴ്ത്തിക്കിടത്തുന്ന മരിച്ച വിരലുകളെ ഒട്ടും പരിഭവിക്കാതെ അവൾ എടുത്തോണ്ട് പോയി ജീവൻ വയ്പ്പിക്കും.
    കിടപ്പുമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം.ഞങ്ങളെയും ഗ്രൂപ്പ് ഫോട്ടോയും കറുത്ത ഫയലിന്റെ ഉള്ളിലേക്ക് ഒളിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
     'ഞങ്ങളും പോയിട്ട് വരാമെന്ന്'ഭാര്യയുടെ നോട്ടം.'എങ്ങോട്ടെന്ന്' ചോദിച്ചില്ല.എന്നാലും അറിയണമല്ലോ?.ഞാനെറിഞ്ഞു മുറിച്ച കളിപ്പാട്ടത്തിന്റെ ചോരച്ചുവപ്പുള്ള ഒരു കഷ്ണം കുട്ടിയുടെ കൈയിലുണ്ട്.പുതിയത് വാങ്ങാമെന്നു ഞാൻ പറഞ്ഞു.ശബ്ദം പുറത്ത് വന്നില്ല.എറിഞ്ഞു പൊട്ടിച്ചതിന് പുതിയത് പകരമാവില്ല.അല്ല,ഒന്നും ഒന്നിനും പകരമാവില്ല.അവന്റെ ചിരിയിൽ എനിക്ക് ബോധോദയം. 
    ഫയലിന്റെ പുറത്തുള്ള ഭാഗത്തെ ഗ്രൂപ്പ്‌ ഫോട്ടോയിലുള്ളവർ നിസ്സഹായതയും എന്റെ കുടുംബത്തെയും കണ്ടു.ഞാനും അവളും ഫയലിന്റെ ഉള്ളിലായിപ്പോയ കൂട്ടത്തിലാണ്. ഭാര്യയും മകനും കാറും ഞങ്ങൾക്കിനിയൊന്നും കാണണ്ട,നീയായി നിങ്ങളുടെ പാടായി' എന്നുള്ള പോക്ക്.
    ഞാൻ വരാന്തയിലെ കസേരയിൽ ചായയും ഗ്രൂപ്പ്‌ ഫോട്ടോയുമായി ചെന്നിരുന്നു.ഫോട്ടോയിൽ നിന്നും ആദ്യം അവളാണ് ഇറങ്ങി വന്നത്.മുറ്റത്തു നിന്ന കൂട്ടുകാരികൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്.ചിലർ എന്റെ വീടും പരിസരങ്ങളും നോക്കിക്കാണുന്നു.അവൾ എനിക്കരികിൽ കൈവരിയിലിരുന്നു.മാറ്റമില്ലാത്ത ചിരിയും പ്രണയവും എന്റെ കൈയെടുത്ത് മടിയിൽ വച്ചു. ദീർഘകാലം കഴിഞ്ഞുള്ള കൂടിക്കാഴ്ച.ആര് മിണ്ടാൻ തുടങ്ങണമെന്ന സംശയം ബാക്കി. അവളുതന്നെ തുടങ്ങി.
     *'ആ പേന നീ എന്തു ചെയ്തു,?'
      'ഏതു പേന?'
      ' ഞാൻ തന്ന കരിനീല നിറമുള്ള പാർക്കറ് പേന'
      'ഓ അതോ, അതെന്റെ മകൻ അവന്റെ ഹിന്ദി സാറിന് അദ്ധ്യാപക ദിനത്തിൽ സമ്മാനമായി കൊടുത്തു.'
      'എന്തേ ഇപ്പോഴിങ്ങനെ ചോദിക്കാൻ?'
      'ഓ, ഒന്നുമില്ല! അതെന്റെ ഹൃദയമായിരുന്നു.'
അവൾ നിരാശയോടെ ഫോട്ടോയിൽ തന്റെ സ്ഥാനത്ത് ചെന്നുനിന്നു.പിറുപിറുപ്പോടെ മറ്റുള്ളവരും വീട്ടിൽ നിന്നിറങ്ങിപ്പോയി ഫോട്ടോയ്ക്ക് ഒരുങ്ങിനിന്നു.കൂടുകാരികളിൽ മെലിഞ്ഞ ഒരുത്തി എന്റെ പനിനീർ പൂവിന്റെ ചട്ടി നിലത്ത് തള്ളിയിട്ടുപൊട്ടിച്ചു.
     കൈകോർത്തു നിന്ന എന്നെ കാണാനില്ല.ഞാനെവിടെ.? ക്യാമറയുമായി നിൽക്കുന്ന നീണ്ടമുടിക്കാരനും അദ്ധ്യാപകരും എന്നെ തിരയുന്നു.ചായയുടെ ഭാരം എടുത്തുമാറ്റി.ഫോട്ടോ ഭൂതകാലത്തിലേക്ക് മറിഞ്ഞുവീണു.
