Tuesday 26 March 2024

ആമുഖക്കുറിപ്പ്‌ മാളം

പ്രിയപ്പെട്ട മനുഷ്യരെ,
     ജീവിതത്തോടും അതിനോട് ഒട്ടിനിൽക്കുന്ന കഥയോടും എനിക്ക് ആർത്തികൂടുകയാണ്.ഇന്ന് ആരാണ് എന്റെ കഥ വായിച്ച് എന്നെ കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുക എന്ന ചിന്തയേ എനിക്കിപ്പോഴുള്ളൂ.ആരുമില്ലെന്ന് ചിന്തിച്ച് ഇരുമ്പൻ കട്ടിലിൽ അനാഥകുട്ടികളോടൊപ്പം നിരന്നു കിടന്ന ആ കരിമൻ ചെറുക്കനെ ഞാനിപ്പോൾ മെല്ലെ മറക്കാൻ ശീലിച്ചിരിക്കുന്നു.
     കഥയെഴുതതെ അലസനായിരിക്കുമ്പോൾ മാത്രം ആ ഭൂതകാലം വന്നെന്നെ പൊതിയുന്നുള്ളൂ.
ആരെങ്കിലും കഥയുടെ പേരിൽ ഒന്ന് വിളിച്ചാലോ ഒരു കുഞ്ഞൻ കുറിപ്പെഴുതിയാലോ ആ മനുഷ്യനെ കൈവിട്ടു പോകാതിരിക്കാൻ കഥയിലെന്തെല്ലാം പുതുമയുണ്ടാക്കാം അയാളെയെന്റെ നിത്യമായ ഓർമ്മയിലേക്ക് ഒട്ടിച്ചുവയ്ക്കാം എന്നുള്ള ചിന്തയാണ് എന്നെ ഏറ്റവും ഭരിക്കുന്നത്. മതി എനിക്കത് മതി കഥ വായിച്ച മനുഷ്യർ എന്നെയും അവരെ ഞാനും വഹിച്ചുകൊണ്ട് ഇങ്ങനെ യാത്ര തുടരട്ടെ.
       നിർത്തരുത്, ഭൂമിയുടെ ഏതോ ഒരു കോണിൽ നിന്നെയും നിന്റെ കഥയും കാത്ത് ഒരാളിരുപ്പുണ്ട് അയാൾക്ക് വേണ്ടി ആ മനുഷ്യന്റെ ജീവനുവേണ്ടി മടുപ്പ് കൂടാതെ നീ കഥയുണ്ടാക്കുക.ഒരിക്കലും കാണാനിടായില്ലാത്ത നിങ്ങൾക്ക് തമ്മിൽ അക്കരെ ഇക്കരെയുള്ള നമ്മൾക്ക് തമ്മിൽ കാണാനുള്ള പാലം നിർമ്മിക്കുകയാണ് മാളം എന്ന സമഹാരവും.
      എഴുതുന്നതെല്ലാം നിങ്ങളിലേക്ക് എനിക്കെത്ര ഉറക്കെ വിളിച്ചാലും എത്തിക്കാൻ കഴിയില്ല.അതിന് എന്നെ ഏറ്റവും സഹായിക്കുന്ന ചിലതുണ്ട്.മാധ്യമം ഭാഷാപോഷിണി ഗ്രന്ഥാലോകം ദേശാഭിമാനി ചന്ദ്രിക ട്രൂ കോപ്പി എന്നിങ്ങനെ അവരുടെ താളുകളിൽ ഏറ്റവും സ്നേഹത്തോടെ ചേർത്തു നിർത്തുന്ന എഡിറ്റർമാർ.കഥയ്ക്ക് നിറം കൊടുക്കുന്നവർ.അതെല്ലാം പുസ്തകമാക്കാൻ എപ്പോഴും ചേർത്തു പിടിക്കുന്ന ഡി.സി ബുക്സ്.പുസ്തകത്തിന് കവറൊറുക്കാൻ രാത്രികൾ എനിക്കുതന്ന സലീം റഹ്മാൻ,പഠനം തയാറാക്കിയ ഡോ നിബുലാൽ വെട്ടൂർ
     കഥയെന്തായീന്ന് നിരന്തരം ചോദിക്കുന്ന എന്റെ പ്രിയപ്പെട്ട പങ്കാളി ബിബിഹ അതിലെ കരടുകൾ ഭൂതക്കണ്ണാടി നോക്കി കണ്ടു പിടിക്കുന്ന കൂട്ടുകാരി വിനി,എഴുതിയത് ഒറ്റവിളിയിൽ കരച്ചിലിൽ അല്ലെങ്കിൽ ഓടിമറിഞ്ഞു വീണ് ബ്രെക്കെടുപ്പിക്കുന്ന മക്കൾ..
       നോക്കൂ, എന്റെ ആർത്തി എന്നെ എത്രമാത്രം മനുഷ്യരിലേക്കാണ് ഒട്ടിച്ചു വച്ചതെന്ന്. ജീവിച്ചിരിക്കാനുള്ള എന്റെ ആർത്തിയെ ഞാൻ പ്രണയിക്കുന്നു.നിങ്ങൾ വന്നെന്നെ കെട്ടിപ്പിടിക്കുന്നത് കിനാവ് കാണുന്നു.അതിനാൽ ഞാൻ നിനക്ക് നീട്ടുന്ന  പ്രണയലേഖനമാണ് ഈ മാളവും.

കെ എസ് രതീഷ്
22.02.2024
തിരുവനന്തപുരം
        

No comments:

Post a Comment