     കലാലയത്തിന്റെ ലൈബ്രറിയിൽ,മലയാളം കഥകളുടെ ഭാഗത്തെ ഇരുട്ടിൽ വിയർത്തൊലിച്ച്, ഒളിച്ചുനിൽക്കുന്ന ഞാൻ.
     'വെറുമൊരു ഗ്രൂപ്പ് ഫോട്ടോയിൽ നിൽക്കാൻ ഭയപ്പെടുന്ന പ്രീഡിഗ്രിക്കാരൻ ! നാണക്കേട്'.
*മണ്ടൻ മുത്തപ്പയും ആനവാരിരാമൻ നായരും ഒറ്റക്കണ്ണൻ പോക്കറും അവരുടെയെല്ലാം വാപ്പയായ ബഷീറിന്റെ ചുറ്റുംനിന്ന് എന്നെ കളിയാക്കിച്ചിരിക്കുന്നു.ബഷീർ വലിയ ധ്യാനത്തിലാണ്.
   വിളക്കുകൾ തെളിഞ്ഞു.അവൾ തിടുക്കപ്പെട്ട് എന്റെ മുന്നിൽ വന്നു.കളിയാക്കൽ സംഘത്തെ ആട്ടിയോടിച്ചു.ബഷീറിനോട് കയർത്തു സംസാരിച്ചു.ബഷീർ അവളുടെ ചെവിയിൽ എന്തോ രഹസ്യം പറയുന്നു.അവർക്ക് ചിരി.ഗ്രൂപ്പ് ഫോട്ടോയിൽ നിൽക്കാനുള്ള എന്റെ പേടിയുടെ കാരണമാണോ.?
     "വാടാ,"
     "ഇല്ല"
     "എന്നാൽ നിന്നെ ഞാൻ എടുത്തോണ്ട് പോകും"അവൾ തയാറായി നിന്നു.
ജനാലയിലൂടെ ഞങ്ങളെ എത്തിനോക്കുന്ന *സുഹ്‌റയോട് 'ഇങ്ങനെ വേണം ചൊണയുള്ള പ്രണയമെന്ന്' ബഷീർ വിളിച്ചുപറഞ്ഞു.അവളുടെ പിന്നാലെ തലകുനിച്ചു ഞാൻ നടന്നു.സുഹ്‌റ അതുകണ്ട് ചിരിച്ചു.
    ഞങ്ങളുടെ വരവുകണ്ട് സകലർക്കും ചിരി.ക്യാമറയുടെ പിന്നിൽ നിന്ന നീണ്ടമുടിക്കാരൻ സ്‌മൈൽ പ്ലീസ് പറഞ്ഞില്ല.അവളുടെ വിരലുകൾ എന്റെ തണുത്ത വിരലുകളെ കെട്ടിപ്പിടിച്ചു.എന്റെ തല ഉയർന്നു.ക്ലിക്ക്, കാലം നിശ്ചലമായി.ഫോട്ടോ ഞാൻ തിരിച്ചിട്ടു.
     മുപ്പത് രൂപയുള്ള ഗ്രൂപ്പ്ഫോട്ടോ.അവളാണ് എനിക്കുവേണ്ടിയും വാങ്ങിച്ചത്.ശിശിരത്തിൽ കൊഴിഞ്ഞു തുടങ്ങിയ വാഹമരത്തിന്റെ ചുവട്ടിൽ അവളെന്നെ ഒരുവട്ടം പിടിച്ചുനിർത്തി.ഫോട്ടോ ബുക്കിനുള്ളിൽ വച്ചു.കരിനീല പാർക്കർ എന്റെ പോക്കറ്റിലൂടെ ഹൃദയത്തിൽ കുത്തിത്തന്നു.
      'എല്ലാ പരീക്ഷയിലും ഒന്നാമനായി ജയിക്കണം' കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചിടിപ്പ് പേനയിലൂടെ അവൾ അളന്നിട്ടുണ്ടാകണം.
      "ഇന്ന് തട്ടുകടയില്ലേ ?"
      "ഉം"
      "എന്നാൽ പൊയ്ക്കോളൂ"കണ്ണ് നിറയാൻ തുടങ്ങിയ അവളിൽ നിന്നും ഞാൻ വേഗത്തിലോടി. 'തിരിച്ചുപോ തിരിച്ചു പോ'ഹൃദയത്തിലുരഞ്ഞ് പാർക്കർ നിർബന്ധിക്കുന്നു.ഞാൻ അതിന്റെ വായ പോക്കറ്റിൽ പൊത്തിപ്പിടിച്ചു.എന്നിട്ട് തുടയുടെ ഭാഗത്തെ കീശയിൽ ഞെരുക്കിവച്ചു.തീവണ്ടിപ്പാളം കടന്ന് നഗരത്തിന്റെ തിരക്കിലേക്ക് ഒളിച്ചുകളഞ്ഞു.
       ഇല്ല, അതിൽപ്പിന്നീട് അവളെന്നെ കണ്ടുപിടിച്ചിട്ടില്ല.ആ പേനകൊണ്ട് ഞാനൊന്നും എഴുതിയില്ല. എഴുതാതെ സൂക്ഷിക്കുന്ന പേനയ്ക്കുളളിൽ നിറയെ കഥകളുണ്ടാകും.ഫോട്ടോ തുറന്ന് അവളുടെ നേരെ നോക്കാൻ പിന്നെയും ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു.
   ലൈബ്രറിയിലെ പിൻചുവരിൽ ചാരിനിർത്തി അന്നു തന്നെ എന്റെ 'ഫോട്ടോഫോബിയ'അവൾ പുറത്തുചാടിച്ചു.കഥ കേട്ടുതീർന്ന് എന്നെ കെട്ടിപ്പിടിച്ചു.കവിളിൽ ഒരുമ്മയും തന്നു.ഓർമ്മയിൽ നിന്നൂറിയ ചിരിയും നാണവും മറയ്ക്കാൻ ചായക്കപ്പിനെ ഞാൻ ചുണ്ടിൽ ചേർത്തു.
     'നിനക്ക് പ്രണയം പറയാമായിരുന്നില്ലേ'ചായ വായ്ക്കുള്ളിൽ പൊള്ളലുണ്ടാക്കി.കപ്പിനുള്ളിൽ നിറഞ്ഞ അഹന്തയെ ഞാൻ പുറത്തേക്ക് ഒഴിച്ചുകളഞ്ഞു.'നിന്റെ പ്രണയം ശവപ്പെട്ടിക്കുള്ളിലാക്കി ഉള്ളിൽ കുഴിച്ചിട്ടോടാന്ന്'പറഞ്ഞ്, ചായ മുറ്റത്തെ മണ്ണിനടിയിലേക്ക് പതിയെ താണുപോയി.
     ഒഴിഞ്ഞ കപ്പിന്റെ വിളുമ്പിൽ വന്നിരുന്ന ഈച്ചയുടെ ഉരുണ്ട കണ്ണുകൾ.അവളോട് മാത്രം പറഞ്ഞ കഥ എന്താണെന്ന് ചോദിച്ചു.കപ്പിനുള്ളിൽ ഇറങ്ങി ഇത്തിരി ചായയുടെ മധുരം കുടിച്ചുവന്ന് ചുണ്ടുതുടച്ച് എന്നെ കേൾക്കാനിരുന്നു.
     'പറയാത്ത കഥയും ഒഴുകാത്ത പുഴയും നമ്മളെ മലിനമാക്കും'.ഈച്ച പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഞാൻ കൈ വീശി,അത് കൈവരിയിൽ അവളിരുന്ന അതേ ഭാഗത്ത് ചെന്നിരുന്നു.
    'പത്താം തരത്തിലെ ഗ്രൂപ്പ് ഫോട്ടോ നാളെയാണ്.ഫോട്ടോ ഒന്നിന് പതിനഞ്ച് രൂപ കൊണ്ടുവരണം'
മൂന്നാമത്തെ പിരീഡിൽ അമ്മിണിടീച്ചർ നോട്ടീസ് വായിച്ചു.ഞങ്ങള് മൂന്നും എഴുന്നേറ്റ് നിന്ന് ഉറക്കെ കൈയടിച്ചു.'ഒരു ഫോട്ടോയിലെന്തിരിക്കുന്നു' മറ്റുകുട്ടികളുടെ കളിയാക്കലും തുറിച്ചു നോട്ടവും.
പുറകിൽ കുമ്മായമടർന്ന ചുവരുനോക്കി മുട്ടുകുത്തി നിൽക്കാനുള്ള ശിക്ഷ അമ്മിണിയുടെ വക.
    സഭ നടത്തുന്ന അനാഥമന്ദിരത്തിലെ മൂന്ന് കുട്ടികൾ.ജീവിതത്തിലാദ്യമായി ഗ്രൂപ്പ് ഫോട്ടോയിൽ കയറിപ്പറ്റാൻ പോകുന്നവർ.പത്ത് തോറ്റ് ഏതെങ്കിലും ഒരു പണിപഠിച്ച് ബാക്കിയുള്ള‌ ജീവിതം പിടിക്കാൻ വേറെവേറെ സ്ഥാപനങ്ങളിലേക്ക് പിരിഞ്ഞുപോകേണ്ടവർ.അവർക്ക് ഓർമ്മകളെ ഇട്ടുവയ്ക്കാൻ ആകെയുള്ള മാന്ത്രിക കുടുക്കയാണ് ഗ്രൂപ്പ് ഫോട്ടോ.എട്ടിലും ഒൻപതിലുമിരുന്ന് പത്തിലെ കുട്ടികൾ ഫോട്ടോയിലാകുന്നത് ജനാലവഴി ആർത്തിയോടെ കണ്ടവർ,കാത്തിരുന്നവർ.     
     ആരുമില്ലാത്തവർ ഗ്രൂപ്പ് ഫോട്ടോയിലാകുന്നതിന്റെ ആഴം ആ ഇരുപത്തിയേഴ് പിള്ളേർക്കോ അമ്മിണിയോടോ പറഞ്ഞുമനസിലാക്കാൻ അവർക്കും കഴിയില്ലല്ലോ.അല്ലെങ്കിലും നമ്മളെ അർഹിക്കാത്തവരോട് എന്തിന് ഒരു കഥ പറയണം.
കുമ്മായം അടർന്ന ചുവരിൽ ഗ്രൂപ്പ് ഫോട്ടോ പിടിക്കുന്ന രംഗങ്ങൾ അവർ കാണാൻ തുടങ്ങി. 'സ്‌മൈൽ പ്ലീസ്'.അതിലെ ഞാൻ, അവർക്ക് സിഗ്നലും കൊടുത്തു.     
    അലക്കിയുണക്കിയ ഉടുപ്പിനെ മടക്കി പുതപ്പിനുള്ളിൽ തലയിണയാക്കി വച്ചു.ചുളിവുകൾ നിവർത്തുന്ന ചൂടൻ ഇസ്തിരിപ്പെട്ടിയെ ഞങ്ങള് സ്വപ്നം കണ്ടു.അലക്കുസോപ്പിന് ക്ഷാമമുള്ള മന്ദിരത്തിൽ ഇസ്തിരിയിടേണ്ടതില്ലല്ലോ.ഉറക്കം വന്നില്ല.ക്യാമറയുടെ മിന്നലേറ്റ് ശീലമില്ലാത്ത ഞങ്ങൾ കണ്ണടച്ചാലോ.?ഉറങ്ങാതിരിക്കാൻ ഞങ്ങൾ കാരണമുണ്ടാക്കി.
     പതിനഞ്ച് രൂപയുടെ ഫോട്ടോ വാങ്ങിക്കാനുള്ള ഒരു തീരുമാനവും ഞങ്ങൾക്കുണ്ട്.ഇരുപതും, ഇരുപത്തിയഞ്ചും,അമ്പതും,ഒന്നും.കൂട്ടിവച്ച നാണയങ്ങളെ പലവട്ടം ഗുണിച്ചു.കൃത്യം പതിനഞ്ച്.ആ കോപ്പി ഞങ്ങളിൽ ആർക്കാണ് കിട്ടുക.അതെല്ലാം പിന്നീട് തീരുമാനിക്കും.ആദ്യം ഞങ്ങൾക്ക് അടുത്തടുത്ത് തന്നെ നിൽക്കണം.പറ്റിയാൽ തോളിൽ കൈയിടണം.ചിരിക്കണം.കണ്ണടയ്ക്കരുത്.
   കുളിക്കാൻ പോകും മുമ്പ് കിനാവിൽ ഇസ്‌തിരിയിട്ട ചന്ദനനിറമുള്ള ഉടുപ്പുകൾ കട്ടിലിൽ നിരത്തി വച്ചു.ചുവരിലെ പൊതു കണ്ണാടിയിൽ ഞങ്ങൾ നിന്നുനോക്കി.നടുവിൽ പൊക്കം കുറഞ്ഞ ഞാൻ, ഇരുവശത്തും പൊക്കമുള്ള അവർ.ഒരമ്മപെറ്റ അനാഥർ.കണ്ണാടി ഞങ്ങളോട് ചിരിച്ചു.
    ലൈഫ് ബോയ് സോപ്പിനെ എട്ടായി മുറിച്ചത് മൂന്നാളും തേച്ച് തീർത്തു.ചകിരി ഉരച്ച് തൊലി വെളുപ്പിക്കാൻ ശ്രമിച്ചു.വരിനിന്ന് വാങ്ങിയ പൗഡർ മൂന്നാളും കണക്ക് ബുക്കിലെ പേപ്പറിനുള്ളിൽ തട്ടിവച്ചു.ഫോട്ടോയ്ക്ക് മുൻപുള്ള ആ ഫൈനൽ ടച്ചപ്പിന്.
   പത്ത് എ ഇംഗ്ലീഷ് മീഡിയം,പഠിച്ചു കൊഴുത്തപിള്ളേര്.പത്ത് ബി,സുജനപാലൻ സാറിന്റെ പാതി പഠിച്ച പിള്ളേര്.പത്ത് സി അമ്മിണി ടീച്ചറിന്റെ തോൽക്കാനും എന്തിനും പാകത്തിനുള്ള ഞങ്ങള്. അതാണ് ക്രമം.മുന്നിലിട്ട എട്ടു 'തടിയൻ' കസേരകളിൽ അദ്ധ്യാപകർ.അവരുടെ ഒരു വശത്ത് ക്ലാസ് ലീഡർ ആണും മറുവശത്ത് ലീഡറുപെണ്ണും.പുറകിലെ വരിയിൽ മുടി രണ്ട് കൊമ്പായി കെട്ടിയിട്ട പെണ്ണുങ്ങൾ.
     അതിന് പിന്നിലെ ബെഞ്ചിന്റെ മുകളിൽ പകുതി ആണും പകുതി പെണ്ണും.പിന്നിലിട്ട ഡെസ്കിൽ  ആണുങ്ങൾ.സുജനപാലന്റെ ചൂരൽ, ഒറ്റച്ചൂണ്ടലിൽ ക്രമീകരണമെല്ലാം പക്ക.ഒരാളും അനങ്ങില്ല. സ്‌മൈൽ പ്ലീസ് പറയാതെ ചിരിക്കില്ല, ക്ലിക്ക്.പത്ത് ഫസ്റ്റ് ക്ലാസോടെ ഫ്രയിമിട്ട് മുന്നിൽ.
   പത്ത് ഏയും ബിയും ക്ലിക്ക്.ക്യാമറയിൽ പതിഞ്ഞ ചിരി ക്ലാസിലേക്ക് വരിവച്ച് നടക്കുന്നവരിൽ വറ്റിയിട്ടില്ല.ഞങ്ങൾ പരസ്പരം നെഞ്ചിൽ തൊട്ടുനോക്കി.വേഗം കൂടുന്നുണ്ട്.കാത്തിരുന്ന നിമിഷം.
പത്ത് സിയുടെ വാതിലിൽ സുജനപാലന്റെ ചൂരൽ ആടിയാടി വന്നു.അമ്മിണിക്ക് 'എനിക്കൊന്നിനും വയ്യെന്നുള്ള' ശോകഭാവം.'ഞാനുള്ളപ്പോൾ നീ ഒട്ടും നോവില്ലമ്മിണിന്ന്' സുജനപാലന്റെ മീശയിൽ വീരഭാവം.
   വരിതെറ്റിച്ച് കൈകോർത്ത് ഞങ്ങൾ നടന്നു.അമ്മിണി ടീച്ചറിന്റെ മുട്ടോളം നീണ്ട മുടിയിൽ ബാഗിനുള്ളിലെ ചീർപ്പ്.നെറ്റിയിൽ വട്ടപ്പൊട്ടിന്റെ ചുവപ്പ്.'എന്റെ ദേവീന്നുള്ള' സുജനപാലന്റെ ആ നില്പ്.ഞങ്ങള് മൂന്നും മുഖംപൊത്തി ചിരിച്ചു.ചൂരൽ എന്റെ വലതു ചന്തിയിൽ 'വരിയിൽ കേറെടാന്ന് മുരണ്ടു'.കോർത്ത കൈവിട്ട ഞങ്ങൾ വരിയിൽ കയറിനിന്നു.
     പേപ്പറിൽ മടക്കി വച്ചിരുന്ന പൗഡറിൽ ഞങ്ങളുടെ ഫൈനൽ ടച്ചപ്പ്.എന്റെ കവിളിലെ പൗഡർ അവൻ തുടച്ചു.അവന്റെ തലയിൽ എണീറ്റുനിന്ന മുടി ഞാൻ ഒതുക്കി.മറ്റവൻ ബാക്കി പൗഡറിൽ ഒരു കുറിതൊട്ടു.അവൻ ഹിന്ദുവാണ്,ഹിന്ദുക്കൾ പൊട്ടുതൊടും.എന്നാൽ ഞങ്ങളും ഹിന്ദുക്കളായി.
ഒരേ നിറമുള്ള സ്റ്റിക്ക് ഈസി പേന പോക്കറ്റിൽ കുത്തിവച്ചു.
   രണ്ടാമത്തെ വരിയിലെ ബെഞ്ചിൽ ഞങ്ങള് നെഞ്ചുവിരിച്ചു നിന്നു.തോളിൽ കൈയിട്ടു.ചിരിച്ചു. കണ്ണടയ്ക്കില്ലെന്ന് ഉറപ്പിച്ചു.ക്യാമറയുടെ മുന്നിൽ ചിന്തിച്ചു നിൽക്കുന്ന സുജനപാലന് തൃപ്തിയില്ല. മാറ്റങ്ങൾ വരാം.അമ്മിണിയുടെ വലതു വശത്ത് ഒഴിച്ചിട്ട കസേര ആർക്കെന്ന് ഞങ്ങൾക്കറിയാം. 'ഞാനാണ് ഇതെല്ലാം ചെയ്തതെന്ന്' അമ്മണിയെ കാണിക്കാനുള്ള പോസ്.ചൂരലിന്റെ ചൂണ്ടല് ഞങ്ങളുടെ നേർക്ക് വരുന്നു.തോളിലിട്ട ഞങ്ങളുടെ കൈയഴിഞ്ഞു.മൂന്ന് ചിരികൾ വലിയ മൈതാനത്തിലൂടെ ഇറങ്ങിയോടി.    
   "നിങ്ങള് മൂന്നും ഇറങ്ങി വാ"മുപ്പതിൽ ഞങ്ങളെ കുറച്ച്, ഇരുപത്തിയേഴേ ഗുണം രണ്ട് കണ്ണുകൾ മാറ്റിനിർത്തിയ ഭാഗത്തേക്ക് വന്നു.ചൂരൽ ചൂണ്ടിക്കാട്ടുന്നു.ഡെസ്കിലെ വരിയിൽ ആണുങ്ങളുടെ രണ്ടറ്റങ്ങളിൽ പൊക്കമുള്ളവർ നിന്നു.കിനാവിലെ ഇസ്തിരി ചുളുക്ക് മാറ്റിയ എന്റെ ഉടുപ്പിന്റെ കോളറിൽ സുജനപാലന്റെ പിടി.ഞാൻ വരുന്നില്ലെന്ന് നിലത്ത് വീണ സ്റ്റിക്ക് ഈസിപ്പേന.അയാളുടെ വിരലിൽ കിടക്കുന്ന സ്വർണമോതിരം തിളങ്ങുന്നു,കളിയാക്കുന്നു.ആ പിടിക്കൊപ്പം ഞാൻ നടന്നു.
    രണ്ടറ്റങ്ങളിൽ നിന്ന് അവരുടെ കണ്ണുകൾ പിടിവിടെന്ന് എനിക്കുവേണ്ടി വാദിക്കുന്നുണ്ടാവും. വിയർപ്പിൽ എന്റെ കുറി മാഞ്ഞു.അവരും വിയർത്തുകാണും.എനിക്കവരെ നോക്കാൻ കഴിയുന്നില്ല. സുജനപാലൻ എന്നെയും വലിച്ച് അമ്മിണിയുടെ മുന്നിലൂടെ പിന്നെയും നടന്നു. 
   "ഇതിനെ ഞാൻ എവിടെ നിർത്തും അമ്മിണി.?"അമ്മിണിയുടെ മുഖത്തിന് നാണവും പ്രേമവും.
ഗ്രൂപ്പ് ഫോട്ടോയിലാവാൻ കാത്തു നിൽക്കുന്നവരും ചിരിക്കുന്നു.ഇത്,ഇതിന്റെ,ഇതിനെ,ഇതിനോട് പേരുള്ളതെല്ലാം നാമം,നാമമില്ലാത്തത് ക്ളീബം.മലയാളം സാറിനെ ഞാൻ കണ്ടു.നാമമില്ലാത്ത ജീവനില്ലാത്തതെന്ന് പഠിപ്പിച്ച അയാളും ആ ചിരിയോട് പറ്റിച്ചേർന്നിരിക്കുന്നു.വിനയച്ചം.ഞാൻ ചത്തതുപോലെയായി.
    'നല്ല വെളിച്ചം കിട്ടുന്ന ഭാഗത്ത് നിർത്തിക്കോ','ഒന്ന് ചിരിച്ചോണേ,എന്നാലേ പല്ലെങ്കിലും കിട്ടു.' ആ
'തടിയൻ' കസേരകളിൽ മനുഷ്യന്മാരില്ല സാറന്മാരേയുള്ളൂ.
     രണ്ടാമത്തെ വരിയിൽ ബെഞ്ചിന് താഴെ ഒരിടം പുതുക്കിത്തന്ന് സുജനപാലൻ അമ്മിണിയുടെ അരികിലേക്ക് പോയി.ബെഞ്ചിന് മുകളിൽ നിൽക്കുന്ന കുട്ടി മുഖം താഴ്ത്തി എന്നെ നോക്കി.മുന്നിൽ നിന്ന ലീഡറുപെണ്ണും തിരിഞ്ഞു നോക്കി.ഡെസ്കിലെ കുറിയിട്ടവൻ തലകുനിച്ചുനിൽക്കുന്നു. മറ്റവനെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല.ഉടുപ്പിലെ ചുളിവുകൾ ഞാൻ നിവർത്തിനോക്കി.
   ചിരി വരുന്നില്ല.ക്യാമറയുടെ പിന്നിൽ നിന്ന് ആ കൈ ഉയരുന്നു.ഞാൻ ചുണ്ടുകളനക്കാൻ ശ്രമിച്ചു. ഇല്ല,അനങ്ങുന്നില്ല അതൊരു കരച്ചിലിനെ അമർത്തി വച്ചിരിക്കുകയാണ്.മൂക്കിലൂടെ അതിന്റെ ലാവ പൊട്ടിവരുന്നുണ്ട്, മുഖവും ഉയരുന്നില്ല.
   സ്‌മൈൽ പ്ലീസ്, ക്യാമറയിൽ കൂട്ടച്ചിരിതട്ടി.മിന്നൽ.ഞാൻ കണ്ണടച്ചു, ബെഞ്ചിൽ നിന്ന കുട്ടിയുടെ പിന്നിലേക്ക് മറഞ്ഞു.ലാവ വിതുമ്പലിനൊപ്പം നിലത്തേക്ക് വീണു.
   ആ ഫോട്ടോ എനിക്കും വേണ്ട, ഞങ്ങളത് വാങ്ങില്ല.മൂവഞ്ചുപതിനഞ്ച്.ആ തുകയ്ക്ക്  ബംമ്പിളി നാരങ്ങയും പുളിമുട്ടായിയും വാങ്ങി.മുമ്മൂന്ന് വീതം പങ്കിട്ടു.ആറാമത്തെ പിരീഡിൽ സുജനപാലൻ കാപ്പിരികളുടെ ചരിത്രം പഠിപ്പിക്കുമ്പോൾ അത് തിന്നു.ഫോട്ടോ വീണുമരിച്ച മുറ്റത്തും ഞങ്ങളുടെ അതേ ശൂന്യത.
   "നിങ്ങൾക്ക് ഗ്രൂപ്പ് ഫോട്ടോ വേണോ"പട്ടികയുണ്ടാക്കാനുള്ള കടലാസുമായി വന്ന ലീഡറുപെണ്ണിനെ ഞങ്ങള് കളിയാക്കി വിട്ടു.മുറ്റത്തെ ശൂന്യത മുറിച്ച് അമ്മിണി പൈസ പിരിക്കാൻ നടന്നു വരുന്നു. സുജനപാലന്റെ കണ്ണുകളിൽ കാപ്പിരി ചരിത്രം അമ്മിണിയുടെ കൊലുസിന്റെ താളത്തിലാണ് പഠിപ്പിക്കുന്നത്.
    വികൃതിയിൽ ഗവേഷണം ചെയ്‌ത ഏതോ കുട്ടികൾ ആ വഴിയിൽ ഒരു കുഞ്ഞുകുഴിയുണ്ടാക്കി, പുറത്ത് ഒരു പേപ്പറും അതിന് മുകളിൽ ഇത്തിരി മണലും വിരിച്ചിരുന്നു.അമ്മിണിയുടെ വലതുകാൽ കുടുങ്ങി,കരച്ചിലോടെ വീഴ്ച.ചരിത്ര പുസ്തകം വലിച്ചെറിഞ്ഞ് ഓടുന്ന സുജനപാലൻ.ചുറ്റും ചിതറി നിൽക്കുന്ന പത്ത് സി.വാതിലോളം മാത്രം ചെല്ലാനായ ഞങ്ങൾ അവസാന പുളിമുട്ടായിയും തിന്നു.
    മേശപ്പുറത്ത് സുജനപാലന്റെ ചൂരലും കണ്ണാടിയും സ്വർണത്തൊപ്പിയിട്ട പാർക്കറും.കഴിഞ്ഞ ക്ളാസിൽ,മിടുക്കനായ ഒരു കുട്ടിയുടെ സംശയത്തിന് ആ പേനയുടെ ചരിത്രവും കുലീനതയും സുജനപാലൻ വിവരിച്ചതാണ്.'രൂപാ മുന്നൂറാ മുന്നൂറ്'നാലോ അഞ്ചോ തവണ തുക ആവർത്തിച്ചു. ഞങ്ങൾ സ്റ്റിക്ക് ഈസിപ്പേന ഡെസ്കിലമർത്തി കള്ളമെന്ന് ടിക് ടിക് ശബ്ദമുണ്ടാക്കി.
    അമ്മിണിയെ കോരിയെടുത്ത സുജനപാലന്റെ നടപ്പിന് മൂന്നൊമ്പത് ഇരുപത്തിയേഴ് കുട്ടികളും അകമ്പടി.ഞാൻ പാർക്കർ കൈവശമാക്കി.മതിലിന്റെ അപ്പുറത്ത് സ്കൂളിന്റെ രക്ഷാധികാരിയായ പള്ളി,അതിന് പിന്നിൽ കർത്താവിൽ നിദ്രപ്രാപിച്ചവരുടെ മാർബിൾ കിടപ്പാടം.
    പള്ളിയുടെ മുകളിലൂടെ ആ ശവപ്പറമ്പിലേക്ക് എന്റെ ഊക്കനേറിൽ ചിറകു മുളച്ച പാർക്കറിന്റെ പറക്കൽ.മാർബിളിൽ തട്ടി കരച്ചിൽ.കണ്ടുനിന്ന പൊക്കമുള്ളവരുടെ ഭയം.'എടാ കള്ളാ കുള്ളാ നീയത് ചെയ്തല്ലേ?' രഹസ്യ അഭിനന്ദനങ്ങൾ.
   അകമ്പടിപോയ കുട്ടികൾ അമ്മിണിയുടെ കാലിന്റെ കുഴതിരിഞ്ഞെന്നും ഒടിഞ്ഞെന്നും ദുഃഖിക്കുന്നു.ഒടിഞ്ഞിട്ടുണ്ടാകുമെന്ന് ഞങ്ങളും വാദിച്ചു.കണ്ണാടിയും ചൂരലും ചരിത്ര പുസ്തകവും കഴിഞ്ഞ് സുജനപാലന്റെ തിരച്ചിൽ പാർക്കറിനാണെന്ന് ഞങ്ങൾക്കറിയാം.മുപ്പത് പേരും എഴുന്നേറ്റ് നിന്നു.മുപ്പത് ബാഗും തുറന്നു കാണിച്ചു.ശവപ്പറമ്പിൽ അന്ത്യവിശ്രമംകൊള്ളുന്ന പാർക്കറിന്റെ ആത്മാവിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചു.      
   എന്നിട്ടെന്തുണ്ടായി? ഈച്ച മൂക്കിന്റെ തുമ്പത്ത് വന്നിരുന്ന് ആകാംക്ഷയോടെ ചോദിച്ചു.എനിക്കത്‌ എത്രയുംവേഗം പറഞ്ഞുതീർത്താൽ മതിയെന്നായി.
   അവര് പത്തിൽ തോറ്റു.ഞാൻ എങ്ങനെയാണ് ജയിച്ചതെന്നറിയില്ല.ഇല്ല! പിന്നെ ഞങ്ങള് തമ്മിൽ കണ്ടിട്ടേയില്ല.ആ സ്‌കൂളിന്റെ മുന്നിലൂടെ രണ്ട് മൂന്നു തവണ പോയിട്ടും അതിന്റെ വെളുപ്പിലേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല.
     ചായക്കപ്പിന്റെ മുകളിൽ മൂന്ന് ഈച്ചകൾ.ഗ്രൂപ്പ് ഫോട്ടോയിലെ അവളുടെ മുഖത്ത് തൃപ്തിയുള്ള ചിരി.മുന്നിൽ നിൽക്കുന്ന പെണ്ണ് ഞങ്ങൾ കൊരുത്തകൈകളെ സുരക്ഷിതമായി മറച്ചുപിടിച്ചിട്ടുണ്ട്. സ്‌മൈൽ പ്ലീസ്, ക്യാമറാമാന്റെ വിളി.എനിക്കും ചിരിക്കാൻ കഴിഞ്ഞു.
      കാറിന്റെ വരവ്.വീടിന്റെ മുറ്റത്ത് വെളിച്ചത്തിന്റെ പെയ്ത്ത്.ഇത്ര പെട്ടെന്ന് ഭൂമിയും കറുത്തോ.
ഞാൻ വീട്ടിലെ ലൈറ്റുകൾ തെളിയിച്ചു.കയറിവന്ന മകന്റെ കൈ നിറയെ മധുരങ്ങളും കളിപ്പാട്ടവും.
മാറിനിന്ന് ഞാൻ അവനെ നോക്കി.കാറിന്റെ താക്കോൽ തൂക്കിയിടുന്ന ഭാര്യയുടെ മുഖത്തെ നുണക്കുഴിയിൽ എന്തോ ഒളിപ്പിക്കാനുള്ള ശ്രമം.
       "ഇതുവരെ ഉടുപ്പുപോലും മാറിയില്ലേ?"ഞാൻ തിടുക്കത്തിൽ ഉടുപ്പിന്റെ കുടുക്കുകൾ അഴിക്കാൻ തുടങ്ങി.അവൾ ബാഗിനുള്ളിൽ നിന്നും പുതിയ ഒരു പാർക്കർ പേനയുടെ കവർ അഴിച്ചു.
        "എന്തിനാണ് എനിക്കിപ്പോൾ ഒരു പേന?"
        "എന്റെ കരിമാ.."ഭാര്യ എന്നിൽ ചേർന്നുനിന്നു.കരിനീല നിറമുള്ള ഒരു പാർക്കർ ഉടുപ്പിന്റെ കീശയിലൂടെ ഹൃദയത്തിൽ കൊരുത്തുവച്ചു.
        "ഇതങ്ങനെ വെറുമൊരു പേനയല്ലല്ലോ.നിന്റെ ഹൃദയമളക്കാൻ ഞാൻ കണ്ടുപിടിച്ച യന്ത്രമാണ്."
        "ഇതാണോ കോളേജ് കാലം"ഞാനൊന്നും പറയേണ്ടി വന്നില്ല.മേശയിലിരുന്ന ഗ്രൂപ്പ് ഫോട്ടോയുമായി അവൾ മകന്റെ അടുത്തേക്ക് പോയി.തട്ടിയെറിഞ്ഞതെല്ലാം ഞാൻ അടുക്കി വയ്ക്കാൻ തുടങ്ങി. 
     "അപ്പയെ നോക്കട്ട്, അപ്പയെ കാണിച്ചുതാ "മകന്റെ ശബ്ദം.അവർ ഫോട്ടോയിൽ എന്നെ തിരയാൻ തുടങ്ങി."ഇതമ്മയാണോ?."മകന്റെ വിരൽ, ഫോട്ടോയിൽ എന്റെ അടുത്തുള്ളവളെ തൊട്ടു നോക്കുന്നുണ്ടാവും.നെഞ്ചിലെനിക്ക് പാർക്കറിന്റെ തണുപ്പ് പതിയെ പടരുന്നുണ്ടായിരുന്നു.




        *വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളോടും നോവൽ ഭാഗത്തിനോടും കടപ്പാട് 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636  

        
     
       

No comments:

Post a Comment